karnataka

ബാംഗ്ലൂർ: തന്ത്രങ്ങളുടെയും കൗശല വിദ്യകളുടെയും ഒളിയമ്പുകൾ പരസ്‌പരം മാറി മാറി പ്രയോഗിക്കപ്പെടുന്ന പോർക്കളമാണ് കർണാടക രാഷ്ട്രീയം. ആരെ എപ്പോൾ വേണമെങ്കിലും താഴെയിറക്കാനുള്ള സഖ്യങ്ങളുടേയും അടവുകളുടേയും പരീക്ഷണശാല. കഴിഞ്ഞവർഷം അത്തരം ചുഴിയിൽ അകപ്പെട്ടുപോയ ബി.ജെ.പി തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. ഒറ്റ ലക്ഷ്യം - കുമാരസ്വാമി മന്ത്രിസഭയെ താഴെയിറക്കുക. അതിനായി ആരും സഞ്ചരിക്കാത്ത വഴികളുടെ ഭൂപടം തയാറാക്കുന്നതിന്റെ തിരക്കിലാണ് അണിയറയിൽ ബി.ജെ.പി.

കോൺഗ്രസ് - ജെ.ഡി.എസ് സർക്കാരാകട്ടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ ദയനീയ തോൽവിയിൽ ആടിയുലയുകയാണ്. തങ്ങളുടെ എം.എൽ.എമാർ കൂടുവിട്ടു കൂടുമാറുന്ന പക്ഷികളാകുമോ എന്നാണ് ഇപ്പോൾ കോൺഗ്രസിന് ആശങ്ക. എം.എൽ.എമാരുടെ ചാഞ്ചാട്ടം സർക്കാരിന്റെ നിലനിൽപിന് തന്നെ ഭീഷണിയായേക്കാം. രമേശ് ജാർക്കിഹോളി, കെ. സുധാകർ എന്നീ കോൺഗ്രസ് വിമത എം.എൽ.എമാർ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിലെ 20 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന് പാർട്ടി അദ്ധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ മുമ്പ് പറഞ്ഞിരുന്നു. ഇതോടെ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നേക്കുമോ എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. കോൺഗ്രസ് എം.എൽ.എമാരെ സ്വാധീനിച്ച് അവരെ രാജിവയ്പ്പിക്കാനാണ് ബി.ജെ.പി നീക്കം എന്നും കേൾക്കുന്നു.

എന്നാൽ, സ‌ർവശക്തിയുമെടുത്ത് അതിനെ തടയാനുള്ള തന്ത്രങ്ങളിലാണ് കോൺഗ്രസ്. ലോക്സഭാ പരാജയത്തിന്റെ പശ്ചാത്തലത്തിൽ സഖ്യത്തിന് അകത്തും പുറത്തും നിന്നുയരുന്ന വിമർശനങ്ങളും ഇതിനിടെ കോൺഗ്രസിനും ജെ.ഡി.എസിനും തലവേദന സൃഷ്‌ടിക്കുകയാണ്. ഇടഞ്ഞു നിൽക്കുന്ന എം.എൽ.എമാരെ അനുനയിപ്പിക്കാൻ മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കാനാണ് കോൺഗ്രസും ജെ.ഡി.എസും ആലോചിക്കുന്നത്. എന്നാൽ സിദ്ധരാമയ്യ അടക്കമുള്ള ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ മന്ത്രിസഭ പുനഃസംഘടിപ്പിക്കില്ലെന്നും പറയുന്നു.

ബി.ജെ.പിയുടെ പക്ഷത്തേക്ക് ചായുന്ന എം.എൽ.എമാർ കൂട്ടത്തോടെ രാജി വയ്‌ക്കുകയാണെങ്കിൽ നിയമസഭയിൽ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യ സർക്കാരിന്റെ ഭൂരിപക്ഷം പ്രതിസന്ധിയിലാവും. അതോടെ മന്ത്രിസഭ നിലംപൊത്തും. ബി.ജെ.പിക്ക് അധികാരത്തിലേക്ക് കാലുവയ്ക്കാം. ജൂൺ ഒന്നിനു മുമ്പ് നിലവിലെ മന്ത്രിസഭ തകരുമെന്നാണ് യെദ്യൂരപ്പയുടെ പ്രവചനം.

2018 നിയമസഭാ തിരഞ്ഞടുപ്പിൽ ആകെ 224 സീറ്റിൽ 104 സീറ്റ് ബി.ജെ.പിയ്‌ക്ക് ലഭിച്ചിരുന്നു. കോൺഗ്രസിനു ലഭിച്ചത് എൺപതും ജെ.ഡി.എസിനു ലഭിച്ചത് മുപ്പത്തിയേഴും. അധികാരത്തിലേറിയെങ്കിലും 113 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാനാവാത്തതിനാൽ വെറും മൂന്നു ദിവസത്തെ ആയുസ് മാത്രമാണ് ബി.ജെ.പി മന്ത്രിസഭയ്‌ക്ക് ലഭിച്ചത്. കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ച് സഖ്യം രൂപീകരിച്ച് അധികാരത്തിലേറി. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റിൽ 21 എണ്ണത്തിൽ കോൺഗ്രസും 7 എണ്ണത്തിൽ ജെ.ഡി.എസും മത്സരിച്ചെങ്കിലും ബാംഗ്ലൂർ റൂറലിലും ഹസനിലും മാത്രമാണ് ഇരുവർക്കും വിജയിക്കാനായത്. 25 സീറ്റിൽ ബി.ജെ.പി നിഷ്പ്രയാസം വിജയിച്ചു. 2008ലാണ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ആദ്യ ബി.ജെ.പി സർക്കാർ കർണാടകയിൽ അധികാരത്തിൽ എത്തുന്നത്. വിവാദങ്ങൾ വാർത്തകളിൽ നിറയുമ്പോഴും നാളെ കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ വീണ്ടും അധികാരം ഏറ്റെടുക്കുന്നത് വരെ തങ്ങളുടെ പദ്ധതികൾ ഒന്നും കർണാടകയിലെ ബി.ജെ.പി നേതൃത്വം പരസ്യപ്പെടുത്താനിടയില്ല.