ഒറ്റമൂലിചികിത്സ എന്നു കേൾക്കുമ്പോൾ ഇപ്പോൾ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന എല്ലാ രോഗത്തിനും "ഒരൊറ്റ മരുന്ന്" കൊണ്ടുള്ള ചികിത്സ മതിയെന്നും അതുതന്നെ ദീർഘനാൾ ചികിത്സ ആവശ്യമില്ലാത്തവിധം പെട്ടെന്ന് രോഗത്തെ വരുതിയിലാക്കുമെന്നുമാണ് ചിലരെങ്കിലും കരുതിയിരിക്കുന്നത്.
ആയുർവേദചികിത്സയിൽ പല രോഗങ്ങൾക്കും ഒറ്റമൂലി ചികിത്സകൾ പറയുന്നുണ്ട്. എന്നാൽ അതേ രോഗത്തിന് തന്നെ ഈ ഒറ്റമൂലി കൂടി ചേർത്തുണ്ടാക്കുന്ന നിരവധി യോഗങ്ങളും (കോമ്പിനേഷനുകൾ) പറഞ്ഞിട്ടുണ്ട്. ഇതിൽനിന്ന് ഏതെങ്കിലുമൊരു രോഗത്തിന് ഒറ്റ മരുന്നുകൊണ്ടുള്ള ചികിത്സ ആയുർവേദത്തിൽ സാധ്യമല്ലെന്നും അഥവാ അപ്രകാരം ആരെങ്കിലും അവകാശപ്പെട്ടാൽ അത് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണെന്നും മനസിലാക്കണം.എന്നിട്ടും നിരവധി രോഗങ്ങൾക്ക് ഒരു ഒറ്റമൂലി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നവരും കുറവല്ല.
ഒരു രോഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ പലതരത്തിലുള്ള ചികിത്സകൾക്കാണ് ആയുർവേദത്തിൽ പ്രാധാന്യം എന്നതിനാൽ നിരവധി മരുന്നുകളാണ് ഒരു രോഗത്തിന് വേണ്ടി നിർദ്ദേശിച്ചിരിക്കുന്നത്. അതിൽ ഏറ്റവും യോജിച്ച മരുന്നാണ് പ്രയോഗിക്കേണ്ടത്. ഉദാഹരണത്തിന് പ്രമേഹത്തിന് നെല്ലിക്ക നല്ലത് എന്ന് പറഞ്ഞാലും എല്ലാ പ്രമേഹത്തിനും അത് ഉപയോഗപ്പെടണമെന്നില്ല. പ്രമേഹത്തിൽ ഷുഗറിന്റെ അളവ് കുറയുവാനായി നെല്ലിക്ക നിർദ്ദേശിച്ചിട്ടുമില്ല.ഷുഗറിന്റെ അളവ് കുറയും എന്ന ഒറ്റക്കാരണത്താൽ മറ്റേതെങ്കിലും മരുന്ന് പ്രമേഹത്തിന് ഒറ്റമൂലിയായി ആയുർവേദം അംഗീകരിക്കുന്നുമില്ല. എന്നാൽ തോന്നിയ പോലെ പലതും പരീക്ഷിക്കുകയും ഇൻസുലിൻ ചെടി പോലെ കുറച്ചുനാൾ കഴിഞ്ഞ് വലിച്ചെറിയുകയും വീണ്ടും മറ്റൊന്നിനെ പരീക്ഷിക്കുകയും ചെയ്യുന്ന രീതി ചിലർ സ്വീകരിച്ചിട്ടുള്ളതായി കാണുന്നു.
ഒറ്റമൂലി എന്ന വാക്ക് സാധാരണക്കാർക്ക് മനസിലാക്കുവാൻ വേണ്ടി ഫസ്റ്റ് എയ്ഡ് എന്ന പദത്തോട് ഉപമിക്കാം. ഉള്ള രോഗം വർദ്ധിക്കാതിരിക്കുകയും, മറ്റു രോഗങ്ങൾ കൂടി ഉണ്ടാകാതിരിക്കുകയും, വിദഗ്ധചികിത്സയ്ക്ക് ഡോക്ടറെ സമീപിക്കുന്നത് വരെ ആശ്വാസം ലഭിക്കുകയും ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ് ആയുർവേദം നിർദ്ദേശിക്കുന്ന ഒറ്റമൂലികൾ എന്ന് പറയാം. ഫസ്റ്റ് എയ്ഡ് അങ്ങനെയാണല്ലോ ഉപയോഗപ്പെടുന്നത്. ആയതിനാൽ പല രോഗങ്ങളിലും ഒറ്റമൂലികൾ പ്രയോജനപ്പെടുത്താം. എന്നാൽ അത് എത്രയും വേഗത്തിൽ ഒരു ഡോക്ടറെ കണ്ട് ശരിയായി രോഗവും ചികിത്സയും നിർണയിക്കുന്നത് വരെ മാത്രമേ പാടുള്ളൂ.
ഷർമദ്ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ,
ഗവ.ആയുർവേദ ഡിസ്പെൻസറി,
ചേരമാൻ തുരുത്ത്, തിരുവനന്തപുരം.
ഫോൺ:9447963481