ഭാരതത്തിന്റെ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് വലിയൊരു ഉത്സവമായി തന്നെ പര്യവസാനിച്ചു. വോട്ടെണ്ണൽ ദിനത്തിൽ നിരാശരായവരുടെ എണ്ണം വലിയൊരു സംഖ്യയായി ഉയർന്നു. കണ്ണീർപ്പൂവ് വിടരാത്തതും
പൊന്നരിവാളിന്റെ തിളക്കം കെട്ടുപോയതും വലിയ വലിയ ചർച്ചാവിഷയങ്ങളായി. ഈ പരാജയങ്ങൾ മനഃപൂർവം ക്ഷണിച്ചു വരുത്തിയതാണെന്ന കാര്യത്തിൽ സംശയമില്ല. ആകാശത്തുകൂടി പോയതിനെ തോട്ട കെട്ടി വലിച്ച് തലയിൽക്കൂടിയിട്ട് പരിക്കേല്പിച്ചു എന്ന് പറയുന്നതാണ് കൂടുതൽ ശരി.
ഇടതുപക്ഷത്തെ സംബന്ധിച്ച് വനിതാ മതിൽ ഒരു വൻ വിജയമായിരുന്നു. അവിടെ രാഷ്ട്രീയവും മറ്റ് ഘടകങ്ങളും ഒത്തുചേർന്നതിനാൽ അത് മഹത്തായ ഒരു വിജയമായി മാറി. എന്നാൽ ആ രാഷ്ട്രീയം എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്നത് നിസാര ചോദ്യമല്ല. ഈ പരാജയത്തിൽ പ്രധാനമായി മുന്നിൽ നിൽക്കുന്നത് ശബരിമല വിഷയം കൈകാര്യം ചെയ്ത രീതികളിലെ പൊരുത്തക്കേടുകളാണ്.
വ്യക്തിവൈഭവവും നയതന്ത്രജ്ഞതയും കൈമുതലായുള്ള ഒരു പ്രധാനമന്ത്രിയെ ഭാരതത്തിന്റെ വലിയൊരു ഭാഗം തിരഞ്ഞെടുത്തപ്പോൾ പാർലമെന്റിലെ ഒരു പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ കേരളത്തിനായതും ഒരു നേട്ടം തന്നെയാണ്. പ്രധാനമന്ത്രിയുടെ അഴിമതി രഹിത ഭരണത്തിൽ കേരളീയരും തൃപ്തരായിരുന്നെങ്കിലും സാംസ്കാരികമായ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് ബി.ജെ.പി കൈക്കൊണ്ട തീരുമാനങ്ങൾക്ക് അംഗീകാരം തീരെക്കുറഞ്ഞുപോയി എന്നത് പരാജയത്തിന് ഒരു വലിയ കാരണമായി. ലോകശ്രദ്ധ ഇത്രയധികം ആകർഷിക്കാൻ കഴിഞ്ഞ ഒരു പ്രധാനമന്ത്രി സമീപകാലത്ത് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം തന്നെ സംശയമാണ്. ഇങ്ങനെ ധാരാളം സവിശേഷതകളിൽ നിന്നുണ്ടായ മോദി തരംഗത്തിന് നേരെ കേരളത്തിന് മുഖം തിരിഞ്ഞു നില്ക്കേണ്ടിവന്നതിൽ അതിശയിക്കാനില്ല.
കേരള, ഭരണപക്ഷത്തിന് എവിടെയാണ് തെറ്റ് സംഭവിച്ചത്. ശബരിമല പ്രശ്നത്തിൽ ഒത്തുകളിച്ച് ഹൈന്ദവ വോട്ടിൽ നോട്ടമിട്ടത് ഹൈന്ദവ സമൂഹം ഉൾപ്പെടെയുള്ളവരുടെ നെറ്റി ചുളിപ്പിച്ചു. ആക്ടിവിസ്റ്റുകളെ ഇറക്കുമതി ചെയ്തും മറ്റു തരത്തിൽ കാനനപാതയിൽ സംഘർഷം സൃഷ്ടിച്ചതുമൊക്കെ വലിയ നാടകങ്ങളായി വിലയിരുത്തപ്പെട്ടു.
ശബരിമല ഒഴുക്കിൽപ്പെട്ടുവന്ന ബി.ജെ.പി വള്ളം കെട്ടിയിട്ടിരുന്ന ഇടതു വള്ളത്തിലിടിച്ച് കെട്ട് പൊട്ടിച്ച് ഒഴുകിപ്പോയി. ഒഴുക്കിൽ തമ്മിലിടിച്ച് രണ്ട് വള്ളങ്ങളും തകർന്നു. എന്നാൽ കരയിൽ കയറ്റിവച്ചിരുന്ന കോൺഗ്രസ് വള്ളം ഒരു കേടും സംഭവിക്കാതെ ജനശ്രദ്ധയെ ആകർഷിച്ചു. ശബരിമല രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് അവർ മനസിലാക്കിയിരുന്നു. അതിനാൽ ഇലക്ഷൻ പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനത്തിന്റെ തലേന്ന് വരെയും കോൺഗ്രസ് നേതാക്കൾ 20 - 20 എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു. ആ മന്ത്രണം ശബരിമല പ്രശ്നം മൂലം ഉണ്ടായ വീർപ്പുമുട്ടലിനെ വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിഞ്ഞു.
ആലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. ആ വിജയം എസ്.എൻ.ഡി.പി യോഗത്തിന് അവകാശപ്പെട്ടതാണ്. യോഗം പ്രവർത്തകർക്ക് അഭിമാനമായി ആലപ്പുഴയിലെ വിജയം മാറിനിന്നു.
ശബരിമലയിൽ സ്ത്രീഭക്തർക്ക് പ്രവേശനം നൽകുന്നത് നിലവിലെ സംവിധാനം ഉപയോഗിച്ച് സാദ്ധ്യമല്ലെന്നും, കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് കാലതാമസം ആവശ്യമാണെന്നും ബഹുമാനപ്പെട്ട സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു ഏറ്റവും അഭികാമ്യമായിരുന്നത്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അത് ജനാധിപത്യപരമായ ഒരു വിജയമായി മാറുമായിരുന്നു.
എച്ച്. ബാബുചന്ദ്രൻ