നെയ്യാറ്റിൻകര :നാടെങ്ങും കെ.എസ്.ആർ.ടി.സി ഡിപ്പോകൾ നഷ്ടത്തിലോടുമ്പോൾ ഇങ്ങ് നെയ്യാറ്റിൻകരയിൽ ചാരിറ്റി പ്രവർത്തനവും പരസഹായ കൂട്ടായ്മയും വിവധ തരം അനുമോദന പ്രവർത്തനങ്ങളുമായി ലാഭങ്ങളുടെ കണക്ക് ആഘോഷിക്കുകയാണ് നെയ്യാറ്റിൻകര ഡിപ്പോ. എ.ടി.ഒയുടേയും ഒരുകൂട്ടം ഊർജ്ജസ്വലരായ ജീവനക്കാരുടെ സേവന സന്നദ്ധതയും ചേർന്നപ്പോഴാണ് ഡിപ്പോ ലാഭത്തിലേക്ക് കുതിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. നെയ്യാറ്റിൻകര ഡിപ്പോയിൽ കഴിഞ്ഞ തിങ്കളാഴ്ചയും റിക്കോർഡ് കളക്ഷനായിരുന്നു. പന്ത്രണ്ടു ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി എഴുപത്തെട്ട് രൂപയാണ് കളക്ഷൻ. യാത്രക്കാരുടെ നിർദ്ദേശം കണക്കിലെടുത്ത് നടത്തിയ പരിഷ്കരണമാണ് ഇത്രയധികം കളക്ഷന് കാരണമെന്ന് എ.ടി.ഒ സജീവ് പറഞ്ഞു. മഞ്ചവിളാകം- കാരക്കോണം-തിരുവനന്തപുരം ചെയിൻ സർവീസും പൊഴിയൂർ തിരുവനന്തപുരം ചെയിൻ സർവീസുമാണ് ഇത്രയധികം കളക്ഷൻ നേടിക്കൊടുത്തത്. ഓരോ ബസിനും പതിമൂവായിരം എന്ന തോതിലാണ് കളക്ഷൻ. ഈ റൂട്ടുകളിൽ ആകെ ഓടുന്നത് 18 ബസുകൾ. 10 ബസ് കാരക്കോണത്തു നിന്നും തിരുവനന്തപുരത്തേക്കും 8 ബസുകൾ പൊഴിയൂരിൽ നിന്നും തിരുവന്തപുരത്തേക്കും നിറുത്താതെ സർവീസ് നടത്തുന്നു. നാഗർകോവിലിലേക്ക് 3 ഇന്റർസ്റ്റേറ്റ് സർവീസുമുണ്ട്. അതും ലാഭത്തിലാണ്. ഏതാണ്ട് 20, 000 രൂപയോളം ഓരോ ബസിൽ നിന്നും വരുമാനമുണ്ട്.
നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാർക്ക് അസുഖം ബാധിച്ച് കിടപ്പിലായാലോ ജീവഹാനി നേരിട്ടാലോ ഡിപ്പോ ജീവനക്കാർ കൂടെയുണ്ട്. സ്പർശം എന്ന പരസഹായ ഹസ്തവുമായി. കമുകിൻകോട് സ്വദേശിയായ കണ്ടക്ടർ എസ്.പി അജിത് കുമാറിന് 2 ലക്ഷം രൂപ സഹായം നൽകി. കാൻസർ രോഗബാധിതനായ ബാലരാമപുരം സ്വദേശി അശോകനും ജീവനക്കാർ പിരിവെടുത്ത് 2 ലക്ഷം രൂപ നൽകി. പെയിന്ററായ പെരുങ്കടവിള സ്വദേശി ശ്രീകുമാറിനും മെക്കാനിക്കലായ ഉദിയിൻകുളങ്ങര സ്വദേശി ലാലുചന്ദ്രനും തുക നൽകി. ഡിപ്പോയിലെ ക്ളാസ് ഫോർ ജീവനക്കാരുടേയും ബസ് ക്ലീൻ ചെയ്യുന്നവരുടേയും മക്കൾക്ക് സ്കൂൾ തുറക്കുമ്പോൾ ബാഗും യൂണിഫോമും കുടയും ഇവിടെ നിന്നും നൽകും. ഈ 30 ന് ഉച്ചക്ക് 2.30 ന് സസ്നേഹം എന്ന പേരിൽ നടത്തുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ഭരണ പരിഷ്കാര കമ്മീഷൻ അംഗം സി.പി.നായർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ കെ.എസ്.ആർ.ടി. സി എംപ്ലോയീസ് യൂണിയൻ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്യകാല സിനിമാ നടിയായ നെയ്യാറ്റിൻകര കോമളത്തെ ഉൾപ്പടെയുള്ള ജീവനക്കാരെ വീട്ടിലെത്തി ആദരിച്ചു.
നെയ്യാറ്റിൻകരയിലെ ബസ് യാത്രക്കാർക്ക് പരാതി പറയാൻ ഇതാ ഫോൺ നമ്പർ
9400692343.