food

ലണ്ടൻ: ക്രീംബിസ്കറ്റിനിടയിലുള്ള ക്രീം കേടുപാടുകളൊന്നുംകൂടാതെ ഇളക്കിയെടുക്കാനാവുമോ? ഇതൊക്കെ എത്രഎളുപ്പം എന്നുപറഞ്ഞ് ചാടിപ്പുറപ്പെടല്ലേ. മൂക്കുകൊണ്ട് ക്ഷ..ഞ്ച..ന്നയൊക്കൊ വരയ്ക്കും. ഒത്തിരി കഷ്ടപ്പെടുന്ന പണിയാണ് ഇത്. ഇരുപത്തൊമ്പതുവർഷത്തെ കഠിനപരിശ്രമത്തിനുശേഷം വിജയിച്ച ഒരാൾ സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചതോടെയാണ് ഇതൊരു ചലഞ്ചായി പലരും ഏറ്റെടുത്തത്. വിജയിയായ ആളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

ഇരുപത്തൊമ്പതുവർഷത്തിനുമുമ്പ് ബിസ്കറ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ വെറുതേ തോന്നിയതാണ്. അത് നടപ്പാക്കിയേ അടങ്ങൂ എന്ന് വാശിയായി. ഇതിനായി ഒരു കമ്പനിയുടെ ബിസ്കറ്റുതന്നെ ഇത്രയും നാൾ കഴിച്ചു. ശ്രമിച്ചപ്പോഴെല്ലാം പരാജയപ്പെട്ടു. അവസാനം വിജയിച്ചു.

നിങ്ങൾക്ക് ഇത് വെറും നിസാരമാണെന്നു തോന്നാം.എന്നാൽ എനിക്കിത് വലിയ കാര്യമാണ്. എവറസ്റ്റ് കീഴടക്കിയതിനെക്കാൾ കൂടുതൽ സന്തോഷം തോന്നുന്നു.ഇക്കാര്യം നേടിയെടുക്കാതെ പലരും മരിച്ചു. ഇനിയുമൊരു തവണ എനിക്കതിൽ വിജയിക്കാൻ കഴിയുമെന്ന് ഒരുറപ്പുമില്ല-ചിത്രത്തിനൊപ്പം അയാൾ സോഷ്യൽമീഡിയയിൽ കുറിച്ചു.

ചലഞ്ച് ഏറ്റെടുത്ത പലരും ദയനീയമായി പരാജയപ്പെട്ടെന്നാണ് യാഥാർത്ഥ്യം. പക്ഷേ, വിട്ടുകൊടുക്കാൻ അവർ തയ്യാറല്ല. ഏറെ ക്ഷമവേണമെന്നതിനാലാണ് വിജയിക്കാൻ കഴിയാത്തതെന്നാണ് ഇവരിൽ പലരും പറയുന്നത്. വിജയിക്കാൻ പ്രയാസമാണെന്ന് വ്യക്തമായി അറിയാവുന്നതിനാലാണ് കൂടുതൽപേർ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാവാത്തത്.