സൂറത്ത്: മിന്നും ജയം നേടിയ നരേന്ദ്രമോദി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്ന ദിവസം അടിച്ചുപൊളിച്ച് ആഘോഷിക്കാനാണ് സൂറത്തിലെ ഐസ്ക്രീം പാർലർ ഉടമയായ വിവേക് അജ്മേറയുടെ തീരുമാനം. ആഘോഷങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാമെന്ന ആലോചനയ്ക്കൊടുവിൽ ഐഡിയ തലയിലുദിച്ചു. നരേന്ദ്രമോദിയുടെ പേരിൽ സ്പെഷ്യൽ കുൽഫി പുറത്തിറക്കിയാണ് ആഘോഷം നടത്തുന്നത്. കുൽഫിയ്ക്ക് നരേന്ദ്രമോദിയുടെ മുഖമാണ് .സ്പെഷ്യൽ പേരുമിട്ടു -മോദി സീതാഫാൽ കുൽഫി. ഐസ്ക്രീം പാർലറിലെ ജീവനക്കാർ ഒരു ദിവസം മുഴുവൻ കഷ്ടപ്പെട്ടാണ് ഇരുന്നൂറോളം കുൽഫികൾ ഉണ്ടാക്കിയത്. മെഷീൻ ഉപയോഗിച്ചിട്ടേയില്ല. കൈകൾ കൊണ്ടാണ് കുൽഫിയിൽ മോദിയുടെ മുഖം സൃഷ്ടിച്ചെടുത്തത്. അതിനാലാണ് കുൽഫികൾ നിർമ്മിക്കാൻ ഇത്രയേറെ സമയം വേണ്ടിവന്നത്. സത്യപ്രതിജ്ഞ കഴിഞ്ഞാൽ മോദി സീതാഫാൽ കുൽഫി കഴിക്കാൻ കിട്ടുമെന്ന പ്രതീക്ഷയേ വേണ്ട. അൻപത് ശതമാനം വിലക്കുറവിലാണ് കുൽഫി വിൽക്കുന്നത്. ഇഷ്ടമുള്ള ആർക്കും വാങ്ങാം. ആവശ്യക്കാർ കൂടുതൽ വരുന്നുണ്ടെങ്കിലും കൂടുതൽ കുൽഫികൾ ഉണ്ടാക്കണ്ട എന്നാണ് വിവേകിന്റെ തീരുമാനം. നൂറ് ശതമാനം പ്രകൃതിദത്തമായ ഭക്ഷ്യപദാർത്ഥങ്ങൾമാത്രം ഉപയോഗിച്ചാണ് സ്പെഷ്യൽ കുൽഫി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇതിലെ സ്പെഷ്യൽ ചേരുവകളെക്കുറിച്ച് വെളിപ്പെടുത്താൻ വിവേക് തയ്യാറല്ല.