masala-bond

തിരുവനന്തപുരം: മസാലബോണ്ടിന്റെ കാര്യത്തിൽ ധനമന്ത്രി നാല് കള്ളങ്ങളാണ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെ പണയപ്പെടുത്താനാണ് ധനമന്ത്രിയുടെ ശ്രമമെന്നും നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ അദ്ദേഹം കുറ്റപ്പെടുത്തി. ധനമന്ത്രി മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. പ്രതിപക്ഷനേതാവിനെ വിഡ്ഢിയെന്നും മണ്ടനെന്നുമൊക്കെ വിശേഷിപ്പിച്ച ധനമന്ത്രിയുടെ നടപടി നിലവാരമില്ലാത്തതാണ്.

മോദി ആവിഷ്കരിച്ച നവലിബറൽ സമീപനത്തിന്റെ ഭാഗം തന്നെയാണ് മസാലബോണ്ടും.

അസത്യം 1

ബോണ്ടുകൾ വാങ്ങിയ സി.ഡി.പി.ക്യൂ കമ്പനിക്ക് ലാവ്‌ലിനുമായി ബന്ധമില്ലെന്ന കള്ളമാണ് ആദ്യം ധനമന്ത്രി പറഞ്ഞത്. ലാവ്‌ലിനിൽ 20 ശതമാനം ഷെയർ സി.ഡി.പി.ക്യൂവിനുണ്ട്.

അസത്യം 2

ചെറിയ പലിശയെന്നാണ് പ്രചരിപ്പിച്ചത്. എന്നാൽ 9.72 എന്ന കൊള്ളപ്പലിശയാണ് നിശ്ചയിച്ചിട്ടുള്ളത്.

അസത്യം 3

കാനഡയിലെ ക്യൂബക് പ്രവിശ്യയിൽ ബോണ്ട് വിറ്റ ശേഷമാണ് സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ ലിസ്റ്ര് ചെയ്തത്. കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ട് പോലെയാണ് ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ മുഖ്യമന്ത്രി മണിയടിച്ചത്.

അസത്യം 4

സി.ഡി.പി.ക്യൂവിന് പെൻഷൻ ഫണ്ടു മാത്രമാണുള്ളതെന്നും പറഞ്ഞിരുന്നു. എന്നാൽ റിയൽ എസ്റ്റേറ്റ് അടക്കമുള്ള ഏർപ്പാടുകളും അവർക്കുണ്ട്.

കമ്യൂണിസത്തിന്റെ മരണമണിയാവും: ശബരീനാഥൻ

തിരുവനന്തപുരം: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന മസാലബോണ്ട് കേരളത്തിൽ കമ്യൂണിസത്തിന്റെ മരണമണിയാവുമെന്ന് കെ.എസ്. ശബരീനാഥൻ പറഞ്ഞു. അഞ്ചുവർഷം കൊണ്ട് വലിയ പലിശ സംസ്ഥാനം കൊടുത്തുതീർക്കേണ്ടിവരുമെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.

നവലിബറൽ ആശയങ്ങളെ വാരിപ്പുണർന്നു കൊണ്ടാണ് ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ മണിയടിച്ചത്. നിയമസഭയിലോ കാബിനറ്റിലോ ചർച്ചചെയ്യാതെ ഇക്കാര്യത്തിൽ തീരുമാനമെടുത്തതിൽ ദുരൂഹതയുണ്ട്. കിഫ്ബി എന്ന കിച്ചൺ കാബിനറ്റാണ് കാര്യങ്ങൾ തീരുമാനിച്ചത്. 9.72 എന്ന ഉയർന്ന പലിശനിരക്കിലാണ് 2150 കോടിയുടെ ബോണ്ട് പുറത്തിറക്കിയിട്ടുള്ളത്. രണ്ട് വർഷത്തിനുള്ളിൽ 49 മസാലബോണ്ടുകൾ ലിസ്റ്ര് ചെയ്ത ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിലെ ഏറ്റവും ഉയർന്ന പലിശനിരക്കാണ് ഇത്. ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയതാവട്ടെ എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയിൽ നിക്ഷേപമുള്ള സി.ഡി.പി.ക്യു എന്ന കമ്പനിയും. എത്ര ശതമാനം ബോണ്ടുകൾ അവർ വാങ്ങിയെന്ന് മന്ത്രി വ്യക്തമാക്കണം. സുതാര്യമല്ലാത്ത വ്യവസ്ഥകളാണ് കരാറിൽ പറയുന്നത്.

കണ്ണൂർ പദ്ധതിയിൽ ദുരൂഹത

വിദേശ പണമുപയോഗിച്ച് രൂപകല്പന ചെയ്യുന്ന പദ്ധതികളിൽ പോലും ദുരൂഹതയുണ്ട്. ഇതിനായി തയ്യാറാക്കിയിട്ടുള്ള പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതി 12,240 കോടിയുടെ കണ്ണൂർ ഇൻഡസ്ട്രിയൽ പ്രോജക്ടാണ്. ഇത്രവലിയ തുക ഇൻഡസ്ട്രിയൽ പാർക്കിനായി ചെലവഴിക്കുന്നതിൽ സുതാര്യതയില്ല. മൊസാദ് പോലെയാണ് കിഫ്ബി പ്രവർത്തിക്കുന്നത്. ഒരു രേഖയും കിഫ്ബിയിൽ നിന്ന് കിട്ടാറില്ലെന്നും ശബരീനാഥൻ കുറ്റപ്പെടുത്തി.