c-raveendranath

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല വരുന്ന അദ്ധ്യയന വർഷം മുതൽ ഒരു കുടക്കീഴിലാക്കുന്നതു സംബന്ധിച്ച നിർദ്ദേശം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കുമെന്ന്‌ മന്ത്രി സി. രവീന്ദ്രനാഥ് ‌പറഞ്ഞു.

പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ഡയറക്ടറേറ്റുകളുടെ ലയനം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് മുന്നോടിയായി അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുമായി ഇന്നലെ നടത്തിയ ചർച്ചയ്ക്കുശേഷമാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേസമയം ചർച്ചയിൽ സമവായമുണ്ടായില്ല. ലയന ഉത്തരവ് പുറത്തിറങ്ങിയാൽ ഉടൻ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി. ലയനത്തിൽ പ്രധാനമായും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച ചർച്ചയിൽ സംഘടനാ പ്രതിനിധികളെ മന്ത്രി അറിയിച്ചത്.

മാറ്റങ്ങൾ ഇങ്ങനെ

നിലവിലുള്ള പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകളാണ് ലയിപ്പിച്ച് ഒന്നാക്കുന്നത്. ജൂൺ മൂന്നിന് സ്‌കൂളുകൾ തുറക്കുന്നത് ഡയറക്ടറേറ്റ് ഒഫ് ജനറൽ എഡ്യൂക്കേഷൻ (ഡി.ജി.ഇ) എന്ന പുതിയ ഡയറക്ടറേറ്റിന് കീഴിലായിരിക്കും. മൂന്ന് ഡയറക്ടറേറ്റുകൾക്ക് കീഴിൽ പ്രത്യേകം പ്രവർത്തിക്കുന്ന പരീക്ഷാവിഭാഗങ്ങളും ഒന്നാക്കി മാറ്റും. ഒരു പരീക്ഷാ കമ്മിഷണർക്ക് കീഴിലായിരിക്കും പുതിയ പരീക്ഷാ സംവിധാനം. ഹൈസ്‌കൂളുകളും ഹയർ സെക്കൻഡറികളും ഒന്നിച്ച് പ്രവർത്തിക്കുന്നിടങ്ങളിൽ സ്‌കൂളിനെ ഒറ്റ യൂണിറ്റാക്കി പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയും ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററെ വൈസ്‌ പ്രിൻസിപ്പലുമാക്കും. ഹൈസ്‌കൂളിലെ അനദ്ധ്യാപക ജീവനക്കാരും ഓഫീസും ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനത്തിന്റെ ഭാഗമായി മാറും. നിലവിലുള്ള എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ഘടനയിലും അദ്ധ്യാപക തസ്തികയിലും മാറ്റമുണ്ടാകില്ല. പ്രിൻസിപ്പലിന്റെ ജോലിഭാരത്തിൽ കുറവുവരുത്തുന്നതിന്‌ അവർ കൈകാര്യം ചെയ്തുപോന്ന ക്ലാസുകൾ ജൂനിയർ അദ്ധ്യാപകന് നൽകുകയോ അല്ലാത്തിടങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകനെ നിയമിക്കുകയോ ചെയ്യാം. ഹയർസെക്കൻഡറിയിൽ നിലവിലുള്ള റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി), പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ ഓഫീസ് സംവിധാനങ്ങൾ നിലവിലുള്ള രീതിയിൽ തുടരും. ഹയർ സെക്കൻഡറി അദ്ധ്യാപകർ ഹൈസ്‌കൂളിൽ പഠിപ്പിക്കേണ്ടി വരുമെന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ തീരുമാനം അടിച്ചേല്പിച്ചെന്ന്

ഖാദർ കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്യുന്നതിനു പകരം രാഷ്ട്രീയ തീരുമാനം അടിച്ചേല്പിക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനാനേതാക്കൾ ആരോപിച്ചു. പരിഷ്കാരം സംബന്ധിച്ച ആശങ്കകൾക്ക് വ്യക്തമായ ഉത്തരം നൽകാതെ മന്ത്രി ഒളിച്ചോടുന്ന സാഹചര്യത്തിലാണ് പ്രതിഷേധപരിപാടികളിലേക്ക് കടക്കുന്നത്. പ്രവേശനോത്സവം ബഹിഷ്കരണം, സ്കൂൾ ബഹിഷ്കരണം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡി.പി.ഐ കെ. ജീവൻബാബു, പൊതുവിദ്യാഭ്യാസ അഡി. സെക്രട്ടറി ജെസി ജോസ്, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ അദ്ധ്യാപകസംഘടനാ പ്രതിനിധികളായ കെ.സി. ഹരികൃഷ്ണൻ, ഹരികുമാർ, എൻ. ശ്രീകുമാർ, ഒ.കെ. ജയകൃഷ്ണൻ, ജെയിംസ് കുര്യൻ, സലാഹുദ്ദീൻ, അജിത്ത്, എ.കെ. സൈനുദ്ദീൻ, സാബുജി വർഗീസ്, ജോഷി ആന്റണി, അരുൺ, കെ.വി. ഇന്ദുലാൽ, അബ്ദുൾലത്തീഫ്, എസ്. മനോജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.