ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികളിലെല്ലാം ആത്മപരിശോധനയും ഉള്ളുതുറന്ന ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. തോൽവിയിൽ ആകെ ഉലഞ്ഞുപോയ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസാകട്ടെ അക്ഷരാർത്ഥത്തിൽ ഇരുട്ടിൽ തപ്പുകയാണ്. പാർട്ടിയുടെ അമരക്കാരൻ തന്നെ സ്ഥാനത്യാഗത്തിനൊരുങ്ങി നിൽക്കുന്നു. പിന്തിരിപ്പിക്കാൻ തലമുതിർന്ന നേതാക്കൾ പാടുപെടുന്നു. ശനിയാഴ്ച സമ്മേളിച്ച കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പരാജയ കാരണങ്ങളിലേക്ക് ആഴത്തിൽ പോയില്ലെങ്കിലും ചില കാരണങ്ങളിലേക്ക് വിരൽചൂണ്ടിയിരുന്നു.
ഭാരമത്രയും പാർട്ടി അദ്ധ്യക്ഷന്റെ തലയിലാക്കി സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം അലസ സമീപനമാണ് പുലർത്തിയതെന്ന് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തുറന്നടിക്കുകയുണ്ടായി. മാത്രമല്ല നേതാക്കളിൽ ചിലർക്ക് സ്വന്തം മക്കളുടെയും ബന്ധുക്കളുടെയും തിരഞ്ഞെടുപ്പു വിജയത്തിൽ മാത്രമായിരുന്നു താല്പര്യമെന്ന് നിശിതമായി കുറ്റപ്പെടുത്തുകയും ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് തമിഴ്നാട്ടിലെ ഉന്നത നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം എന്നിവരെ പേരെടുത്തു തന്നെ രാഹുൽ ഗാന്ധി വിമർശിച്ചു. സ്വന്തം മക്കൾക്കുവേണ്ടി മാത്രമായിരുന്നു ഇവരുടെ പ്രചാരണ പരിപാടിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഇവരിൽ കമൽനാഥിന്റെയും ചിദംബരത്തിന്റെയും പുത്രന്മാർ തിരഞ്ഞെടുപ്പിൽ വിജയം വരിച്ചപ്പോൾ ഗെലോട്ടിന്റെ പുത്രൻ തോൽവിയടയുകയാണുണ്ടായത്. മദ്ധ്യപ്രദേശിൽ നിന്ന് ലോക്സഭയിലെത്തിയ ഏക കോൺഗ്രസ് എം.പി. കമൽനാഥിന്റെ പുത്രൻ നകുൽ നാഥാണ്. പുതിയ എം.പി.മാരിൽ ഏറ്റവും സമ്പന്നൻ 640 കോടി രൂപയുടെ ആസ്തിയുള്ള നകുൽനാഥാണ്.
കഴിഞ്ഞ കുറെക്കാലമായി ഇന്ത്യൻ രാഷ്ട്രീയത്തിലെ യാഥാർത്ഥ്യമാണ് മക്കൾ രാഷ്ട്രീയം. ഏതാണ്ട് എല്ലാ പാർട്ടികളും ഏറിയോ കുറഞ്ഞോ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡോക്ടറുടെ മക്കൾ ഡോക്ടറാകുന്നതും എൻജിനീയറുടെ മക്കൾ എൻജിനീയറാകുന്നതുംപോലെ രാഷ്ട്രീയക്കാരന്റെ മക്കൾ രാഷ്ട്രീയക്കാരനാകുന്നതിൽ എന്ത് അപാകതയാണുള്ളതെന്ന ചോദ്യവും പ്രസക്തം തന്നെയാണ്. എന്നാൽ കാലാകാലങ്ങളായി ഒരു പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരെ പിന്തള്ളി പെട്ടെന്നൊരു സുപ്രഭാതത്തിൽ രംഗപ്രവേശം ചെയ്യുന്ന നേതാവിന്റെ മക്കൾക്ക് പദവികളും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരവും ലഭിക്കുമ്പോൾ പാർട്ടിയിൽ അതു സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് നേതൃത്വം ഓർക്കാറില്ല. എല്ലാ നിലകളിലും അർഹതയുള്ളവന്റെ അവസരം തട്ടിത്തെറിപ്പിച്ചുകൊണ്ടാകും നേതാക്കളുടെ മക്കൾക്കോ ബന്ധുക്കൾക്കോ സ്ഥാനമാനങ്ങൾ വച്ചുനീട്ടുന്നത്. പിതാവിന്റെയോ മാതാവിന്റെയോ സഹായത്താൽ മാത്രം ഇങ്ങനെ രാഷ്ട്രീയക്കളരിയിലെത്തുന്നവർ പിന്നീട് പരിചയം നേടി മിടുക്കരായ രാഷ്ട്രീയക്കാരായി മാറുന്നുണ്ടാകാം. അത്തരത്തിൽ പ്രഗല്ഭരായി മാറിയ നിരവധി നേതാക്കളെ ചുറ്റിനും കാണാനും കഴിയും. എന്നാൽ രാഷ്ട്രീയത്തിലേക്കുള്ള ഇവരുടെ പ്രവേശനവും ദ്രുതഗതിയിലുള്ള ഉയർച്ചയും മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണ്.
മൂന്നും നാലും അഞ്ചും പതിറ്റാണ്ടായി രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന് പദവികളും സാമ്പത്തിക നേട്ടവുമൊക്കെ നേടിയ അനേകം നേതാക്കൾ രാജ്യത്തെമ്പാടുമുണ്ട്. പ്രായമാകുമ്പോൾ മക്കളെയോ ചെറുമക്കളെയോ അതെല്ലാം ഏൽപ്പിച്ച് അവരെയും 'ജനസേവകരാക്കാനുള്ള ഉത്കടമായ ആഗ്രഹമില്ലാത്ത നേതാക്കൾ ചുരുക്കമാണ്. എം.പിയോ എം.എൽ.എയോ ആകുന്നതിലൂടെ സമൂഹത്തിൽ ലഭിക്കുന്ന ഉയർന്ന പദവി മാത്രമല്ല ആകർഷക ഘടകം. എല്ലാത്തരത്തിലും ഇത്തരം പദവികളുമായി ബന്ധപ്പെട്ടുള്ള സുരക്ഷയും സാധാരണക്കാർക്കു ലഭിക്കാത്ത പരിഗണനയുമൊക്കെ പ്രധാന ഘടകങ്ങളാണ്. നിയമംപോലും ചില സന്ദർഭങ്ങളിൽ ഇവരുടെ മുന്നിൽ ഭയന്നു വിറച്ചു നിന്നുപോകും. കൊലപാതകവും ബലാത്സംഗവും പണം തട്ടിപ്പും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ നിരവധി പേർ പുതിയ എം.പിമാരുടെ കൂട്ടത്തിലുണ്ട്.
മക്കൾ രാഷ്ട്രീയത്തിന്റെ ദൂഷ്യങ്ങൾ ഏറെ പുറത്തുകൊണ്ടു വന്ന തിരഞ്ഞെടുപ്പുകളിലൊന്നാണ് ഇപ്പോൾ കഴിഞ്ഞു പോയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് ഏറ്റവും വലിയ കെടുതികൾ നേരിട്ടത്. തിരഞ്ഞെടുപ്പു പരാജയത്തിന്റെ സമ്പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽഗാന്ധി പാർട്ടി അദ്ധ്യക്ഷപദവി ഒഴിയാൻ ശക്തമായ ആഗ്രഹം പ്രകടിപ്പിച്ചു നിൽക്കുകയാണ്. അടുത്തിടെ മാത്രം നിയമസഭാ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിനെ അധികാരത്തിലേറ്റിയ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും പാർട്ടിക്കു നേരിട്ട ഭീമൻ പരാജയത്തിന്റെ പേരിൽ അവിടത്തെ മുഖ്യമന്ത്രിമാർക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവസരം നൽകാൻ കൂടി ഉദ്ദേശിച്ചാണോ രാഹുലിന്റെ ഈ രാജി സന്നദ്ധതയെന്ന് തീർച്ചയില്ല. തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതു മുഴുവൻ സ്വന്തക്കാർക്കു വേണ്ടിമാത്രം എന്ന് പഴി കേൾക്കേണ്ടി വന്ന അശോക് ഗെലോട്ടും കമൽനാഥും മക്കൾ രാഷ്ട്രീയത്തിന്റെ ഏറ്റവും അപഹാസ്യമായ മുഖങ്ങളുമായാണ് ജനങ്ങൾക്ക് മുൻപാകെ ഇന്ന് നിൽക്കുന്നത്. കർണാടകത്തിൽ ദേവഗൗഡയും പുത്രൻ മുഖ്യമന്ത്രി കുമാരസ്വാമിയും യു.പിയിൽ മുലായം സിംഗും ബീഹാറിൽ ലാലുപ്രസാദ് യാദവുമൊക്കെ മക്കൾ രാഷ്ട്രീയത്തിലൂടെ നേട്ടം കൊയ്തവരാണ്. എക്കാലവും ജനങ്ങൾ ഇതൊക്കെ അംഗീകരിച്ചെന്നു വരില്ല.