ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ മണി മുഴക്കാൻ പോയതായി പ്രതിപക്ഷത്തിനറിയാം. ആ മണിയുടെ ജാതകം ചികയാൻ പോയ പ്രതിപക്ഷം ചികഞ്ഞത് ചത്ത കുഞ്ഞിന്റെ ജാതകമാണെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രിക്കൊപ്പം പോയ ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം. ഒരു ഫലകം നീക്കിയാൽ തെളിയുന്ന വെളിച്ചമാണത്രേ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഇപ്പോഴത്തെ ഏർപ്പാട്. കാലം മാറി, കഥ മാറി എന്ന സത്യമുൾക്കൊണ്ടാൽ പ്രതിപക്ഷത്തിന്റെ മനോനില മാറേണ്ടതാണ്. എന്നാൽ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രി പോയി മാർക്സിസത്തിന്റെ മരണമണി മുഴക്കിയെന്ന് കെ.എസ്. ശബരീനാഥൻ തീർത്തുപറഞ്ഞു. ഇടവകയിൽ ആരെങ്കിലും മരിച്ചാൽ മുഴങ്ങുന്ന മണിയൊച്ച ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് എം.കെ. മുനീർ കേട്ടു!
മസാലബോണ്ടിനെ സംശയിച്ചെത്തിയ പ്രതിപക്ഷത്തിന് ചൂടു മസാലദോശ കിട്ടിയത് പോലെയായി കാര്യം. കിഫ്ബി മസാലബോണ്ടിന് പിന്നിൽ ദുരൂഹതയാരോപിച്ച് കൊണ്ടുവന്ന അടിയന്തരപ്രമേയം സഭ ചർച്ചയ്ക്കെടുത്തു. രണ്ട് മണിക്കൂർ ചർച്ച തീർന്നപ്പോൾ ആകെയൊരു മസാലപ്പരുവത്തിലായി സഭയും.
മസാലബോണ്ടിടപാട് മത്തിക്കച്ചവടമല്ലെന്ന് തോമസ് ഐസക് പ്രതിപക്ഷ നേതാവിനെ മുമ്പ് കളിയാക്കിയത് ശബരീനാഥന് ഇഷ്ടപ്പെട്ടില്ല. മീൻ വിൽക്കുന്നവനും വാങ്ങിക്കുന്നവനും വിലയെപ്പറ്റി കൃത്യമായ ബോദ്ധ്യമുണ്ടാകുമെങ്കിലും മൂന്നേകാൽകോടി ജനതയെ ഇരുട്ടിലാക്കിയാണ് ഐസക്കിന്റെ ഇടപാടെന്ന് ശബരീനാഥൻ വിമർശിച്ചു.
ശബരീനാഥനെ പ്രതിപക്ഷ നേതാവ് ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷനിൽ കൊടുത്തിരുന്നെങ്കിൽ നല്ല അന്വേഷണോദ്യോഗസ്ഥൻ ആകുമായിരുന്നുവെന്നാണ് എ.എൻ. ഷംസീറിന്റെ ഉപദേശം.
മുസ്ലിംലീഗിന് മസാലബോണ്ടയേ അറിയൂ, ബോണ്ടിനെപ്പറ്റി അറിയില്ലെന്ന ഷംസീറിന്റെ പരിഹാസം ലീഗ് അംഗം എൻ. ഷംസുദ്ദീനെ പ്രകോപിപ്പിച്ചു. പാർട്ടിയെ അപമാനിച്ചതിനെതിരെ ഷംസുദ്ദീൻ പക്ഷേ രോഷാകുലനായി.
വികസനം നടക്കാൻ മസാലബോണ്ടേ വഴിയുള്ളൂവെങ്കിൽ അത് വേണ്ടിവരുമെന്നാണ് മുല്ലക്കര രത്നാകരന്റെ സിദ്ധാന്തം. മാറിയ ലോകത്ത് മാറിയ തരത്തിൽ മാർക്സിസം നിലനിൽക്കുമെന്നതിലാണ് മുല്ലക്കര ആശ്വസിക്കുന്നത്. ഏതെങ്കിലും സിനിമ പൊളിഞ്ഞാൽ മസാലപ്പടമെന്ന് പറയുന്നത് പോലെ ധനമന്ത്രിയെ ഭാവിയിൽ ഡോ. മസാല ഐസക് എന്നാരും വിളിക്കാതിരിക്കട്ടെയെന്നാണ് എം.കെ. മുനീറിന്റെ ഉള്ളുരുകുന്ന പ്രാർത്ഥന.
മുനീറിന്റെ പ്രസംഗം കേട്ടാൽ താങ്ക്സ് ഗോഡ്, ഐ ആം നോട്ട് മാർക്സിസ്റ്റ് എന്ന് കാൾമാർക്സ് വീണ്ടും പറയുമായിരുന്നുവെന്ന് എം. സ്വരാജ്. മൈ തിയറി ഈസ് നോട്ടെ ഡോഗ്‌മ എന്ന് കാൾമാർക്സ് പറഞ്ഞ സ്ഥിതിക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ മസാലബോണ്ടിടപാടിൽ തെറ്റൊന്നും സ്വരാജ് കാണുന്നില്ല.
ഇല്ലാതാക്കണമെന്ന് മാർക്സ് ആഗ്രഹിച്ച സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഊഹക്കച്ചവടബിസിനസ് ആരംഭിക്കാൻ മാർക്സിന്റെ പേരിലെ പാർട്ടി നേതാക്കൾ പോയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മനസിലാവുന്നേയില്ല. കെട്ടിപ്പൊക്കിയ സാങ്കല്പിക മൂലധനം ഇടിഞ്ഞപ്പോൾ ഫിനാൻസ് സ്ഥാപനമുടമയായ ഐസക് പിരിയർ തകർന്നു. അതുപോലെ മാർക്സിന്റെ താക്കീത് വകവയ്ക്കാതെ തകർന്നടിയാൻ പോകുന്ന അടുത്ത ഐസക്, തോമസ് ഐസക്കാകുമെന്നാണ് ചെന്നിത്തലയുടെ മുന്നറിയിപ്പ്.
കടലും കടലാടിയും പോലെയേ ഉള്ളൂ നിയോ ലിബറലിസവും സ്റ്രോക്ക് എക്സ്ചേഞ്ചിടപാടുമെന്ന ഭാവത്തിലാണ് തോമസ് ഐസക്. സ്റ്രോക്ക് എക്സ്ചേഞ്ച്, ബോണ്ട് എന്നൊക്കെ കേട്ടാലുടൻ നവ ലിബറലിസമായെന്ന് ചിന്തിക്കുന്ന പ്രതിപക്ഷത്തെ കണ്ടിട്ട് ഉള്ളടക്കമല്ല, രൂപമാണ് പ്രധാനമെന്ന് വാദിച്ച സാഹിത്യത്തിലെ രൂപഭദ്രതാവാദക്കാരെ പോലെ ഐസക്കിന് തോന്നി. പരിമിതിക്കുള്ളിൽ നിന്ന് നവബദലുണ്ടാക്കുകയാണെന്ന് പറയുന്ന പാവം ഐസക്കിനെ വെറുതേ സംശയിക്കരുത്.
കോന്നി മെഡിക്കൽ കോളേജിനായി അവസാനത്തെ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച് നിയുക്ത എം.പി അടൂർ പ്രകാശ് നിയമസഭയോട് വിട പറഞ്ഞു. വിടവാങ്ങലാണെങ്കിലും താനിനിയും ഇവിടെ വന്നുകൂടായ്കയില്ലെന്ന് പ്രകാശ് പറഞ്ഞിട്ടുണ്ട്.