നെടുമങ്ങാട്: അരുവിക്കരയിലെ പേരുകേട്ട ചിൽഡ്രൻസ് പാർക്കിൽ സായാഹ്ന വിനോദത്തിനായി മക്കൾക്കൊപ്പം എത്തുന്ന രക്ഷിതാക്കൾ കൈവശം മൊബൈൽ ടോർച്ചോ, ലൈറ്ററോ കരുതണം. ഇരുൾമൂടിയ പാർക്കിൽ കളിയുപകരണങ്ങൾ തേടിപ്പിടിക്കാൻ അതുപകരിക്കും. രക്ഷാകർത്താക്കൾ ടോർച്ച് തെളിച്ച് കുരുന്നുകൾ കളിക്കോപ്പുകളിൽ ഉല്ലസിക്കുന്നത് ഡാമിനു സമീപത്തെ ശിവ പാർക്കിലെ സ്ഥിരം കാഴ്ചയാണ്. ചുറ്റും കാടുമൂടിയ പാർക്കിൽ ഇഴജന്തു ശല്യവും പതിവാണ്. വാട്ടർ ഫൗണ്ടൻ, ഊഞ്ഞാൽ, സ്ലയിസുകൾ എന്നിവയടക്കം കളിയുപകരണങ്ങൾ പലതുണ്ടെങ്കിലും ഇരുട്ടിൽ തപ്പിത്തടഞ്ഞ് കണ്ടുപിടിക്കുകയേ നിർവാഹമുള്ളൂ. യഥാസമയം അറ്റകുറ്റപ്പണി നടത്താതെ തുരുമ്പിച്ച കളിക്കോപ്പുകളിലെ വിനോദം അപകടകരമാണ്. മുൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടുവർഷം മുമ്പ് സ്ഥാപിച്ച കളിക്കോപ്പുകളാണ് ഇപ്പോഴുള്ളത്.പാർക്കിന്റെ മേൽനോട്ടത്തിൽ അധികൃതർ തികഞ്ഞ അലംഭാവമാണെന്ന പരാതി ശക്തമാണ്. വൈദ്യുതി ബില്ല് ഒടുക്കാൻ പറ്റില്ലെന്ന ന്യായം പറഞ്ഞാണ് പാർക്കിലെ വൈദ്യുത വിളക്കുകൾ കത്തിക്കാത്തത്. പാർക്കിലെയും ഡാം പരിസരത്തെയും മുഴുവൻ വൈദ്യുത വിളക്കുകളുടെയും നിയന്ത്രണം വാട്ടർ അതോറിട്ടിക്കാണ്. അവർ സ്വിച്ച് ഓൺ ചെയ്‌താൽ പാർക്കും പരിസരവും ദീപ പ്രഭയിലമരും. പക്ഷെ,അതിനു തയാറല്ല. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മൗനത്തിലാണ്.
പാർക്കും പരിസരവും ഇരുട്ടിലായതോടെ പരാതി കേട്ടു മടുത്ത അരുവിക്കര ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവിൽ രണ്ടു മിനി ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു. പാർക്കിലും ബലിക്കടവിലും. വൈദ്യുതി ബില്ല് ഗ്രാമപഞ്ചായത്ത് ഒടുക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ വാട്ടർ അതോറിട്ടിയുടെ അനുവാദം ലഭിച്ചത്. ഇവയുടെ പ്രവർത്തനോദ്‌ഘാടനം വൈകാതെ നടക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികളും നാട്ടുകാരും.
ജില്ലയിലെ പ്രധാന ശുദ്ധജല സംഭരണിയും വിനോദസഞ്ചാര കേന്ദ്രവുമാണ് അരുവിക്കര. എന്നാൽ, അങ്ങനെയൊരു പരിഗണന വൈദ്യുതി ബോർഡ് അരുവിക്കരയ്ക്ക് നൽകിയിട്ടില്ല. അപ്പർഡാമായ പേപ്പാറയിൽ വൈദ്യുതോല്പാദനം നടക്കുന്നുണ്ടെന്ന ഉപകാരസ്മരണ പോലുമില്ല. ഡാം സൈറ്റിലും റിസർവോയർ മേഖലയിലും വൈദ്യുതി മുടക്കം പൊറുതിമുട്ടിക്കുകയാണ്. ഡാം പരിസരത്തെ ഇലക്ട്രിക് പോസ്റ്റിൽ ലൈൻ കമ്പി പൊട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മഴയിലും കാറ്റിലും മരക്കൊമ്പ് ഒടിഞ്ഞു വീണതാണ്. വൈദ്യുതി മുടക്കം ശുദ്ധജല പമ്പിംഗ് തടസപ്പെടുത്തുന്നത് വരെയെത്തി കാര്യങ്ങൾ. സമീപത്ത് സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം തകിടം മറിഞ്ഞത് സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഡാം റിസർവോയർ പ്രദേശങ്ങളിലെ വഴിവിളക്കുകൾ മിഴിയടച്ചിട്ട് നാളേറെയായി.
കുന്നംപള്ളിനട, കാഞ്ചിക്കാവിള, കാളിയാമൂഴി, വട്ടക്കണ്ണമൂല, മൈലമൂട്, മുള്ളിലിവൻമൂട്, വാഴവിള, പൊട്ടച്ചിറ പ്രദേശങ്ങളിൽ ഇഴജന്തു ശല്യം രൂക്ഷമാണ്. രാത്രിയായാൽ പിന്നെ പറയുകയും വേണ്ട. കാഞ്ചിക്കാവിള തീരത്ത് നിന്ന് വനം വകുപ്പ് അധികൃതർ അടുത്തിടെ പെരുമ്പാമ്പിനെ പിടികൂടി. മൂന്നു മാസത്തിനു മുമ്പും ഇവിടെ നിന്നുതന്നെ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. പെരുമ്പാമ്പിന്റെ സ്ഥിര സാന്നിദ്ധ്യം നാട്ടുകാരിൽ ഭീതിയും ആശങ്കയും വർദ്ധിപ്പിച്ചിട്ടുണ്ട്. റിസർവോയർ പ്രദേശത്ത് മിക്കയിടങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ലെന്നതും വസ്തുതയാണ്.