നേമം: കരമന - കളിയിക്കാവിള ദേശീയ പാതയിൽ നിത്യേന വാഹനാപകടങ്ങൾ ഏറിയിട്ടും നടപടിയില്ലെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കരമനയ്ക്കും പള്ളിച്ചലിനുമിടയിൽ ഉണ്ടായ 30 ഒാളം അപകടങ്ങളിൽ 6 ജീവനുകളാണ് പൊലിഞ്ഞത്. വാഹനങ്ങളുടെ അമിത വേഗതയാണ് പല അപകടങ്ങൾക്കും കാരണം. എന്നാൽ ഇപ്പോൾ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള ഭാഗത്ത് റോഡ് വീതി കൂട്ടൽ നടക്കുന്നതിനാൽ അപകട സാദ്ധ്യത കൂടുതലാണ്. പലപ്പോഴും ഇരുചക്രവാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് 80 കിലോമീറ്ററിലധികം വേഗത്തിലാണ്. മറ്റു വാഹനങ്ങളും തിരക്കൊഴിയുന്ന അവസരങ്ങളിൽ ഈ വേഗം കൈവരിക്കുന്നു. ഇടറോഡുകൾ വന്നു ചേരുന്ന ഇവിടെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെ അവഗണിച്ചു പായുകയാണ് പല വാഹനങ്ങളും. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നതിൽ ഹെവി വാഹനങ്ങളും ഉൾപ്പെടുന്നു. വെള്ളായണി ജംഗ്ഷനിൽ നടന്ന വാഹനാപകടങ്ങളിൽ മാത്രം കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്ന് മരണങ്ങളാണ് സംഭവിച്ചത്. ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം പള്ളിച്ചൽ സൗപർണിക ആഡിറ്റോറിയത്തിന് മുന്നിലുണ്ടായ അപകടത്തിൽ റസൽപുരം സ്വദേശിയായ യുവാവിന്റെ ജീവനാണ് പൊലിഞ്ഞത്. കരമന മുതൽ നേമം ജംഗ്ഷൻ വരെ 6 കിലോമീറ്ററോളം വരുന്ന ഭാഗത്ത് 7 സിഗ്നൽ പോയിന്റുകളാണുളളത്. ഈ ഭാഗങ്ങളിൽ എത്രയും വേഗം ട്രാഫിക് കാമറകൾ സ്ഥാപിച്ച് വാഹനങ്ങളെ നിയന്ത്രിച്ച് അപകടങ്ങൾ ഇല്ലാതാക്കണമെന്നാണ് പൊതുജനാഭിപ്രായം. കൂടാതെ ഈ ഭാഗങ്ങളിൽ ഡ്യൂട്ടിക്ക് പൊലീസുകാരെ നിയമിക്കണമെന്ന ജനങ്ങളുടെ ആവശ്യം ബന്ധപ്പെട്ട അധികൃതർ അവഗണിക്കുന്നതും അപകടങ്ങൾ ദിനം പ്രതി ഏറിവരാൻ കാരണമാകുന്നു. അപകട സാദ്ധ്യത കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലുകൾ ഒരുക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.