thomas-isaac

തിരുവനന്തപുരം: ലാവ്‌ലിൻ കമ്പനിയുമായി ബന്ധമുള്ള സി.ഡി.പി.ക്യൂ വാങ്ങിയെന്ന് പറഞ്ഞ് കിഫ്ബിക്ക് പണം കണ്ടെത്താനുള്ള മസാല ബോണ്ടിനെ അപഹസിക്കാനും സംശയം പരത്താനും പ്രതിപക്ഷം ശ്രമിക്കരുതെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. കിഫ്ബി മസാല ബോണ്ടിടപാടിൽ ദുരൂഹതയാരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ ലാവ്‌ലിന് തീറെഴുതാൻ ശ്രമിച്ചത് ജി. കാർത്തികേയനും പത്മരാജനുമുൾപ്പെടെയുള്ള യു.ഡി.എഫിന്റെ മുൻ വൈദ്യുതി മന്ത്രിമാരാണ്. മസാല ബോണ്ടിടപാടിൽ സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തെയും നശിപ്പിക്കുന്നതിന് സർക്കാർ കൂട്ടുനിന്നിട്ടില്ല. അന്താരാഷ്ട്ര വായ്പകൾ ലഭിക്കാൻ പലിശ നൽകണം. ബി.ബി റേറ്റിംഗുള്ള കേരളത്തിന് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് മസാലബോണ്ടിന്റെ 9.723 ശതമാനം പലിശ. മെട്രോ റെയിൽ പദ്ധതിക്കായി 10.5 ശതമാനം പലിശയ്‌ക്ക് കനറാബാങ്കിൽ നിന്ന് വായ്പയെടുത്ത യു.ഡി.എഫാണ് ഇപ്പോൾ പലിശ കൂടുതലാണെന്ന് ആരോപിക്കുന്നത്. സി.ഡി.പി.ക്യൂവിന് 2150 കോടിയുടെ ബോണ്ട് നൽകിയതിൽ ദുരൂഹതയില്ല. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന നടപടികളെല്ലാം സുതാര്യവുമാണ്. ഇതുസംബന്ധിച്ച രേഖകൾ ഏത് എം.എൽ.എയ്‌ക്കും പരിശോധിക്കാം.

സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ വായ്‌പയെടുക്കുന്നത് ഇടതുനയത്തിനെതിരാണെന്ന വാദം അടിസ്ഥാനരഹിതമാണ്. എന്നാൽ മസാലബോണ്ട് ഇടതുനയത്തിന് അനുകൂലമായ കെയ്‌നീഷ്യൻ നയമാണ്. മസാല ബോണ്ടും ഡോളർ ബോണ്ടുമിറക്കി പണം കണ്ടെത്തുമ്പോൾ അത് തിരിച്ചടയ്‌ക്കാൻ കഴിയുമെന്നതിൽ ആശങ്ക വേണ്ട. മോട്ടോർ വാഹന നികുതിയുടെ അമ്പത് ശതമാനം വരെയും പെട്രോളിന്റെ സെസും കിഫ്ബിക്ക് ഗ്രാന്റായി നൽകും. ഈ ഗ്രാന്റുപയോഗിച്ച് അത് കൊടുക്കാം. കൂടുതൽ പലിശ നഷ്ടമായി കാണരുത്. ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പൊതുകടം കൂടിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണ്. സംസ്ഥാനത്തിന്റെ വരുമാനത്തിന് ആനുപാതികമായിട്ടാണോ കടം കൂടുന്നതെന്ന് നോക്കിയാൽ മതിയെന്നും മന്ത്രി ഐസക് പറഞ്ഞു.