police

വിഴിഞ്ഞം: പൊലീസ് ‌സ്റ്റേഷനിൽ നിന്ന് ജീവനും കൊണ്ടോടിയ പ്രതിയെയും രക്ഷിക്കാനെത്തിയ ഭാര്യയെയും നടുറോഡിൽ പൊലീസ് ചവിട്ടിത്തേക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് ‌വെട്ടിലായി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ തിരുവല്ലം സ്റ്റേഷനിലും പരിസരത്തുമായിരുന്നു മൃഗീയമായ നാടകീയ രംഗങ്ങൾ. അയ‍ൽ വീട്ടിലുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത പാച്ചല്ലൂർ ചുടുകാട് മുടിപ്പുരയ്ക്ക് സമീപം കുളത്തിൻകര വീട്ടിൽ അനീഷ് (25) ആണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ എസ്.സി.പി.ഒ സൈമൺ,​ സി.പി.ഒ ഗോപിനാഥ് എന്നിവരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ സസ്‌പെൻഡ് ചെയ്തു.

സ്റ്റേഷനിൽ വച്ച്‌ ക്രൂരമായി മർദ്ദിച്ചതാണ് പ്രതി ഇറങ്ങി ഓടാൻ ഇടയാക്കിയത്. പിന്നാലെ എത്തിയ പൊലീസ് അനീഷിനെ പിടികൂടി വീണ്ടും തല്ലുന്നതുകണ്ടാണ് ഭാര്യയും അമ്മയും ഓടിയെത്തിയത്. ഉടുതുണി നഷ്ടപ്പെട്ട് റോഡിൽ വീണുകിടന്ന പ്രതിയെ പല പ്രാവശ്യം പൊലീസ് ചവിട്ടിത്തേക്കുന്നതും പിടിച്ചെഴുന്നേല്പിക്കാൻ ശ്രമിച്ച ഭാര്യയെ പല പ്രാവശ്യം മുട്ടുകാൽകൊണ്ട് തൊഴിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പൊലീസിന്റെ അതിക്രമം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അനീഷിനെ രക്ഷിച്ചത്. അവിടെനിന്ന് ‌വീണ്ടും അനീഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഭവം പുറത്തറിയിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും ക്രൂരദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെ വിവാദമായി. സംഭവത്തിൽ പൊലീസ് മേലധികാരികൾ റിപ്പോർട്ട് തേടിയിരുന്നു. അതിനിടയിൽ കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാൻഡ്‌ ചെയ്തു.

തിരുവല്ലം പൊലീസ് പറയുന്നത്

സമീപവാസിയായ സ്ത്രീയുടെ വീട്ടിൽ ആയുധവുമായെത്തി സ്ത്രീയെയും രണ്ടു പെൺകുട്ടികളെയും ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ചപ്പോൾ പ്രതി പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ ഗോപിനാഥൻ നായരെ തള്ളിയിട്ട ശേഷം ഇറങ്ങി ഓടി. പൊലീസ് പിന്നാലെ എത്തി പിടികൂടി. അപ്പോൾ അവിടെയെത്തിയ പ്രതിയുടെ ഭാര്യയും അമ്മയും രക്ഷപ്പെടുത്താൻ ശ്രമിച്ചു. പിടിയിലായ പ്രതി റിമാൻഡിലാണെന്നും പോക്സോ ഉൾപ്പെടെയുള്ള കേസുകളിൽ ഇയാൾ നേരത്തേ പ്രതിയായിരുന്നുവെന്നും തിരുവല്ലം പൊലീസ് പറഞ്ഞു.

''പൊതുനിരത്തിൽ ആളുകളുടെ മുന്നിൽ വച്ച് പ്രതിയെ മർദ്ദിച്ചതിന്റെ പേരിലാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്. ലഹരിയിലായിരുന്ന പ്രതി ചോദ്യം ചെയ്യുന്നതിനിടെ സ്‌റ്റേഷനിൽ നിന്ന് ഇറങ്ങി ഓടി. അങ്ങനെയാണ് പൊലീസുകാർ പിറകെ ഓടി കീഴ്‌പ്പെടുത്തിയത്. പ്രതി നേരത്തേ പോക്സോ കേസിൽ പ്രതിയാണ്. ഇപ്പോൾ പ്രതിക്കെതിരെ പീഡനാരോപണവുമായി ഒരു സ്ത്രീയുടെ പരാതിയുണ്ട്.

-സഞ്ജയ് കുമാർ ഗുരുദിൻ,​ സിറ്റി പൊലീസ് കമ്മിഷണർ