vld-1-

വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുട്ടമല, ചിറയക്കോട്, കുന്തളക്കോട്, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ വാഴിച്ചൽ എന്നീ പ്രദേശങ്ങളിൽ വൈകിട്ടോടെ ആഞ്ഞുവീശിയ കാറ്റിന്റെ നടുക്കത്തിൽ നിന്ന് പ്രദേശവാസികൾ ഇനിയും മോചിതരായില്ല. പത്ത് മിനിട്ട് നീണ്ടുനിന്ന കാറ്റിൽ മുപ്പതോളം വീടുകളും കൃഷിയിടങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്. അതിഭയാനകമായ ശബ്ദവും വെളുത്ത പുകയും മഴയും പിന്നെ കാറ്റുമാണുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. 25 വീടുകൾക്ക് ഭാഗികമായും അഞ്ചുവീടുകൾ പൂർണമായും തകർന്നു. ഈ പ്രദേശങ്ങളിലെ വാഴക്കൃഷി പൂർണമായും ഇല്ലാതായി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള നെയ്യാർഡാം ഫയർഫോഴ്‌സ് ഏറെപ്പണിപ്പെട്ടാണ് കടപുഴകിയ മരങ്ങൾ മുറിച്ചുമാറ്റിയത്. വില്ലോജ് ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ റവന്യൂ അധികൃതർ സ്ഥിതിഗതികൾ

വിലയിരുത്തി. എത്രരൂപയുടെ നഷ്ടമായെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി . ഷാജി, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി. അജയകുമാർ, ജില്ലാപഞ്ചായത്തംഗം അൻസജിത റസൽ, അമ്പൂരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ മധു, സി.പി.ഐ വെള്ളറട മണ്ഡലം സെക്രട്ടറി കള്ളിക്കാട് ചന്ദ്രൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

അമ്പൂരിയിൽ ദുരിതാശ്വാസ

ക്യാമ്പ് തുറന്നു

വെള്ളറട: ശക്തമായ കാറ്റ് ദുരിതംവിതച്ച അമ്പൂരിയിൽ അഞ്ചു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചിറയക്കോട് വാഴിച്ചൽ, കുട്ടമല, തുടങ്ങിയ സ്ഥലങ്ങളിൽ വീടുകൾ പൂർണമായും നശിച്ച കുടുംബങ്ങളെയാണ് ചിറയക്കോട് കമ്മ്യൂണിറ്റി ഹാളിൽ മാറ്റി താമസിപ്പിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പറഞ്ഞു.