വിതുര :ആദിവാസി മേഖലകളിൽ വർദ്ധിച്ചു വരുന്ന കാട്ടാനശല്യത്തിന് തടയിടണമെന്നും ആദിവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് ആദിവാസി സംഘടനകൾ. ജില്ലയിലെ വിതുര പഞ്ചായത്തിലാണ് ആനശല്യം രൂക്ഷമായിരിക്കുന്നത്. ഇപ്പോൾ പകൽ സമയത്തും ആദിവാസി ഉൗരുകളിൽ കാട്ടാനയുടെ വിളയാട്ടമാണ്. ഉപജീവനത്തിനായി ഇറക്കിയിരുന്ന കൃഷി മുഴുവൻ നശിപ്പിച്ചു. ആദിവാസി മേഖലകൾ പട്ടിണിയുടെ പിടിയിലാണ്. ആനശല്യത്തിന് പരിഹാരം കാണാനായി ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും കടലാസിലുറങ്ങുകയാണ്. അധികൃതരെ സമീപിച്ച് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പ്രശ്നത്തെ കുറിച്ച് വനംമന്ത്രിയും ട്രൈബൽ ഡിപ്പാർട്ട്മെന്റും ചർച്ചപോലും ചെയ്യുന്നില്ല. കാട്ടാന ആക്രമണത്തിൽ തുടരെ അഞ്ച് ആദിവാസികളാണ് കൊല്ലപ്പെട്ടത്. അഞ്ച് കുടുംബം അനാഥമായിട്ടും വനംവകുപ്പിന് മിണ്ടാട്ടമില്ലെന്നാണ് ആദിവാസികളുടെ പരാതി. മാത്രമല്ല ആദിവാസി മേഖലകളിലേക്ക് വന്നുകൊണ്ടിരുന്ന ബസ് സർവീസുകളും മുടങ്ങിയിരിക്കയാണ്.
ഉപജീവനത്തിനായി കാട്ടുകിഴങ്ങും മറ്റും ശേഖരിക്കാൻ കാട്ടിനുള്ളിൽ കയറാനാകാത്ത അവസ്ഥയാണ് ആദിവാസികൾക്ക്. സന്ധ്യയായാൽ പുറത്തിറങ്ങാനും കഴിയാറില്ല.
ബഡ്ജറ്റിൽ ആദിവാസി മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപയാണ് അനുവദിക്കാറുള്ളത്.എന്നാൽ എടുത്തു പറയത്തക്ക യാതൊരു വികസനവും നടപ്പിലാക്കാറില്ലെന്നും വൻ അഴിമതിയാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് ആദിവാസി, കാണിക്കാർ സംയുക്ത സംഘം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് സംസ്ഥാന ഭാരവാഹികളായ പി.ഭാർഗവൻ, കെ.രഘു, പി.സുധാകരൻ, വി.ഗിരീശൻ, വി.ഹരിലാൽ, എൻ.ഭാസ്കരൻ, എസ്.സഹദേവൻ, വി.സാംബശിവൻ, എസ്.വിശ്വംഭരൻ, സുലോചന, വിജയമ്മ എന്നിവർ അറിയിച്ചു.