kizhuvilamphc

മുടപുരം: കിഴുവിലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തുന്ന ജീവിതശൈലി രോഗികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസംചികിത്സ ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇപ്പോൾ ശനിയാഴ്ച മാത്രമാണ് ഇത്തരം രോഗികളെ ഡോക്ടർ പരിശോധിക്കുന്നത്. നിലവിൽ രാവിലെ 8 ന് എത്തുന്ന രോഗികൾക്ക് ഉച്ചകഴിഞ്ഞേ മടങ്ങാൻ സാധിക്കൂ എന്ന അവസ്ഥയാണ്. ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നായി നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിൽ എത്തുന്നത്. ഇതിൽ പ്രായാധിക്യം വന്നവരും അവശരും തൊഴിലുറപ്പ് തൊഴിലാളികളും ഉൾപ്പെടും. മാത്രമല്ല രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനുള്ള സ്ഥലവും പരിമിതമാണ്. ഈ കഷ്ടതയ്ക്ക് പരിഹാരം കാണാനാണ് ഡോക്ടറുടെ സേവനം മൂന്ന് ദിവസമെങ്കിലും ലഭ്യമാക്കണമെന്ന ആവശ്യമുയർന്നത്. മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജീവിത ശൈലിരോഗികൾക്ക് രണ്ട് ദിവസം ചികിത്സ ലഭിക്കുന്നുണ്ട്. മൂന്ന് ദിവസം ഒ.പിയുള്ള പി.എച്ച് സെന്ററുകളും ഉണ്ട്. അതിനാൽ കിഴുവിലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രോഗികളുടെ തിരക്ക് കണക്കിലെടുത്ത് ഇവിടെ ആഴ്ചയിൽ മൂന്ന് ദിവസം ഒ.പി പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.