കാട്ടാക്കട : കാട്ടാക്കടയിൽ മോഷണ പരമ്പര. ഇക്കഴിഞ്ഞ ദിവസം കൊല്ലക്കോണം പ്ലാവൂർ, കാനക്കോട് പ്രദേശങ്ങളിലാണ് മോഷണം നടന്നത്. 62,000 രൂപയും മൂന്ന് പവനുമാണ് കവർന്നത്. പ്ലാവൂർ ജംഗ്ഷനിലെ ചന്ദ്രന്റെ കടയിൽ നിന്ന് 40,000 രൂപയും മൂന്ന് പവനും, സെൽവരാജിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഡിജിറ്റിൽ കാമറയും മോഷ്ടിച്ചു. ഇവിടെ ആളില്ലായിരുന്നു.പിറ്റേന്ന് ആളെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.കൊല്ലക്കോണത്ത് വിജയന്റെ കൂടാരം റസ്റ്റോറന്റിൽ നിന്ന് 14,000 രൂപയും പ്ലാവൂർ ജംഗ്ഷനിലെ മഹേഷിന്റെ റസ്റ്റോറന്റിൽ നിന്ന് 8,000രൂപയും ഹാർഡ് ഡിസ്കുമാണ് കവർന്നത്.ഇവിടെ കടയുടെ പിൻഭാഗം കുത്തിത്തുറന്നായിരുന്നു മോഷണം. എല്ലായിടത്തും കാട്ടാക്കട പൊലീസും ഫിങ്കർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കാട്ടാക്കടയിലും പരിസരങ്ങളിലുമായി 19,24,26 തീയതികളിൽ 15ൽപ്പരം കടകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും സാധനങ്ങളുമാണ് മോഷണം പോയത്. പൊലീസും ഡോഗ് സ്ക്വാഡും പരിശോധനകൾ നടത്തുന്നതല്ലാതെ മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മോഷണം സ്ഥിരമായതോടെ കച്ചവടക്കാർക്ക് കടപൂട്ടി വീട്ടിൽ കിടന്ന് ഉറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. മോഷണം പതിവായതോടെ സ്റ്റേഷൻ പരിധിയിൽ പ്രത്യേക അന്വേഷണ സംഘവും ഷാഡോ പൊലീസിനെയും സജ്ജമാക്കിയതായാണ് പൊലീസിന്റെ വാദം. എന്നാൽ കള്ളന്മാർ പൊലീസിനെ വട്ടം ചുറ്രിച്ച് പ്രദേശങ്ങൾ മാറി മാറി മോഷണ പരമ്പര തുടരുകയാണ്. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.