vipin

കിളിമാനൂർ: കരളിന്റെ പ്രവർത്തനം തൊണ്ണൂറുശതമാനവും നിലച്ച വിപിൻകൃഷ്ണയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ഓട്ടത്തിലാണ് ഒരു നാടൊന്നാകെ. മടവൂർ തുമ്പോട് മുളവന അംബുജ വിലാസത്തിൽ വിജയകൃഷ്ണൻ, മിനി ദമ്പതികളുടെ ഇളയമകനാണ് 17കാരനായ വിപിൻകൃഷ്ണ. പ്ലസ് ടു കഴിഞ്ഞ വിപിൻകൃഷ്ണ കരളിലെ അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരൾമാറ്റ ശസ്ത്രക്രിയയിലൂടെയല്ലാതെ ഇനി ജീവതിത്തിലേക്ക് തിരികെ വരില്ലെന്ന് വിധിയെഴുതിയിരിക്കുകയാണ് ഡോക്ടർമാർ. കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിലും നിലവിൽ കരൾ മാറ്റിവെക്കുന്നില്ല. അതിനാലാണ് ഈ കുടുംബം വിപിൻകൃഷ്ണയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കരൾ മാറ്റി വെയ്ക്കുന്നതിനും തുടർചികിത്സയ്ക്കുമായി ഏകദേശം അമ്പതുലക്ഷം രൂപയാണ് ചെലവ് വരുന്നത്. കരൾ പകുത്ത് നൽകി മകനെ ജീവിത്തിലേക്ക് നടത്താൻ പിതാവ് വിജയകൃഷ്ണൻ തയ്യാറുമാണ്. എന്നാൽ നിർദ്ധന കുടുംബത്തിന് കരൾ മാറ്റ ശസ്ത്രക്രിയക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള നിവർത്തിയില്ല. സുമനസുകളുടെ സഹായം ഒന്നുകൊണ്ട് മാത്രമേ വിപിൻകൃഷ്ണയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനാകൂ. ഇതിനായി വിപിൻകൃഷ്ണയുടെ ബന്ധുക്കളും സുഹൃത്തുക്കളും, പിറന്ന ഗ്രാമവും കൈയ്മെയ് മറന്ന് സഹായ അഭ്യർത്ഥനയുമായി ഉണ്ട്. എന്നാൽ ഇത്രയും ഭീമമായ തുക കണ്ടെത്തിയാൽ മാത്രമേ ചികിത്സ നടക്കൂ. ഉദാരമതികളായ ജനങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിർദ്ധനം കുടുംബവും നാടും. വിപിൻകൃഷ്ണയുടെ ചികിത്സക്കായി അമ്മ മിനിയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇൻഡ്യ മടവൂർ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 57055288923, ഐ.എഫ്.സി കോഡ്- SBIN0070286. ഫോൺ: 8848655581, 9645343099.