തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ ശരിയായ നിലപാടാണ് സ്വീകരിച്ചതെങ്കിലും എല്ലാവരെയും അത് ബോദ്ധ്യപ്പെടുത്താനായില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ടു പോകാനാകും ഇനിയുള്ള ശ്രമം. ജനവിധി സി.പി.എമ്മും എൽ.ഡി.എഫും സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ തിരുത്തൽ വരുത്തും.
ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന യു.ഡി.എഫ് പ്രഖ്യാപനം സംശയാസ്‌പദമാണ്. ശബരിമല വിഷയത്തിൽ പാർട്ടിക്ക് വലിയ നിലയിൽ വോട്ട് ചോർന്നുവെന്ന് പറയാനാവില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ തീവ്രവാദ അജൻഡയായിരുന്നു പ്രധാന പ്രചാരണ വിഷയം. ഇത് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ ഏകീകരണമുണ്ടാക്കി. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ മോദിയെ പ്രതിരോധിക്കുമെന്ന പ്രചാരണവും ശക്തമായി. മതന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനകൂലമായി ഏകോപിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.
''ശബരിമല വിഷയത്തിൽ വെള്ളാപ്പള്ളി നടേശന് മുമ്പും വ്യത്യസ്ത അഭിപ്രായമാണുള്ളത്. നവോത്ഥാന സംരക്ഷണ പ്രവർത്തനവും മുന്നണിയും നല്ല രീതിയിൽ മുന്നോട്ട് പോകാനാണ് സാദ്ധ്യത. കേരളത്തിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച സംഘടനയാണ് എസ്.എൻ.ഡി.പി യോഗം. അതിന്റെ ജാഗ്രത വെള്ളാപ്പള്ളിക്കുണ്ട്.
ആലത്തൂരിൽ രമ്യാ ഹരിദാസിനെ കുറിച്ചുള്ള എന്റെ പ്രസംഗത്തിന്റെ രണ്ടര മിനിട്ട് വീഡിയോ മാത്രം കണ്ടിട്ടാണ് ആക്ഷേപം ഉന്നയിക്കുന്നത്. എന്റെ പ്രസംഗവും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞിട്ടില്ല."
ശൈലി മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ സി.പി.എമ്മിനെ പ്രത്യേക തരത്തിൽ വരച്ച് കാട്ടാൻ മാദ്ധ്യമങ്ങളിൽ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നായിരുന്നു വിജയരാഘവന്റെ മറുപടി. പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.