തിരുവനന്തപുരം : ഭരണഘടനയുടെ ആമുഖം, മൗലിക കർത്തവ്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്കിടയിൽ വിദ്യാഭ്യാസ കാലത്തുതന്നെ ശരിയായ അവബോധം സൃഷ്ടിക്കണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. 37 -ാമത് കുട്ടികളുടെ ദേശീയ സഹവാസ ക്യാമ്പ് ടാഗോർ തിയേറ്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാരാണ്. നമ്മൾ ഇന്ത്യക്കാരാണെന്ന് ബോദ്ധ്യം അവരിലുണ്ടാകണം. ശൈശവ വിവാഹവും ബാലവേലയുമടക്കം നിരോധിച്ചുകൊണ്ടുള്ള നിയമം നമ്മുടെ രാജ്യത്ത് നിലവിലുണ്ടെങ്കിലും കുട്ടികളുടെ ക്ഷേമത്തിനായി അതെല്ലാം നടപ്പിൽ വരുത്താൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള നിയമങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികൾക്കുകൂടി അനുഭവവേദ്യമാകണം. മാർക്കിന് വേണ്ടിയുള്ള അനാരോഗ്യകരമായ മത്സരവും ഇലക്ട്രോണിക് ഉപകരണങ്ങളുടെ അനാവശ്യ ഉപയോഗവും കുട്ടികൾക്കിടയിൽ ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. ദേശീയതയെക്കുറിച്ചുള്ള ബോധം കുട്ടികളിൽ ഉണ്ടാകുകയാണ് പ്രധാനമെന്നും വ്യത്യസ്‌തതകൾക്കിടയിലും നമ്മൾ ഒന്നെന്ന ചിന്ത വളർത്തിയെടുക്കാൻ ഇത്തരം ക്യാമ്പുകളിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ശിശുക്ഷേമ സമിതി പ്രസിഡന്റ് ഗീത സിദ്ധാർത്ഥ, സെക്രട്ടറി ഭരത് നായിക്, സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക്, കുട്ടികളുടെ പ്രസിഡന്റ് സ്നേഹ എന്നിവർ സംസാരിച്ചു.
തുടർന്ന് ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ഫ്രീഡം എന്ന മാജിക് ഷോയും നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 200 കുട്ടികളാണ് ഏഴു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ജൂൺ 3 ന് സമാപിക്കും.