yogam

കിളിമാനൂർ: മേഖലയിലെ കുടിവെള്ള പദ്ധതികളിലെ ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. കാരേറ്റ് പാലത്തിന് സമീപം വാമനപുരം നദിയ്ക്ക് കുറുകേ സ്ഥിരം തടയണ നിർമ്മിക്കുകയും ഇതിനായി ജൂൺ ആദ്യവാരം സംയുക്ത സംഘം സ്ഥലപരിശോധന നടത്തുമെന്നും കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമ്മാണം നടത്തുന്നതെന്നും നവംബറിൽ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ ബി.സത്യൻ അറിയിച്ചു. കരവാരം പുളിമാത്ത് നഗരൂർ കുടിവെള്ള പദ്ധതിക്കായി അനാ കുടിയിലും വണ്ടിതടത്തിലും ആവശ്യമുള്ള സ്ഥലം കിഫ്ബി ഫണ്ടിൽ നിന്നും ലഭ്യമാകുന്ന തുകയ്ക്ക് വാങ്ങി നൽകുവാൻ അടിയന്തര നടപടി സ്വീകരിക്കുവാൻ ഗ്രാമ പഞ്ചായത്തുകളെ ചുമതലപ്പെടുത്തുമെന്നും എം.എൽ.എ അറിയിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. കേരള വാട്ടർ അതോറിട്ടി എം.ഡി ഡോ. എ. കൗശിഗൻ ഐ.എ.എസ്, ചീഫ് എൻജിനിയർ ബി. ഷാജഹാൻ, സുരേഷ് ചന്ദ്രൻ, സുജാത കുമാർ, സന്തോഷ്, മുത്തുകുമാർ എന്നിവർ പങ്കെടുത്തു.