തിരുവനന്തപുരം:ഒളിമ്പ്യൻ മേഴ്സി കുട്ടനെ സംസ്ഥാന സ്പോട്സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ഇന്ന് രാവിലെ പതിനൊന്നിന് സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തി മേഴ്സിക്കുട്ടൻ ചുമതലയേറ്റെടുക്കുമെന്നാണ് വിവരം. മുഖ്യ മന്ത്രിയേയും കായിക മന്ത്രിയേയും കണ്ടശേഷമായിരിക്കും മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തി ചുമതലയേറ്രെടുക്കുക. മേഴ്സി കുട്ടനെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നേരത്തേ തന്നെ നിശ്ചയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്രച്ചട്ടം നിലനിന്നിരുന്നതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയത്.
സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. 1980കളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാ അത്ലറ്റുകളിൽ ഒരാളായിരുന്നു മേഴ്സി കുട്ടൻ. അർജ്ജുന, ജി.വി രാജ അവാർഡ് ജേതാവാണ്. 1988 ലെ സോൾ ഒളിമ്പിക്സിൽ 400 മീറ്ററിൽ ട്രാക്കിലിറങ്ങി. ആറു മീറ്റർ ചാടിയ ആദ്യ ഇന്ത്യൻ വനിതാ ലോംഗ്ജംപ് താരമാണ്. വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലായി 16 തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1982 ഏഷ്യൻ ഗെയിംസിൽ ലോംഗ്ജമ്പിൽ വെള്ളി നേടി. 1989 ൽ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റ് റിലേയിൽ സ്വർണം നേടിയ ടീമിലംഗമായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കായികഭരണരംഗത്തും പരിശീലനരംഗത്തും സജീവമാണ്. ടാറ്റാസിൽ സ്പോട്സ് ഓഫീസറായി വിരമിച്ച ശേഷം എറണാകുളത്ത് മേഴ്സി കുട്ടൻ അക്കാഡമി സ്ഥാപിച്ചു. പത്തുവർഷത്തിനിടെ അക്കാഡമിയിൽനിന്ന് 9 കായികതാരങ്ങൾ ഇന്ത്യൻ കുപ്പായമണിഞ്ഞു. 2016 ൽ കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായി. പ്രശസ്ത കായികതാരമായിരുന്ന പരേതനായ മുരളി കുട്ടനാണ് ഭർത്താവ്. മക്കൾ: സൂരജ് കുട്ടൻ, സുജിത് കുട്ടൻ. പത്മിനി തോമസിനും അഞ്ജു ബോബി ജോർജിനും ശേഷം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റാകുന്ന ആദ്യ അന്താരാഷ്ട്ര വനിതാ അത്ലറ്രാണ് മേഴ്സിക്കുട്ടൻ.