തിരുവനന്തപുരം: കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്നാണ് കുമാരപുരത്തെ ഫ്ലാറ്റിൽ വൃദ്ധൻ തൂങ്ങി മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. പോക്കറ്റിൽ നിന്ന് കിട്ടിയ ആത്മഹത്യാകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറയുന്നു. കഴിഞ്ഞ 26നാണ് കുമാരപുരം മോസ്ക് ലെയ്നിലെ ഫ്ലാറ്റിലെ അഞ്ചാം നിലയിൽ പേട്ട എസ്.എൻ നഗറിൽ 126-എ യിൽ ചന്ദ്രമോഹനെ (65) മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചന്ദ്രമോഹന്റെ പോക്കറ്റിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തുകയായിരുന്നു. കുറിപ്പിൽ കടബാദ്ധ്യതയിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും ആനയറ വേൾഡ് മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ പത്തനംതിട്ട സ്വദേശിയടക്കം 3 പേർ തനിക്ക് 22 ലക്ഷത്തോളം രൂപ നൽകാനുണ്ടെന്നും എഴുതിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായിരുന്ന ചന്ദ്രമോഹൻ ജോലിയിൽ നിന്ന് വിരമിച്ചശേഷം ഏറെക്കാലം വിദേശത്ത് ജോലിചെയ്‌തിട്ടുണ്ട്. ശേഷം ആനയറ വേൾഡ് മാർക്കറ്റിലെ ഒരു കുലക്കടയിൽ സഹായിയായി ജോലി നോക്കുകയായിരുന്നു. തന്റെ കൈയിലുള്ള പണത്തിന് പുറമേ പലരിൽ നിന്നും കടംവാങ്ങിയാണ് ചന്ദ്രമോഹൻ പലർക്കായി പണം നൽകിയത്. ആറ് വർഷത്തോളമായി ഈ പണം കിട്ടാക്കടമായി മാറി. ഇതിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ചന്ദ്രമോഹനെന്ന് വീട്ടുകാരും പറയുന്നു. 26ന് പണം വാങ്ങാനെന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടിൽ നിന്ന് രാവിലെ ഒൻപതരയോടെ ഇറങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.