തിരുവനന്തപുരം : ഗവർണറും മന്ത്രിയുമെല്ലാം പങ്കെടുത്ത 37 - ാമത് കുട്ടികളുടെ ദേശീയ സഹവാസ ക്യാമ്പിന്റെ ഉദ്‌ഘാടന വേദിയിൽ താരമായത് കുട്ടികളുടെ പ്രധാനമന്ത്രി സ്നേഹ എന്ന മിടുക്കി. ഇന്നലെ ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിലാണ് മൂന്ന് ഭാഷയിൽ തട്ടും തടവുമില്ലാതെ പ്രസംഗിച്ച് സ്നേഹ സദസിന്റെ ആദരവ് ഏറ്റുവാങ്ങിയത്. ദേശീയോദ്ഗ്രഥനത്തെക്കുറിച്ചും നാനാത്വത്തിൽ ഏകത്വത്തെക്കുറിച്ചും മലയാളത്തിലാണ് സ്നേഹ പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിന്റെ ഒഴുക്കും സ്ഫുടതയും കേട്ടറിഞ്ഞ ഗവർണർ സ്നേഹ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു. മലയാളത്തിലെ പ്രസംഗത്തിന് ശേഷം ഇംഗ്ലീഷിലും പിന്നാലെ ഹിന്ദിയിലും സ്നേഹ സംസാരിച്ചു. ഒരു തവണപോലും തെറ്റാതെ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ സദസ് കരഘോഷം മുഴക്കി. ഗവർണർ പ്രസംഗിച്ചു തുടങ്ങിയപ്പോൾ സ്നേഹയെ പ്രശംസിക്കാൻ മറന്നില്ല. മൂന്നുഭാഷയിലുള്ള പ്രസംഗം നന്നായെന്ന് പറഞ്ഞതോടെ സദസ് കൈയടിച്ചു അംഗീകരിക്കുകയും ചെയ്തു. കാർമൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സ്നേഹ.