തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിെ വിജയാഹ്ലാദം പങ്കിടാൻ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ പാർട്ടി മുഖപത്രത്തിന്റെ ഫണ്ടിനെ ചൊല്ലി എഡിറ്റർ പി.ടി. തോമസ് എം.എൽ.എയും മാനേജിംഗ് എഡിറ്ററായ കെ.പി.സി.സി ജനറൽസെക്രട്ടറി ശൂരനാട് രാജശേഖരനും തമ്മിൽ വാക്പോര്. മുഖപത്രമായ വീക്ഷണത്തിന് രണ്ടര കോടി രൂപ കടമുണ്ടെന്ന് പി.ടി. തോമസ് വിവരിച്ചപ്പോൾ അതെങ്ങനെയുണ്ടായെന്ന് ചോദിച്ച് ശൂരനാട് എഴുന്നേറ്റതോടെയാണ് രൂക്ഷമായ തർക്കത്തിലേക്ക് നീങ്ങിയത്. പത്രത്തിന്റെ സാമ്പത്തിക സ്ഥിതി കമ്മിഷനെ വച്ച് അന്വേഷിക്കാനും തനിക്ക് വീഴ്ചയുണ്ടെന്ന് തെളിയിച്ചാൽ എം.എൽ.എസ്ഥാനം രാജിവയ്ക്കാമെന്നും പി.ടി. തോമസ് തുറന്നടിച്ചു.
പത്രം നടത്താൻ ഫണ്ട് സമാഹരിക്കണമെന്നും ബൂത്ത്തലങ്ങളിൽ മൂവായിരം രൂപയുടെ ഓഹരികൾ സമാഹരിക്കാനും സർക്കുലേഷൻ കൂട്ടാനും നടപടികളെടുക്കണമെന്നും തോമസ് നിർദ്ദേശിച്ചു. താൻ ചുമതലയേറ്റപ്പോൾ ഗതികേടിലായിരുന്നെന്നും ഒരു വർഷം വല്ല വിധേനയും ഓടിക്കുകയായിരുന്നുവെന്നും കണക്കുകൾ നിരത്തി തോമസ് വിവരിച്ചു.
അപ്പോഴാണ് ശൂരനാട് രാജശേഖരൻ പി.ടി. തോമസിനെ പ്രതിക്കൂട്ടിൽ നിറുത്തിയത്. . ഇതോടെ പി.ടി. തോമസ് വികാരാധീനനായി. അവിടെ നിന്ന് ഒരു രൂപ പോലും എടുക്കുകയോ ഒരു ചായ പോലും വാങ്ങിക്കുടിക്കുകയോ ചെയ്യാത്ത തന്നെയാണ് പഴി പറയുന്നതെന്ന് പറഞ്ഞ്, കണക്കുകൾ അദ്ദേഹം യോഗത്തിന് മുമ്പാകെ വച്ചു. ഇത് പരിശോധിച്ച് താനെന്തെങ്കിലും കട്ടോ എന്ന് നോക്കണം. വിളിച്ചാൽ കിട്ടുന്ന വ്യക്തിയല്ല എം.ഇ. ഓവർഡ്രാഫ്റ്റായ 50ലക്ഷം രൂപ ഒരു വിധമാണ് അടച്ചത്. വീണ്ടും ഒ.ഡിക്കായി സംയുക്തമായി ജാമ്യം നിൽക്കാൻ എ.ഇയോട് അഭ്യർത്ഥിച്ചപ്പോൾ തന്റെ വീട് പോകുമെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറി. തനിക്കും കുടുംബത്തിനും ആകെയുള്ള അഞ്ച് സെന്റ് ഈട് നൽകിയാണ് ഒ.ഡിയെടുത്തത്. എന്നിട്ട് തന്റെ വിശ്വാസ്യതയെയാണ് എം. ഇ ചോദ്യം ചെയ്യുന്നതെന്നും പി.ടി. തോമസ് പറഞ്ഞു. പി.ടി. തോമസും ശൂരനാടും പത്രനടത്തിപ്പിന്റെ പേരിൽ നാളുകളായി ശീതസമരത്തിലാണെന്നാണ് സൂചന.