train-time

തിരുവനന്തപുരം: ട്രെയിനിൽ നഷ്ടപ്പെടുന്ന വസ്തുക്കൾ ഉടമയ്ക്ക് തിരികെ നൽകാൻ ഓൺലൈൻ സൗകര്യമൊരുക്കി റെയിൽവെ അധികൃതർ. 'മിസിംഗ് കാർട്ട്' എന്ന പേരിലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രെയിനിലും റെയിൽവെ സ്റ്റേഷൻ പരിധിക്കകത്തുമായി യാത്രക്കാർക്ക് നഷ്ടപ്പെടുന്ന വസ്തുക്കൾ തിരികെ ലഭിക്കാൻ അവസരമൊരുക്കുന്നത്. ആദ്യഘട്ടത്തിൽ പരീക്ഷണാർത്ഥം തിരുവനന്തപുരം റെയിൽവെ ഡിവിഷനിൽ പദ്ധതി നടപ്പാക്കും.

പ്രളയകാലത്ത് നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ ഉടമസ്ഥരുടെ പക്കൽ എത്തിക്കുന്നതിന് ഒരു കൂട്ടം യുവാക്കളാണ് മിസിംഗ് കാർട്ട്' എന്ന ആശയത്തിന് തുടക്കം കുറിച്ചത്. കെ.എസ്‌.ഐ.ഡി.സിയുടെ ബിസിനസ് സ്റ്റാർട്ടപ്പാണിത്. ഈ ആശയവുമായി ഇതിന്റെ സ്ഥാപകർ ആർ.പി.എഫിനെ സമീപിച്ചതോടെ

പദ്ധതി ആവിഷ്‌കരിക്കാൻ ആർപിഎഫ് അനുമതി നൽകുകയായിരുന്നു. 17 റെയിൽവെ സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക.

 സെർച്ച് ചെയ്ത് കണ്ടെത്താം

missingcart.com എന്ന വൈബ്‌സൈറ്റിന്റെ ഹോംപേജിൽ ആർ.പി.എഫ് ഹെൽപ് ലൈൻ നമ്പർ, ഉടമസ്ഥന് നഷ്ടപ്പെട്ട വസ്തുവിന്റെ വിവരങ്ങൾ, റെയിൽവെ അധികൃതർക്ക് ലഭിച്ചിട്ടുള്ള വസ്തുക്കളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തും. റെയിൽവേയ്ക്ക് കണ്ടുകിട്ടുന്ന വസ്തുക്കളുടെ വിവരങ്ങൾ ആർ.പി.എഫ്. മിസ്സിംഗ് കാർട്ടിൽ ഉൾപ്പെടുത്തുന്നതോടെ യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ തങ്ങളുടെ വസ്തുക്കൾ സെർച്ച് ചെയ്ത് കണ്ടെത്താനാകും.