തിരുവനന്തപുരം : ഒരു ഗ്രാമത്തിൽ നിന്നും രണ്ടുപേർക്ക് സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. മികച്ച ഹാസ്യാഭിനേതാവായി തിരഞ്ഞെടുത്ത എൻ.കെ. കിഷോറും മികച്ച കമന്റേറ്ററായ ഗിരീഷ് പുലിയൂരുമാണ് ഉഴമലയ്ക്കൽ പഞ്ചായത്തിലെ പരുത്തിക്കുഴി ഗ്രാമത്തിലേക്ക് അവാർഡ് നേട്ടം കൊണ്ടുവന്നത്. ഇരട്ട അവാർഡ് നേട്ടം കൈവന്നതോടെ ആവേശത്തിലാണ് പരുത്തിക്കുഴി ഗ്രാമ നിവാസികൾ. കൈരളി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉള്ളത് പറഞ്ഞാൽ എന്ന കോമഡി പ്രോഗ്രാമിലെ അഭിനയത്തിനാണ് കിഷോറിന് അവാർഡ് ലഭിച്ചത്. കുട്ടിക്കാലത്ത് മിമിക്രി വേദികളിലൂടെയാണ് കിഷോർ അഭിനയ രംഗത്ത് എത്തിയത്. നടന്മാരായ സുരാജ് വെഞ്ഞാറമൂട്, റിയാസ് നർമ്മകല എന്നിവർക്കൊപ്പമായിരുന്നു മിമിക്രി അവതരിപ്പിച്ചിരുന്നത്. പിന്നീട് ടെലിവിഷൻ പരിപാടികളിലൂടെ അഭിനയ രംഗത്തെത്തി. ഇതിനിടയിൽ നിരവധി സിനിമകളിലും അഭിനയിച്ചു. മികച്ച അവതാരകനുള്ള അവാർഡ് ഇതിന് മുൻപ് കിഷോർ നേടിയിട്ടുണ്ട്. ഷാപ്പിലെ കറിയും നാവിലെ രുചിയും, ഇതാണ് ഞങ്ങ പറഞ്ഞ നടൻ, ഗ്രാമോത്സവം തുടങ്ങി നിരവധി ജനപ്രിയ പരിപാടികളുടെ അവതാരകനാണ്.
പി.ഭാസ്കരൻ, എ.ആർ.രാജരാജവർമ്മ അവാർഡ് അടക്കം പത്തിലധികം കവിതാ അവാർഡുകൾ നേടിയ കവി ഗിരീഷ് പുലിയൂരിനാണ് മികച്ച കമന്റേറ്റർക്കുള്ള അവാർഡ് ഇക്കുറി ലഭിച്ചത്. ഓഖി: കടൽ കാറ്റെടുത്തപ്പോൾ എന്ന വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിൽ ശബ്ദം നൽകിയതിനാണ് അവാർഡ്. വിവരണ പാടത്തിന്റെ ഭാവവും വികാരവും ഉൾക്കൊണ്ടുള്ള അനായാസ അവതരണമെന്നാണ് ജൂറി അവാർഡ് പ്രഖ്യാപനത്തിൽ വിലയിരുത്തിയത്. പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഗിരീഷ് പുലിയൂർ നടൻ, അവതാരകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനാണ്. രണ്ടു അവാർഡ് ജേതാക്കൾക്കും സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പരുത്തിക്കുഴി ഗ്രാമം.