തിരുവനന്തപുരം: ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകൾക്ക് മുമ്പായി കെ.പി.സി.സി പുന:സംഘടന പൂർത്തിയാക്കണമെന്ന് ഇന്നലെ ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം നിർദ്ദേശിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻ ചാണ്ടിയുമായും ചർച്ച ചെയ്ത് ഇക്കാര്യത്തിൽ എത്രയും വേഗം നടപടികളെടുക്കാൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ യോഗം ചുമതലപ്പെടുത്തി. പുന:സംഘടന ഒട്ടും നീട്ടിക്കൊണ്ടുപോകരുതെന്ന് ഉമ്മൻ ചാണ്ടി, എം.എം. ഹസ്സൻ, കെ.വി. തോമസ്, വി.ഡി. സതീശൻ തുടങ്ങിയവർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. പ്രത്യേകസാഹചര്യത്തിലാണ് ഇത്രയും വലിയ വിജയമുണ്ടായത്. അല്ലാതെ പാർട്ടിയുടെ സംഘടനാസംവിധാനം ഒട്ടും ശക്തമല്ല. ഇതുവച്ച് ഉപതിരഞ്ഞെടുപ്പുകളെ നേരിടാനാവില്ലെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി.
ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട ആറ് നിയമസഭാ മണ്ഡലങ്ങളിലും മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിക്കൊണ്ട് ഇപ്പോഴേ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും യോഗം നിർദ്ദേശിച്ചു. എം.എം. ഹസ്സനാണ് ഈ നിർദ്ദേശം വച്ചത്. യോഗം ഇതംഗീകരിക്കുകയായിരുന്നു. ആലപ്പുഴ തോൽവിയിൽ അന്വേഷണത്തിനുള്ള കെ.പി.സി.സി നേതൃയോഗത്തിലെ തീരുമാനം യോഗം അംഗീകരിച്ചു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ പോയതിനാൽ യോഗം അധികം നീണ്ടില്ല.