പാറശാല: കേരളത്തിലെ പൊതുവിദ്യാഭ്യാസം വിദ്യാർത്ഥികളെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്ന്
മന്ത്രി സി. രവീന്ദ്രനാഥ്. പാറശാല നിയോജക മണ്ഡലത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയായ ' സൂര്യകാന്തി 'യുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി പാറശാല നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാ സംഗമത്തിന്റെ ഉദ്‌ഘാടനം, ഹയർ സെക്കൻഡറി ഫണ്ട് ഉപയോഗിച്ച് പാറശാല ഗവ. സ്‌കൂളിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ മന്ത്രി നിർവഹിച്ചു.
നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള സൂര്യകാന്തി പുരസ്കാര വിതരണം, ഹയർ സെക്കൻഡറിയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളായ ചന്ദ്ര, ഗോകുൽ എന്നിവർക്ക് സൂര്യകാന്തി അക്ഷര പ്രഭ പുരസ്കാരം, വിവിധ മേഖലകളിലെ മികവിനുള്ള സൂര്യകാന്തി എക്സലൻസ് അവാർഡ്, സമ്പൂർണ വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള പുരസ്കാരം എന്നിവയുടെ വിതരണവും മന്ത്രി നിർവഹിച്ചു. പാറശാല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള മഹായിടവക ബിഷപ്പ് എ.ധർമ്മരാജ് റസാലം, ശിവഗിരി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
കേരള സാഹിത്യ അവാർഡ് ജേതാക്കളായ ഡോ.എസ്.വി.വേണുഗോപൻ നായർ, പ്രൊഫ വി.മധുസൂദനൻ നായർ എന്നിവർ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. സി.എസ്.ഗീതാ രാജശേഖരൻ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.എസ്.കെ.ബെൻ ഡാർവിൻ, വിചിത്ര, പാറശാല ബ്ലോക്ക് പഞ്ചായത്തംഗം വൈ സതീഷ്, പി.എ നീല, എം.മനോജ് കുമാർ, പി.റ്റി.അബ്ദുൾ നാസർ, സെലിൻ ജോസഫ്, ഉദയകുമാർ, കൃഷ്ണകുമാർ, സ്റ്റാൻലി ജോൺ, എൽ.രാജദാസ്,ആർ.ജയശ്രീ, ജെ.ചന്ദ്രിക,പി.ടി.എ പ്രസിഡന്റ് വി.അരുൺ എന്നിവർ സംസാരിച്ചു. സൂര്യകാന്തി കോ ഓർഡിനേറ്റർ ഡോ. ബിജു ബാലകൃഷ്ണൻ സ്വാഗതവും, സംഘാടക സമിതി ചെയർമാൻ എസ്.സുരേഷ് നന്ദിയും പറഞ്ഞു.