തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു കട്ടപ്പനയിലേക്ക് നിയമ വിരുദ്ധ സർവീസ് നടത്തിവന്ന കൈറോസ് എന്ന സ്വകാര്യ ബസ് പിടിയിൽ. കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് കഴക്കൂട്ടത്തു വച്ച് മോട്ടോർ വാഹനവകുപ്പ് ബസ് പിടികൂടിയത്. ബസിൽ 43 യാത്രക്കാരുണ്ടായിരുന്നു. പല സ്ഥലങ്ങളിലേക്കുള്ള പാഴ്സലും ഉണ്ടായിരുന്നു. വാഹനം കസ്റ്റഡിയിലെടുത്ത് തമ്പാനൂർ ബസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. മുമ്പ് ഏഴ് തവണ ഇത്തരത്തിൽ നിയമലംഘനം നടത്തിയതിന് ഈ ബസിനെ പിടികൂടിയിട്ടുണ്ട്. കോട്ടയം ആസ്ഥാനമായ കൊണ്ടോട്ടി മോട്ടോഴ്സിന്റെ ഉടമസ്ഥതയിലാണ് ബസ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് കൈറോസ് നിരവധി സർവീസുകൾ നടത്തുന്നുണ്ട്. എല്ലാം നിയമവിരുദ്ധ സർവീസുകളാണ്. ബസ് ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കഴക്കൂട്ടം ആർ.ടി.ഒ എസ്.പി. സ്വപ്ന അറിയിച്ചു. പരിശോധനയിൽ മോട്ടോ‌ർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എസ്.അജിത് കുമാർ, എ.എം.വിമാരായ രജ്ഞിത്ത്, ജയചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസേഴ്സായ കൃഷ്ണപ്രസാദ്, ഇസ്മായിൽ എന്നിവർ പങ്കെടുത്തു. ഇത്തരം നിയമവിരുദ്ധ സർവീസുകൾ അവസാനിപ്പിക്കാൻ ബസുടമകൾ തയാറായില്ലെങ്കിൽ കർശനമായ നടപടിയുണ്ടാകുമെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ എബി ജോൺ അറിയിച്ചു.