തിരുവനന്തപുരം: പഴവങ്ങാടിയിലെ ചെല്ലം അംബ്രല്ലാ മാർട്ടിലുണ്ടായ തീപിടിത്തം അട്ടിമറിയല്ലെന്ന് ഫയർഫോഴ്സിന്റെ റിപ്പോർട്ട്. എന്നാൽ,​ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റീജിയണൽ ഫയർഓഫീസർ നൗഷാദ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് വെള്ളിയാഴ്ച ഡയറക്ടർ ജനറലിന് കൈമാറും. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നതിന് പ്രാഥമിക തെളിവുകൾ പരിശോധനയിൽ ലഭിച്ചിട്ടില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗം കടയിൽ പരിശോധന നടത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് അവരാണ് സ്ഥിരീകരിക്കേണ്ടത്. അഗ്നിബാധയുടെ ഉറവിടം കടയിൽ നിന്ന് തന്നെയാണ്. സംഭവദിവസം ചെല്ലം അംബ്രല്ലാ മാർട്ടിൽ മാലിന്യങ്ങൾ കത്തിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. രാവിലെ ഏഴോടെ തന്നെ കടയ്ക്ക് തീപിടിച്ചിരുന്നെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. എന്നാൽ വിവരം അഗ്നിശമന സേനയെ അറിയിച്ചത് ഒമ്പതിന് മാത്രമാണ്. ആ സമയത്തിനുള്ളിൽ കടയുടെ ഭൂരിഭാഗവും കത്തിയിരുന്നു. സി.സി ടി.വി ദൃശ്യങ്ങളിൽ ഏഴിന് കടയിൽ നിന്ന് പുക വരുന്നത് വ്യക്തമാണ്. നേരത്തെ തന്നെ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി പരിസരവാസികളും മൊഴി നൽകിയിട്ടുണ്ട്. ഈ പ്രദേശത്തെ കടക്കാരും വീട്ടുകാരും ചവറ് കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണെന്നും ഫയർഫോഴ്സ് റിപ്പോർട്ടിലുണ്ട്. എന്നാൽ തീപിടിത്തത്തിന് കാരണം ഇതാണോയെന്നും റിപ്പോർട്ടിൽ ഉറപ്പിച്ച് പറയുന്നില്ല. കത്തിയ കട ഫയർഫോഴ്സിന്റെ മാനദണ്ഡങ്ങൾക്ക് കീഴിൽ വരുന്നതല്ല. മൂന്നോ അതിൽ കൂടുതലോ നിലകൾ പണിയുന്നുണ്ടെങ്കിൽ മാത്രമേ ഫയർഫോഴ്സിന്റെ മാനദണ്ഡങ്ങൾ ബാധകമാകുകയുള്ളൂ. നീറിപ്പുകഞ്ഞ ശേഷം തീ പടർന്നതിന്റെ ലക്ഷണങ്ങളും കടയിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെല്ലം അംബ്രല്ലാ മാർട്ടിന്റെ ഗോഡൗൺ അനധികൃതമായി നിർമ്മിച്ചതാണെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. പഴയ ഒരു വീടിനെ ആസ്ബസ്റ്റോസ് ഷീറ്റിട്ട് ഗോഡൗണാക്കി മാറ്റുകയായിരുന്നു. ഇത് നിയമാനുസൃതമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 പരിശോധന തുടങ്ങി

ചെല്ലം അംബ്രല്ലാ മാർട്ടിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ കടകളിൽ ഫയർസേഫ്റ്റി വിഭാഗം പരിശോധന തുടങ്ങി. ഫയർഫോഴ്സിന്റെ നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ നിയമപരമല്ലാതെ ഗോഡൗണുകളോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളോ നടത്തുന്നുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. അനധികൃതമായി ഗോഡൗൺ പ്രവർത്തിപ്പിക്കരുതെന്നും സൂക്ഷിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ സാധനങ്ങൾ കടയിൽ ശേഖരിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഫയർസേഫ്റ്റി ഡയറക്ടർ ജനറൽ കത്ത് നൽകിയിട്ടുണ്ട്.