കഴക്കൂട്ടം: കഴക്കൂട്ടത്ത് സ്കൂൾ ബസടക്കം നിരവധി വാഹനങ്ങൾ അടിച്ചു തകർത്ത പ്രതി ആറ്റിപ്ര കല്ലിംഗൽ കൊല്ലംവിളാകം വീട്ടിൽ ജിഷ്ണു വിജയനെ (21) പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് കഞ്ചാവ് ലഹരിയിലായിരുന്ന ജിഷ്ണു വിജയ് കഴക്കൂട്ടം മുതൽ കല്ലിംഗൽവരെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കല്ലെറിഞ്ഞും അടിച്ചും തകർത്തത്. കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ പാർക്കുചെയ്തിരുന്ന ബസുൾപ്പെടെ പതിനഞ്ചോളം സ്വകാര്യ വാഹനങ്ങൾ തകർത്ത ജിഷ്ണു ഒളിവിൽ കഴിയാനായി രക്ഷപ്പെടുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. മുമ്പും കഞ്ചാവു കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിരുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ വർഷവും സമാനമായ സംഭവം കഴക്കൂട്ടത്ത് നടന്നു. അന്ന് മൂന്ന് പ്രതികളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അൻവർ, എസ്.ഐ ഷാജി, സി.പി.ഒ മാരായ അൻസിൽ, അരുൺ, ശരത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.