noval

അണലി അക്‌ബറിന്റെയും പരുന്ത് റഷീദിന്റെയും കണ്ണുകളിൽ വല്ലാത്തൊരു വെളിച്ചം മിന്നി.

''ഞങ്ങൾക്ക് അങ്ങോട്ട് കണക്കു പറഞ്ഞ് കാശ് വാങ്ങിക്കുന്ന രീതി കുറവാ സാറേ... പ്രത്യേകിച്ചും നിങ്ങളോടൊക്കെ. നിങ്ങൾ ആദ്യം തുക പറയുക. പോരെങ്കിൽ ഞങ്ങൾ പറയാം. കൊല്ലുന്നത് ഒരു സർക്കിൾ ഇൻസ്പെക്ടറെ ആണെന്നു മാത്രം മറക്കാതിരുന്നാൽ മതി."

അണലി പറഞ്ഞു.

പ്രജീഷും എം.എൽ.എ ശ്രീനിവാസ കിടാവും പരസ്പരം നോക്കി.

പിന്നീട് സംസാരിച്ചത് കിടാവാണ്.

''കാര്യം ഞങ്ങൾ പറഞ്ഞിട്ടാണ് ആ ചെറുക്കൻ വിവേകിന് നിങ്ങൾ മരുന്ന് ഇൻജക്ടു ചെയ്തതെങ്കിലും സി.ഐ അലിയാരുടെ മുന്നിൽ നിങ്ങളിരുവരും കൂട്ടുപ്രതികളാണ്. ആ നിലയ്ക്ക് അയാൾ മരിക്കേണ്ടത് നിങ്ങളുടെ കൂടി ആവശ്യമാണ്."

അണലിയുടെയും പരുന്തിന്റെയും മുഖങ്ങൾ മങ്ങുന്നത് കിടാവ് കണ്ടു. അയാൾ തുടർന്നു:

''പക്ഷേ ഞങ്ങൾ തുക ഒട്ടും കുറയ്ക്കുന്നില്ല. ഡിവൈ.എസ്.പി ആദിൽനാഥിന് കൊടുക്കാമെന്ന് ഏറ്റ ഒരു തുകയുണ്ടായിരുന്നു. മുപ്പത് ലക്ഷം! അത് നിങ്ങൾക്കു തന്നിരിക്കും. എന്തു പറയുന്നു?"

''മതി." പരുന്തും അണലിയും ഏക സ്വരത്തിൽ സമ്മതിച്ചു.

അപ്പോൾത്തന്നെ കിടാവ് പത്തുലക്ഷം രൂപ അഡ്വാൻസായി നൽകി.

''ഇന്ന് രാത്രിയിൽത്തന്നെ കാര്യം നടന്നിരിക്കണം. അവന്റെ ശവം പോലും ആരും കാണരുത്."

''ഇല്ല സാർ..." ഇരുവരും എഴുന്നേറ്റു. ഫാം ഹൗസിൽ നിന്ന് അംബാസിഡർ കാർ മെല്ലെ അകന്നു പോയി....

*** ** **

രാത്രി 11 മണി.

അപ്പോഴും നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു സി.ഐ അലിയാർ.

വിവേക് ക്രമേണ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയിരുന്നു.

അവനെ തന്റെ ക്യാബിനിലേക്കു വരുത്തി, ലമൺ ജ്യൂസ് നൽകി, സി.ഐ അലിയാർ. പിന്നെ സ്നേഹപൂർവ്വം കസേരയിൽ ഇരുത്തി സാധാരണ നിലയിൽ സൗഹൃദ സംഭാഷണം പോലെ വിവരങ്ങൾ തിരക്കി.

പാഞ്ചാലിയുമായി ഉണ്ടായിരുന്ന അടുപ്പം മുതൽ സീരിയൽ താരം സൂസൻ മൊബൈൽ ഫോൺ സമ്മാനിച്ചതും ആഢ്യൻപാറയിലേക്ക് ആദ്യവട്ടം പോയതുമൊക്കെ അവൻ പറഞ്ഞു കേൾപ്പിച്ചു.

രണ്ടാം തവണ പോയപ്പോൾ അവനെ രണ്ടുപേർ കാറിൽ കയറ്റുകയും എന്തോ മരുന്ന് ഇൻജക്ടു ചെയ്തതും വരെ അവന് ഓർമ്മയുണ്ട്. പിന്നീട് എന്തു നടന്നുവെന്ന് അറിഞ്ഞുകൂടാ....

''പാഞ്ചാലി ഇപ്പോൾ എവിടെ കാണും?" സി.ഐ അവന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.

''കോവിലകത്ത് ഉണ്ടാവും."

അവൾ മരണപ്പെട്ടതിനെക്കുറിച്ച് വിവേകിന് ഒരു സൂചന പോലുമില്ലെന്ന് അലിയാർക്ക് ഉറപ്പായി.

മാത്രമല്ല ഈ പാതകത്തിനു പിന്നിൽ സൂസനും നല്ല പങ്കുണ്ടെന്ന് അയാൾ തീർച്ചപ്പെടുത്തി.

നാളെ രാവിലെ കേരളം അറിയുന്നത് നടുക്കുന്ന ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നതു കണ്ടുകൊണ്ടാവും...

എസ്.പി ഷാജഹാൻ സാർ പ്രസ് മീറ്റിംഗ് നടത്തിയെങ്കിലും ഇപ്പോൾ ചിത്രത്തിൽ ആദിൽനാഥ് സാറ് മാത്രമേയുള്ളല്ലോ...

പെട്ടെന്നാണ് വിവേക് തിരക്കിയത്:

''എന്നെ എന്തിനാ സാറേ ഇങ്ങോട്ടു കൊണ്ടുവന്നത്?"

സി.ഐ ഒരു നിമിഷം ചിന്തിച്ചു. പിന്നെ പറഞ്ഞു:

''എല്ലാം നാളെ രാവിലെ ഞാൻ പറഞ്ഞുതരാം."

അയാൾ ബസർ അമർത്തി. സിവിൽ പോലീസ് ഓഫീസർ ഗംഗാധരൻ കടന്നുവന്നു.

''വിവേകിനെ കൊണ്ടുപൊയ്ക്കൊള്ളൂ."

ഗംഗാധരൻ അവനെയും കൂട്ടി നടക്കുമ്പോൾ പിന്നിൽ നിന്ന് അലിയാരുടെ ശബ്ദം വന്നു.

''വിവേക് നാളെ രാവിലെ നിന്നെ വീട്ടിൽ കൊണ്ടുവിടാം."

വിവേക് തലയാട്ടി.

അലിയാർ എഴുന്നേറ്റു.

തൊപ്പിയെടുത്ത് തലയിൽ വച്ചു. പിന്നെ ജീപ്പിൽ കയറി നേരെ ക്വാർട്ടേഴ്സിലേക്കു പോയി.

നല്ലതണ്ണിയിലാണ് ഒരു വീടെടുത്ത് അലിയാർ, ഫാമിലിക്കൊപ്പം താമസിക്കുന്നത്.

ജീപ്പ് നിലമ്പൂര് എത്തിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി.

ക്രമേണ അതിനു ശക്തി കൂടി. ആലിപ്പഴം കണക്കെ മഴത്തുള്ളികൾ ജീപ്പിന്റെ ഗ്ളാസിൽ വീണു ചിതറി.

വൈപ്പറുകൾക്ക് വെള്ളം തുടച്ചുമാറ്റാനുള്ള ശക്തിയില്ലെന്നു തോന്നി.

ബഡ്‌സ് സ്കൂളും മോസ്കും പിന്നിട്ടു ജീപ്പ്. പത്തുമീറ്റർ അകലെയുള്ള വസ്തു പോലും കാണാൻ കഴിയാത്ത അവസ്ഥ.

അലിയാർ ജീപ്പിന്റെ വേഗത കുറച്ചു.

റോഡിനിരുവശവും നെൽപ്പാടങ്ങളാണിപ്പോൾ.

റോഡിൽ പരന്നൊഴുകുന്ന വെള്ളം പാടത്തേക്കു കുത്തിമറിഞ്ഞു.

അടുത്ത നിമിഷം.

ഭൂമിയിൽ നിന്ന് പൊട്ടി ഉയർന്നതുപോലെ മുന്നിൽ രണ്ട് തീക്കണ്ണുകൾ തെളിഞ്ഞു.

ഞെട്ടിപ്പോയി അലിയാർ.

മുന്നിലെ വെളിച്ചം അയാളുടെ കണ്ണുകളിലേക്കു പുളഞ്ഞിറങ്ങി.

മിന്നൽ വേഗത്തിൽ കുതിച്ചുവരുന്ന ഒരു ലോറിയുടെ മഞ്ഞ മുഖം അയാൾ കണ്ടു.

''ഹേയ്..."

മഴയിലേക്കു തലനീട്ടി അലിയാർ എന്തോ അലറി. ഒപ്പം ജീപ്പ് ഇടത്തേക്കു വെട്ടിച്ചു...

ആ ക്ഷണം ലോറി, ജീപ്പിന്റെ വലത് ഹെഡ്‌ലൈറ്റ് ചേർന്ന് വന്നിടിച്ചു.

ജീപ്പ് റോഡിൽ വട്ടം തിരിഞ്ഞ് ഒരു വശത്തേക്കു മറിഞ്ഞു.

അതിനുള്ളിൽ നിന്നുയർന്ന അലിയാരുടെ വിലാപം മഴയുടെ ഇരമ്പലിൽ ലയിച്ചു..

(തുടരും)