ലോറി പെട്ടെന്നു ബ്രേക്കിട്ടു നിന്നു. അതിൽ നിന്ന് പരുന്ത് റഷീദും അണലി അക്‌ബറും മറ്റു രണ്ടുപേരും പുറത്തേക്കു ചാടി.
അവർ റോഡിന്റെ ഇരു ഭാഗങ്ങളിലേക്കും കണ്ണോടിച്ചു. തീർത്തും വിജനം!
ചരിഞ്ഞു മറിഞ്ഞ ജീപ്പിന്റെ ഡ്രൈവർ സീറ്റു ഭാഗത്തുകൂടി വല്ലവിധേനയും സി.ഐ അലിയാർ പുറത്തേക്കിറങ്ങുവാൻ ശ്രമിക്കുന്നത് അണലിയും സംഘവും കണ്ടു.
അണലിയും പരുന്തും ലോറിയുടെ വെളിച്ചം വീഴാത്ത ഭാഗത്തേക്കു മാറി.
''അയ്യോ.... ഇത് സി.ഐ സാറല്ലേ.." മറ്റു രണ്ടുപേർ ആശ്ചര്യം ഭാവിച്ചുകൊണ്ട് അയാളെ പുറത്തിറങ്ങാൻ സഹായിച്ചു.
കാര്യമായ പരുക്കൊന്നും സംഭവിച്ചിരുന്നില്ല അലിയാർക്ക്.
''നിങ്ങളിത് എന്നാ വരവാ വന്നത്?"
അലിയാർ ദേഷ്യപ്പെട്ടു.
പൊടുന്നനെ പിന്നിൽ ഒരു ചലനം തോന്നിയ അലിയാർ വെട്ടിത്തിരിഞ്ഞു.
ലോറിയുടെ വെളിച്ചത്തിൽ പിന്നിൽ ഒരു സ്റ്റീൽ ദണ്ഡിന്റെ തിളക്കം കണ്ടു.
എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് അണലി അക്‌ബർ സ്റ്റീൽ ദണ്ഡ് വീശിയടിച്ചു.
''ആ..."
അലറിക്കൊണ്ട് അലിയാർ തലയിൽ കൈ അമർത്തി. വിരലുകൾക്കിടയിലൂടെ മഴവെള്ളം കലർന്ന ചോര താഴേക്കിറ്റുവീണു.
കാറ്റു പിടിച്ച മരം പോലെ അലിയാർ നിന്നാടി.
ഒറ്റയടികൂടി.
കാൽ മുറിച്ചുമാറ്റപ്പെട്ടവൻ കണക്കെ അയാൾ മഴവെള്ളത്തിൽ കമിഴ്‌ന്നു വീണു.
''തീർന്നു..."
പരുന്തു റഷീദ് ചിരിച്ചു.
പിന്നെ എല്ലാം വേഗത്തിലായിരുന്നു. നാലുപേരും ചേർന്ന് അലിയാരെ എടുത്ത് ലോറിയുടെ 'പെട്ടി"യിലേക്കിട്ടു.
അവരും അവിടെ കയറി.
മഴയിലൂടെ ലോറി നിലമ്പൂർക്കു പാഞ്ഞുപോയി...
നിലമ്പൂർ കോടതിക്കും കെ.എസ്.ഇ.ബിക്കും സമീപമുള്ള 'ഗ്യാസ് ക്രിമിറ്റോറിയം."
അതിനു മുന്നിൽ ലോറി നിന്നു.
കാത്തുനിന്നിരുന്നതു പോലെ ശ്മശാനം കാവൽക്കാരൻ കുടയും ചൂടി ഇറങ്ങിവന്നു.
പരുന്ത് റഷീദും അണലി അക്‌ബറും സംഘവും സി.ഐ അലിയാരുടെ ബോഡി ലോറിയിൽ നിന്നു താഴേക്കു വലിച്ചിട്ട് ശ്മശാനത്തിലേക്ക് എടുത്തുകൊണ്ടുപോയി.
അവിടെ ഗ്യാസ് ഉപയോഗിച്ച് ശവം ദഹിപ്പിക്കുന്ന നാല് ചൂളകൾ ഉണ്ടായിരുന്നു.
ഒന്നിൽ എരിഞ്ഞു തീർന്ന ഒരു ശവം.
''നാളെ നേരം പുലരുമ്പോൾ ഈ ശരീരത്തിന്റെ ഭസ്മം പോലും ഉണ്ടാകരുത്. ദാ ആ കിടക്കുന്നവന്റെ ആൾക്കാർ വരുമ്പം ഇവന്റെ 'ചിതാഭസ്മം" കൂടി ചേർത്ത് കൊടുത്തേക്കണം."
അണലി അക്ബർ അഞ്ഞൂറിന്റെ ഒരു കെട്ട് നോട്ടെടുത്ത് വാച്ചറെ ഏല്പിച്ചു.
അത് മടിയിൽ തിരുകുമ്പോൾ വാച്ചറുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.
അയാൾ വേഗം ശവം വയ്ക്കേണ്ട ചൂളയുടെ ഗ്യാസ് മൂടി തുറന്നു. എല്ലാവരും ചേർന്ന് അലിയാരുടെ ശരീരം എടുത്ത് അതിൽ വച്ചു. അപ്പോഴാണ് വാച്ചർ ആ മുഖം ശരിക്കു കണ്ടത്. അയാൾ ഒന്നു ഞെട്ടി.
''ഇത് ഇവിടുത്തെ സി.ഐയല്ലേ? കുഴപ്പമാകുമോ?"
''എവിടുന്ന്? കരിഞ്ഞ ചാരമാകുന്നവൻ ഇറങ്ങിവന്ന് ആരോടും ഒന്നു പറയില്ലല്ലോ...
റഷീദ്, വാച്ചറുടെ തോളിൽ തട്ടി. മൂടി അടച്ചിട്ട് വാച്ചർ ഗ്യാസ് സിലിണ്ടറുകൾ പിടിപ്പിച്ചിരിക്കുന്ന ഇരുമ്പ് പൈപ്പിന് അരുകിലേക്കു പോയി.
''അപ്പോൾ ഞങ്ങളിറങ്ങുവാ..."
പറഞ്ഞിട്ട് സംഘം വേഗത്തിൽ മടങ്ങി.
മഴയിലൂടെ പിന്നോട്ടെടുത്ത് തിരിച്ച ലോറി മഴവെള്ളം ഇരുവശത്തേക്കും തെറുപ്പിച്ചുകൊണ്ട് പാഞ്ഞകന്നു.
രാത്രി തന്നെ അലിയാർ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ട വിവരം ആരോ പോലീസിൽ വിളിച്ചറിയിച്ചു.
ആ വഴി പോയ ആരോ മറിഞ്ഞു കിടക്കുന്ന ജീപ്പിൽ 'പോലീസ്" എന്ന് എഴുതിയിരിക്കുന്നത് കണ്ടിട്ട് വിളിച്ചു പറയുകയായിരുന്നു..
സിവിൽ പോലീസ് ഓഫീസർ ഗംഗാധരന്റെ നേതൃത്വത്തിൽ ഒരു സംഘം പോലീസ്, ബൊലോറോയിൽ സംഭവസ്ഥലത്തെത്തി.
അവർ സി.ഐയെ കണ്ടില്ല എന്നു മാത്രമല്ല, മഴവെള്ളത്തിൽ തെളിവുകൾ മുഴുവനും ഒഴുകിപ്പോയിരുന്നു...
ആക്സിഡന്റ് നടന്നു കഴിഞ്ഞപ്പോൾ ആരെങ്കിലും അലിയാരെ ഹോസ്‌പിറ്റലിലേക്കു കൊണ്ടുപോയിരിക്കാമെന്ന് അവർ സംശയിച്ചു.
വേഗം സ്റ്റേഷനിൽ തിരിച്ചെത്തിയ അവർ നിലമ്പൂർ ഗവൺമെന്റ് ഹോസ്പിറ്റൽ, കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകൾ, പെരുന്തൽമണ്ണയിലെ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അന്വേഷിച്ചു.
ഒരിടത്തും അലിയാരെ എത്തിച്ചിട്ടില്ലെന്ന മെസേജാണ് ലഭ്യമായത്.
നേരം പുലർന്നു.
എസ്.പി ഓഫീസിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എസ്.പി ഷാജഹാൻ എത്രയും വേഗം അലിയാരെ കണ്ടെത്താൻ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വയർലെസ് മെസേജ് നൽകി.
ഉച്ചവരെ പോലീസ് തിരഞ്ഞെങ്കിലും അലിയാരെ കണ്ടുകിട്ടിയില്ല...
എല്ലാം അറിഞ്ഞ എം.എൽ.എ ശ്രീനിവാസ കിടാവ് തിരുവനന്തപുരത്തിനു വിളിച്ചു. തന്റെ വിശ്വസ്തരായ ചിലർ മുഖാന്തിരം ഹോം മിനിസ്റ്ററെ സ്വാധീനിച്ചു...
നാലുമണിയോടുകൂടി എസ്.പി ഓഫീസ്, നിലമ്പൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഡി.ജി.പിയുടെ ഫാക്സ് മെസേജ് എത്തി.
മലപ്പുറം എസ്.പി ഷാജഹാൻ, നിലമ്പൂർ സി.ഐ അലിയാർ, സിവിൽ പോലീസ് ഓഫീസർ ഗംഗാധരൻ എന്നിവർക്ക് ട്രാൻസ്‌ഫർ!
(തുടരും)