കണ്ണൂർ: മോദി സ്തുതി മുൻ എം.എൽ.എ എ.പി അബ്ദുള്ളക്കുട്ടിയുടെ തന്ത്രമാണോയെന്ന ചർച്ച കോൺഗ്രസിൽ ശക്തമായി. നേരത്തെ സി.പി.എമ്മിൽ നിന്ന് പുറത്തുപോകാൻ അബ്ദുള്ളക്കുട്ടി പയറ്റിയ തന്ത്രം അതേപടി കോൺഗ്രസിലും പയറ്റുകയാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് നേതാക്കളുടെ വാക്കുകളിലും ഇത് പ്രകടമാണ്. പ്രത്യേക സമിതിയെ അബ്ദുള്ളക്കുട്ടിയുടെ നീക്കങ്ങളെ കുറിച്ച് അന്വേഷിക്കാനും വിശദീകരണം തേടാനും നിയോഗിച്ചതും ഇതുകൊണ്ടുതന്നെയെന്നാണ് വ്യക്തമാകുന്നത്. അതേസമയം അബ്ദുള്ളക്കുട്ടി വിഷയം ബി.ജെ.പിയിലും ചർച്ചയാവുകയാണ്.
കഴിഞ്ഞ ദിവസം നരേന്ദ്രമോദിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് വിവാദമായിരിക്കുന്നത്. ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമെന്ന വാദങ്ങളാണ് അബ്ദുള്ളക്കുട്ടി പോസ്റ്റിൽ കുറിച്ചത്. അബ്ദുള്ളക്കുട്ടിയുടെ പേരിൽ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഇന്നലെ കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയതോടെ കോൺഗ്രസിൽനിന്ന് പുറത്ത് പോകാനുള്ള വഴി തുറക്കുകയും ചെയ്തു. തനിക്ക് കോൺഗ്രസുമായി വലിയ ബന്ധമൊന്നും ഇല്ലെന്ന് ഇന്നലെ ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.
വികസന രാഷ്ട്രീയത്തെ പ്രകീർത്തിച്ചതിന് കെ.പി.സി.സി തന്നോട് വിശദീകരണം ചോദിച്ചതായി മാദ്ധ്യമങ്ങളിൽ നിന്ന് അറിഞ്ഞെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തിൽ അദ്ദേഹം ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. കെ.പി.സി.സിക്ക് കൃത്യമായ മറുപടി നൽകുമെന്നും, മോദിയുടെ വികസനരാഷ്ട്രീയം സത്യസന്ധമായി വിലയിരുത്തിയില്ലെങ്കിൽ കോൺഗ്രസിന്റെ ഭാവി അപകടത്തിലാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
ദക്ഷിണ കന്നഡയിലെ നിയുക്ത ബി.ജെ.പി എം.പി നളിൻകുമാർ കട്ടീലിന്റെ നേതൃത്വത്തിലാണ് അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്ക് എത്തിക്കാൻ ചരടുവലിക്കുന്നതെന്നാണ് സൂചന. അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് വരാൻ തയ്യാറായാൽ അപ്പോൾ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. അബുള്ളക്കുട്ടി പണ്ടും നരേന്ദ്രമോദിയുടെ വികസന നയത്തെ പ്രകീർത്തിച്ച ആളാണ്. അദ്ദേഹത്തിന്റെ വാക്കുകൾ വികസന കാര്യത്തിൽ പിറകിൽ നിൽക്കുന്ന കേരളത്തിന് ഒരു പുനർ വിചിന്തനത്തിനുള്ള അവസരമാണെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
വരാൻ പോകുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് കർണാടക നേതാക്കൾ നടത്തുന്നതെന്ന സൂചനകളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലം നഷ്ടമായത്. കെ. സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് മുസ്ലിംലീഗിലെ പി.ബി അബ്ദുറസാഖിനോട് പരാജയപ്പെട്ടത്. ഇതിന് ശേഷം കള്ളവോട്ട് ആരോപണവുമായി കെ. സുരേന്ദ്രൻ നിയമ പോരാട്ടത്തിനിറങ്ങിയെങ്കിലും അബ്ദുറസാഖിന്റെ നിര്യാണത്തോടെ കേസ് പിൻവലിക്കുകയായിരുന്നു. ഇനി കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കാനുള്ള സാധ്യത കുറവായതാണ് പുതിയ സ്ഥാനാർത്ഥിയെ ബി.ജെ.പി തേടാൻ കാരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ രവീശതന്ത്രി കുണ്ടാറാണ് കാസർകോട് മത്സരിച്ചതെങ്കിലും കെ. സുരേന്ദ്രൻ നടത്തിയ വാശിയേറിയ പോരാട്ടം ഇക്കുറി നടക്കാതെ പോയി. അദ്ദേഹത്തെ മറികടന്ന് മഞ്ചേശ്വരം മണ്ഡലത്തിൽ യു.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു.
ഇതുമറികടക്കാൻ അബ്ദുള്ളക്കുട്ടിക്കാവുമെന്ന കണക്കുകൂട്ടലും അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലെത്തിക്കാൻ ശ്രമിക്കുന്നവർക്കുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. നളിൻകുമാർ കട്ടീലിന് ബി.ജെ.പി ദേശീയ നേതാക്കളിലുള്ള സ്വാധീനം അബ്ദുള്ളക്കുട്ടിക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്നാണ് അദ്ദേഹവുമായി ആത്മബന്ധമുള്ളവർ പറയുന്നത്. കോൺഗ്രസിൽ ഇനി കാര്യമായ സ്ഥാനമൊന്നും ലഭിക്കാനിടയില്ലെന്ന നിരാശ അബ്ദുള്ളക്കുട്ടിയിലുണ്ട്. കഴിഞ്ഞതവണ നിയമസഭയിൽ തലശേരിയിൽ മത്സരിച്ച അബ്ദുള്ളക്കുട്ടി എസ്.എഫ്.ഐയിൽ തന്റെ ശിഷ്യനായ എ.എൻ ഷംസീറിനോട് 35,000ത്തോളം വോട്ടിനാണ് പരാജയപ്പെട്ടത്. പാർലമെന്റിലേക്ക് സീറ്റ് മോഹിച്ച അബ്ദുള്ളക്കുട്ടി എവിടെയും പരിഗണിക്കപ്പെട്ടുമില്ല.