no-smoking

ലോകമാനം ആറ് ദശലക്ഷത്തോളം ജനങ്ങൾ പുകയില ഉപയോഗം കൊണ്ട് ഓരോ വർഷവും മരിക്കുന്നു. ഇന്ത്യയിൽ ഓരോ ആറു സെക്കന്റിലും ഒരാൾ പുകവലി മൂലം മരണപ്പെടുന്നു. നിക്കോട്ടിയാന ടുബാക്കം എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന പുകയില ചെടിയിലെ ഇലകളിൽ സംഭരിക്കപ്പെടുന്ന നിക്കോട്ടിൻ എന്ന ആൽക്കലോയിഡാണ് മാരകമായ വിഷം. ചെറിയ അളവിൽ നിക്കോട്ടിൻ ഒരു ഉത്തേജമാണെങ്കിലും ക്രമേണ പുകയില ഉപയോഗം ഉത്തേജക ലഹരിക്കടിമയാകുന്നു. പുകയിലയിൽ നിക്കോട്ടിൻ, ടാർ തുടങ്ങി അറുപതോളം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ ശരീരത്തിന്റെ പ്രവർത്തനത്തിന്റെ താളം തെറ്റിക്കുന്നു. പുകവലി കൊണ്ട് പല്ലിന്റെ ഉപരിതലം നശിക്കുകയും കറ പിടിക്കുകയും വായിൽ ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം, വിവേചന ബുദ്ധിയില്ലായ്മ, തലച്ചോറിന്റെ പാളികളുടെ കട്ടി കുറയ്ക്കൽ, വന്ധ്യത, ലൈംഗികശേഷി കുറവ്, ശ്വാസകോശ കാൻസർ, വായ്ക്കുള്ളിലെ കാൻസർ, കാഴ്ചശക്തി കുറയ്ക്കൽ, തൊണ്ടയിലെ കാൻസർ, ശ്വാസകോശത്തിലെ അണുബാധ, അന്നനാളത്തിലെ കാൻസർ തുടങ്ങിയ അസുഖങ്ങൾ ന്യൂറോടോക്സിക് ആയ പുകയിലയിലെ നിക്കോട്ടിൻ കാരണമാകുന്നു.

പുകവലി നിറുത്താൻ ആഗ്രഹിക്കുന്നവർക്ക് ചികിത്സ എന്ന നിലയിൽ നിക്കോട്ടിൻ റീപ്ളേസ്‌മെന്റ് തെറാപ്പി അതായത് ഒന്നിന് പകരം മറ്റൊന്ന് എന്ന ഉദ്ദേശത്തോടെ നിക്കോട്ടിൻ ച്യൂയിങ്‌ഗം നൽകി ശരീരത്തിൽ അടിയുന്ന നിക്കോട്ടിന്റെ അംശം കുറച്ച് പൂർണമായും പുകവലി നിറുത്താൻ പ്രാപ്തമാക്കുന്നു. പുകവലിക്കാർ പുകവലിക്കുമ്പോൾ ഉച്ഛ്വാസത്തിൽ വരുന്ന പുക ശ്വസിക്കുന്ന പരോക്ത പുകവലി അഥവാ പാസീവ് സ്മോക്കിംഗ് സഹജീവികളുടെ ആരോഗ്യവും നശിപ്പിക്കുന്നു എന്ന ബോദ്ധ്യം ഉണ്ടാകേണ്ടതാണ്. ആത്മവിശ്വാസവും, സ്വയം നിയന്ത്രണവും ഉണ്ടെങ്കിൽ പുകവലി അവസാനിപ്പിക്കാം. പുകവലിയുടെ ഭീതിജനകമായ പാർശ്വഫലങ്ങൾ വായിച്ചു മനസിലാക്കുകയും പുകവലി വിരുദ്ധ സെമിനാറുകളിൽ പങ്കെടുക്കുന്നതും പുകവലിശീലം മാറാൻ സഹായിക്കും. യൂക്കാലിപ്റ്റ്സ്, വേപ്പില എന്നിവയുടെ ഇലകൾ കൊണ്ട് ആവി കൊള്ളുന്നതും, നാരങ്ങയും ഇഞ്ചിയും ഉപയോഗിച്ചുള്ള പാനീയം കുടിക്കുന്നതും ശ്വാസകോശ ശുദ്ധീകരണത്തിനും നിക്കോട്ടിൻ പാർശ്വഫലങ്ങൾ കുറയ്ക്കാനും ഉത്തമമാണ്.

കെ.കെ. അജയലാൽ നാടാർ

കൺസൽട്ടന്റ് ഫാർമസിസ്റ്റ്,

കമ്മ്യൂണിറ്റി ഫാർമസി സർവീസസ്,

ഗവ. മെഡിക്കൽ കോളേജ്,

തിരുവനന്തപുരം.