malayinkil

മലയിൻകീഴ്: അനപ്പാറ മലയിൽകീഴ് സ്കൂൾ - കോളേജ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായിട്ട് കാലങ്ങൾ ഏറെയായി. കുഴികൾ നിറഞ്ഞ റോഡിലൂടെ പാടുപെട്ടാണ് യാത്രക്കാർ പോകുന്നത്. നാട്ടുകാർ പരാതി പറഞ്ഞ് കുഴഞ്ഞപ്പോൾ അടുത്തിടെ ചെറിയ കുഴികൾ അടയ്ക്കാൻ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയെത്തിയ വേനൽ മഴയിൽ റോഡിലെ കുഴികളടച്ചതെല്ലാം ഒലിച്ചുപോയി. റോഡ് വീണ്ടും പഴയപടിയായി. കുഴികളിൽ വെള്ളവും നിറഞ്ഞു. സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഇതുവഴിയുള്ള യാത്ര ജീവൻപണയം വെച്ചാണ്. കാൽനടപോലും ദുസഹമായ അവസ്ഥ. റോഡ് നിർമ്മിച്ചപ്പോൾ മഴവെള്ളം പോകാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ നിത്യേന ഇതുവഴി പോകുന്ന ആയിരത്തിൽ പരം വിദ്യാർത്ഥികളും അദ്ധ്യാപകരും ഭയപ്പാടില്ലാതെ സ്വസ്ഥമായി യാത്രചെയ്തേനെ. വിവിധ പദ്ധതികൾക്ക് കോടികൾ ഉപയോഗിക്കുമ്പോൾ ആനപ്പാറ റോഡും നവീകരിച്ചിരുന്നെങ്കിൽ അപകടഭീഷണി മാറുമായിരുന്നു.

നിരവധി വാഹനങ്ങളാണ് ദിനവും ഇതുവഴി കടന്നുപോകുന്നത്. സ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവ പ്രവർത്തനം ആരംഭിച്ച കാലത്തുതന്നെ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ അധികൃതർ ഈ ആവശ്യത്തോട് മുഖംതിരിച്ചു. അതിന് ശേഷം ഗവ. ഐ.ടി.ഐ, ഗവ. കോളേജ് എന്നിവ പുതുതായി വന്നപ്പോഴും ഇതേ ആവശ്യവുമായി നാട്ടുകാർ മുന്നോട്ടുവന്നു. എന്നിട്ടും നാളിതുവരെ ഈ ആവശ്യത്തിന് ഫലം കണ്ടില്ല.

എൽ.പി, യു.പി, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി, കോളേജ്, ഗവ.ഐ.ടി.ഐ എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏക റോഡാണ് വൻ കുഴികൾ രൂപപ്പെട്ട് കിടക്കുന്നത്. മഴ പെയ്താൽ ഈ റോഡാകെ ആറായി മാറും. കുത്തിയൊലിച്ചിറങ്ങുന്ന മഴ വെള്ളവും ചെളിയും കല്ലുമായി പ്രധാനറോഡിലാണ് അവസാനിക്കുന്നത്. സ്കൂൾ റോഡ് ആരംഭിക്കുന്നിടത്ത് വന്ന് ചേരുന്ന വെള്ളവും ചെളിയും കാരണം ഈ ഭാഗം എപ്പോഴും അപകടമേഖലയാകാറുണ്ട്. സ്കൂൾ റോഡിൽ ഒാടയില്ലാത്തതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. ഉയർന്ന ഭാഗത്ത് നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം റോഡിലൂടെ പതിച്ചതാണ് റോഡാകെ തകർന്ന് തരിപ്പണമാകാൻ കാരണം.

പുതിയ ഗവ. കോളേജ് കെട്ടിടം ഉദ്ഘാടനത്തോടൊപ്പം കോളേജ് റോഡും നവീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും അതും പാഴ്വാക്കായി. ഓടനിർമ്മിക്കാതെ റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതാണ് ഓരോ മഴയ്ക്ക് ശേഷവും റോഡ് തകരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പൊട്ടിപ്പൊളിഞ്ഞതും താഴ്ന്ന ഭാഗത്ത് നിന്ന് ഉയരത്തിലേക്ക് പോകുന്ന റോഡായതിനാൽ ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാണ്. സ്കൂൾ റോഡ് ആരംഭിക്കുന്നിടം മുതൽ മഴപെയ്താലുടൻ പ്രധാന റോഡും (മലയിൻകീഴ്-കാട്ടാക്കടറോഡ്) ആറായി മാറും. വെള്ളക്കെട്ടും ഒലിച്ചിറങ്ങുന്ന ചെളിയും മണ്ണുമായി മാറുന്നതിനാൽ കാൽനട പോലും ദുസ്സഹമാകും. സ്കൂൾ-കോളേജ് പി.ടി.എ.കമ്മിറ്റികൾ പലവട്ടം നിവേദനങ്ങളുമായി അധികൃതരെ സമീപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ജനപ്രതിനിധികളും വിമുഖതകാട്ടുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.