pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ട്' മലയാളം കമ്മ്യൂണിക്കേഷന്റെ സാങ്കേതിക സഹായത്തോടെ പി.ആർ.ഡിയുടെ ചുമതലയിൽ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ സ്ഥാപനമായ ഡി-ഡിറ്റിന്റെ ചുമതലയിലുള്ള ചില പദ്ധതികൾ പുറംകരാറിലൂടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുകയാണെന്നാരോപിച്ചുള്ള കെ.സി. ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ വകുപ്പുകൾക്കുള്ള പദ്ധതികളൊന്നും സി - ഡിറ്റിൽ നിന്ന് മാറ്റിയിട്ടില്ല.

സി-ഡിറ്റ് ഷൂട്ട് ചെയ്യുന്ന സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം എല്ലാ ദിവസവുമുള്ളതിനാൽ അതിനനുസൃതമായി നാം മുന്നോട്ടിന്റെ ഷൂട്ടിംഗ് ക്രമീകരിക്കേണ്ടി വന്നു. കൂടാതെ നാം മുന്നോട്ടിൽ ക്ഷണിക്കുന്ന അതിഥികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് നഗരപരിധിയിൽ ഷൂട്ടിംഗ് ഫ്ളോറും ചിത്രീകരണ സംവിധാനവും പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യവുമുള്ള ടെലിവിഷൻ ചാനലുകൾ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്‌തത് മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡായിരുന്നു.
പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ഓൺലൈനായി ശേഖരിക്കുന്നതിനുള്ള പോർട്ടൽ സി-ഡിറ്റാണ് വികസിപ്പിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സി-ഡിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ഥാപനത്തിന്റെ വാർഷിക വരുമാനം 2011-16ലെ ശരാശരിയായ 36.73 കോടിയിൽ നിന്ന് 68 കോടിയായി വർദ്ധിച്ചെന്നും പിണറായി പറഞ്ഞു.