അസാധാരണ ഭാവനയുടെയും അതീവ സൂക്ഷ്മതയുടെയും കൂടിച്ചേരലാണ് 'നരേന്ദ്രമോദി "എന്ന വ്യക്തിത്വം. മുൻകൂട്ടി കണ്ട് കാര്യങ്ങൾ ക്രമപ്പെടുത്താൻ അദ്ദേഹം കാട്ടിയിട്ടുള്ള വൈഭവം എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സോഷ്യലിസ്റ്ര് രീതിയിലുള്ള ഭരണ സമ്പ്രദായമാണ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നെഹ്റു വിഭാവനം ചെയ്തത്. സോഷ്യലിസ്റ്റ് റഷ്യയുടെയും മറ്റും സ്വാധീനം അതിന് പിന്നിലുണ്ടായിരിക്കാം. പിന്നീട് വന്ന പല പ്രധാനമന്ത്രിമാരും ഇതേ ശൈലി പിന്തുടരുകയും ചെയ്തു. എന്നാൽ ഗാന്ധിജി തീർത്തും ഭാരതീയനായിരുന്നു. രാമരാജ്യമായിരുന്നു അദ്ദേഹത്തിന്റെ സങ്കൽപ്പം. ഗ്രാമങ്ങളിൽ നിന്ന് വികസനം തുടങ്ങണം എന്ന ഗാന്ധിജിയുടെ അതേ കാഴ്ചപ്പാടാണ് തുടക്കം മുതൽ മോദിക്കുമുള്ളത്. സാധാരണക്കാരിലേക്കാണ് ആദ്യം സഹായമെത്തേണ്ടതെന്ന് അദ്ദേഹം കാട്ടിത്തന്നു.
1992 മുതലാണ് മോദിയുമായി എനിക്കുള്ള അടുപ്പവും ബന്ധവും തുടങ്ങുന്നത്. മുരളീമനോഹർ ജോഷി ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റും മോദി ഗുജറാത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന കാലത്താണ് കന്യാകുമാരിയിൽ നിന്ന് ശ്രീനഗറിലേക്ക് ഒരു പര്യടനം നടത്താൻ തീരുമാനിക്കുന്നത്. ഡിസംബറിൽ തുടങ്ങി റിപ്പബ്ളിക്ക് ദിനത്തിൽ ശ്രീനഗറിൽ പതാക ഉയർത്തിയാണ് പര്യടനം അവസാനിപ്പിക്കുന്നത്. ഒന്നര മാസം നീണ്ടു നിൽക്കുന്ന പര്യടനത്തിന്റെ ദേശീയതലത്തിലുള്ള ചുമതലക്കാർ പ്രമോദ് മഹാജനും മോദിയുമാണ്. അദ്വാനിയാണ് പര്യടനം കന്യാകുമാരിയിൽ ഉദ്ഘാടനം ചെയ്തത്. അന്ന് യാത്ര പോകുന്ന ഓരോ സംസ്ഥാനത്തും വേണ്ട ക്രമീകരണങ്ങൾ തയാറാക്കാനുള്ള മുഖ്യചുമതല മോദിക്കാണ്. കേരളത്തിലും തമിഴ്നാട്ടിലും അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാനുള്ള ഉത്തരവാദിത്വം എനിക്കും.
യാത്ര പോകുമ്പോൾ സ്വീകരണം നൽകേണ്ട പ്രധാന കേന്ദ്രങ്ങൾ, ഓരോ ദിവസവും സഞ്ചരിക്കേണ്ട റൂട്ട്, ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സ്ഥലങ്ങൾ,യാത്രയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും അറ്റകുറ്റപ്പണി വന്നാൽ നന്നാക്കേണ്ട സ്ഥലങ്ങൾ, ഓരോ സ്ഥലത്തും പ്രസംഗവേദി സജ്ജമാക്കേണ്ടത് എങ്ങനെ, അതിന്റെ പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ച് മുന്നൊരുക്കം ക്രമീകരിക്കാനാണ് തീരുമാനം. ഇതിനായി കന്യാകുമാരിയിൽ നിന്ന് ബാംഗ്ളൂർ വരെ രണ്ട് ദിവസം ഞങ്ങൾ ഒരുമിച്ച് കാറിൽ യാത്ര ചെയ്തു. ആ സന്ദർഭത്തിലാണ് നരേന്ദ്രമോദി എന്ന രാഷട്രീയക്കാരന്റെ ദീർഘവീക്ഷണവും കാര്യങ്ങൾ തീരുമാനിക്കുന്നതിലെ ഭാവനയും സൂക്ഷ്മതയും എന്നെ വല്ലാതെ ആകർഷിച്ചത്. തീരെ ചെറിയ സംഗതികളിൽ പോലും അതീവ ജാഗ്രതയാണ് പുലർത്തിയത്. ഓരോ സ്ഥലത്തും ആർക്ക് എന്ത് ചുമതല കൊടുക്കണമെന്നത് സംബന്ധിച്ചും അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു.
കേശുഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ, അവിടെ പാർട്ടിയുടെ പൂർണ നിയന്ത്രണം മോദിക്കായിരുന്നു. അക്കാലത്ത് ഒരിക്കൽ എന്നെ ഗുജറാത്തിലേക്ക് അദ്ദേഹം ക്ഷണിച്ചു. അന്ന് ദേശീയതലത്തിൽ കാർഷിക വളർച്ചാ നിരക്ക് 2.5 ശതമാനമാണ്. കേരളത്തിൽ പൂജ്യവും. പക്ഷെ ഗുജറാത്തിലെ വളർച്ചാ നിരക്ക് 12 ശതമാനമായിരുന്നു. ഇക്കാര്യത്തിൽ മോദിക്കും ഗുജറാത്ത് സർക്കാരിനും ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകിയിരുന്നത് മലയാളിയും ക്ഷീരവിപ്ളവത്തിന്റെ പിതാവുമായ ഡോ.വർഗ്ഗീസ് കുര്യനാണ്. അവിടുത്തെ ഗ്രാമാന്തരങ്ങളിലേക്കും വയലുകളിലേക്കും യാത്ര നടത്തിയപ്പോൾ ഞാൻ വല്ലാതെ അതിശയിച്ചുപോയി. സർക്കാർ തലത്തിലുള്ള അവിടുത്തെ സമ്പ്രദായമാണ് എന്നെ അതിശയിപ്പിച്ചത്. കേരളത്തിലാണെങ്കിൽ കൃഷിക്കാരൻ അവന്റെ ആവശ്യത്തിനായി സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കാത്തുകെട്ടി കിടക്കണം. പക്ഷേ അവിടെ നേരെ മറിച്ചായിരുന്നു സംവിധാനങ്ങൾ. ഉദ്യോഗസ്ഥർ കർഷകരിലേക്ക് ഇറങ്ങി ചെല്ലുകയാണ്. മണ്ണ് വിഭാഗം, ഇറിഗേഷൻ, കൃഷി , മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംഘം ഓരോ പഞ്ചായത്തിലെയും കൃഷിയിടങ്ങളിലേക്ക് എത്തും. ആദ്യം മണ്ണ് പരിശോധന. തുടർന്ന് കർഷകരുടെ യോഗം വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ. ഈ സംഘം പിന്നീട് ജില്ലാ കളക്ടർക്ക് ഇതെക്കുറിച്ച് റിപ്പോർട്ട് നൽകണം. ഭരണം ജനങ്ങളിലേക്ക് എത്തുകയെന്ന ഈ തന്ത്രമാണ് അവിടെ വലിയ അഭിവൃദ്ധിക്ക് വഴിവച്ചത്. ഇതിന്റെയെല്ലാം പിന്നിലെ യഥാർത്ഥ 'തലച്ചോർ " മോദിയായിരുന്നു.
ഞാൻ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് ഗുജറാത്തിൽ വലിയൊരു വെള്ളപ്പൊക്കമുണ്ടാവുന്നത്.മുരളീമനോഹർ ജോഷിക്കും അദ്വാനിക്കുമൊപ്പം അന്ന് ദുരന്തസ്ഥലങ്ങൾ സന്ദർശിക്കാൻ പോയതും ഓർക്കുന്നു. ട്രാക്ടറിലാണ് പ്രദേശങ്ങളിലെത്തിയത്. അന്ന് പ്രതിസന്ധിയെ തരണം ചെയ്ത രീതിയും ഏറെ ശ്രദ്ധേയമായിരുന്നു. മാതാ അമൃതാനന്ദമയിയോട് ഏറെ ആദരവ് പുലർത്തുന്ന വ്യക്തിയാണ് മോദി. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അമ്മയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. അമ്മ പോകുകയും ചെയ്തു. അവിടെ ആശ്രമവും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തതാണ്. സന്യാസി തുല്യമായ ലളിതജീവിതമാണ് അദ്ദേഹം എപ്പോഴും നയിച്ചിരുന്നത്. രാവിലെ ഭക്ഷണമൊക്കെ സ്വയം തയാറാക്കിയ കാര്യം അമ്മ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പാവപ്പെട്ടവർക്ക് പരമാവധി സഹായം എത്തിക്കുകയാണ് മോദിയുടെ എപ്പോഴത്തെയും ലക്ഷ്യം. അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയപ്പോൾ ആദ്യം ചെയ്തത് രാജ്യത്തെ സാധുക്കൾക്ക് കക്കൂസ് നിർമിച്ചു നൽകാൻ നടപടിയെടുത്തതാണ്. വളരെ ചുരുങ്ങിയ ശതമാനത്തിനാണ് കക്കൂസ് സൗകര്യം ഉണ്ടായിരുന്നത്.
അമിത് ഷാ മികച്ച സംഘാടകൻ
വ്യക്തിപരമായി മോദിയോളം അടുപ്പം അമിത്ഷായുമായി ഇല്ല. എന്നാൽ അത്യസാധാരണ സംഘാടക മികവുള്ള നേതാവാണ് അദ്ദേഹം എന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ബുദ്ധിപരമായും തന്ത്രപരമായും കരുക്കൾ നീക്കാൻ വലിയ പാടവമാണ് അദ്ദേഹത്തിനുള്ളത്. വലിയ ബിസിനസ് പശ്ചാത്തലമുള്ള ഒരു സമൂഹത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. അതു കൊണ്ട് തന്നെ കാര്യങ്ങൾ കൃത്യമായും കണക്കുകൂട്ടിയും നടപ്പാക്കാനുള്ള വാസനാഗുണമുണ്ട്.