നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് വിജയം ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിജയം കൂടിയാണ്. ഒരു ജനതയുടെ അഭിലാഷങ്ങളുടെയും. ആദ്യമായാണ് ഒരു കോൺഗ്രസിതര സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അധികാരത്തിൽ വരുന്നത്. അതും തൊട്ടു മുമ്പത്തേതിനേക്കാൾ കൂടുതൽ വോട്ടും സീറ്റും നേടിക്കൊണ്ട്. 1977ലേ ജനതാ പരീക്ഷണം രണ്ടു വർഷമേ നീണ്ടു നിന്നുള്ളൂ. വി.പി.സിംഗിന്റെയും ദേവഗൗഡയുടേതും ഐ. കെ.ഗുജറാളിന്റെയും സർക്കാരുകൾ അധികാരത്തിൽ വന്നെങ്കിലും അവയെല്ലാം പൂർണമായും കോൺഗ്രസിതരമാണ് എന്നു പറയാൻ കഴിയാത്തവിധത്തിൽ മുൻ കോൺഗ്രസുകാരുടെ സർക്കാരുകൾ ആയിരുന്നു. എ.ബി.വാജ്പേയിയുടെതാണ് ആദ്യ സമ്പൂർണ കോൺഗ്രസിതര സർക്കാർ. പൂർണകാലാവധിക്ക് ശേഷം വീണ്ടും അധികാരത്തിൽ തുടരാൻ ജനം അനുഗ്രഹിച്ചത് നരേന്ദ്രമോദിയെയും.
ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലുള്ള ട്രാക്ക് റെക്കാഡുമായാണ് നരേന്ദ്രമോദി കേന്ദ്ര രാഷ്ട്രീയത്തിലെ മുഖ്യധാരയിലേക്ക് വന്നത്. എതിരാളികൾ അന്ന് അദ്ദേഹത്തിന് നേരെ വിദ്വേഷത്തിന്റെ ആരോപണങ്ങൾ ഉന്നയിച്ചു . അന്വേഷണ ഏജൻസികളും ജനവും അത് തള്ളിക്കളഞ്ഞു. ഒരു പക്ഷേ എതിരാളികളിൽ നിന്ന് ഇത്രയും ആക്രമണം മറ്രൊരു നേതാവും നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. പല മുഖ്യധാരാ മാദ്ധ്യമങ്ങളും നിഷ് പക്ഷരാണെന്ന് നടിക്കുമ്പോഴും പക്ഷപാതിത്വത്തോടെ അദ്ദേഹത്തെ കടന്നാക്രമിക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെ ജനങ്ങളുടെ വിശ്വാസം മോദിയെ കൂടുതൽ കരുത്തനാക്കി.
ഭരണ വിരുദ്ധ വികാരമില്ലായിരുന്നു എന്നതാണ് മോദി ഭരണത്തിന്റെ ഏറ്റവുംവലിയ നേട്ടം. 2018 ൽ കോൺഗ്രസ് ബി.ജെ.പിയിൽ നിന്ന് അധികാരം പിടിച്ചെടുത്ത മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ് ഗഢിലും ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏതാണ്ടെല്ലാ സീറ്റുകളും നേടി. അതോടൊപ്പം അറുപതു ശതമാനത്തോളം വോട്ടും നേടി.
രാഹുലിനെ മുൻ നിറുത്തി പ്രതിപക്ഷം മോദിയെ എതിർത്തപ്പോഴും മോദി രാഹുലിനെ എതിർത്തില്ല. പകരം ജനങ്ങളോട് ചില ചോദ്യങ്ങളുയർത്തുകയാണ് അദ്ദേഹം ചെയ്തത്. കോളേജിൽ സീറ്രുകിട്ടാനും ജോലി നേടാനുമൊക്കെ എഴുത്തുപരീക്ഷകളുടെയും അഭിമുഖങ്ങളുടെയും നിരവധി കടമ്പകൾ കടക്കേണ്ട ഒരു രാജ്യത്ത് ഒരു കുടുബത്തിലെ അംഗമായതു മാത്രമാണ് രാഹുൽ ഗാന്ധിയുടെ യോഗ്യത എന്ന് ജനത്തിന് മനസ്സിലായി. തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ച് തന്റെ അദ്ധ്വാനത്തിലൂടെ വളർന്നുവന്ന മോദിയാണ് നോമിനേഷനിലൂടെ കയറിയ രാഹുലിനേക്കാൾ മിടുക്കനെന്ന് ജനം മനസിലാക്കി.
രാഹുൽ നെഹ്റു കുടുംബത്തിലെ ഒരു പിൻമുറ അവകാശി മാത്രമായിരുന്നെങ്കിൽ മോദി കേവലം ഒരു ഗുജറാത്തി മാത്രമായിരുന്നില്ല. ഒരു പാൻ ഇന്ത്യൻ നേതാവിന്റെ എല്ലാ ലക്ഷണങ്ങളും അദ്ദേഹത്തിലുണ്ട്. വിവേകാനന്ദനും മഹാത്മാഗാന്ധിക്കും മാത്രമാണ് സമീപ നൂറ്രാണ്ടിൽ ഈ അംഗീകാരം ലഭിച്ചത്. അദ്ദേഹത്തിന്റെ സ്വാധീനം ഗംഗാതടത്തിൽ മാത്രം ഒതുങ്ങി നിന്നില്ല, പാകിസ്ഥാനോട് ചേർന്ന് കിടക്കുന്ന കച്ചിലും ബംഗ്ലാദേശിനോട് ചേർന്നു കിടക്കുന്ന അസമിലും മഞ്ഞണിഞ്ഞ കാശ്മീർ മലമടക്കുകളിലും ദക്ഷിണേന്ത്യയിലും മോദിമാസ്മരികത ദേശീയ വികാരത്തോടൊപ്പം ജനങ്ങളെ ആവേശം കൊള്ളിച്ചു. കോൺഗ്രസ് സർക്കാരുകൾ നൽകിയ നിരാശയിൽ നിന്നാണ് മോദിയെന്ന നേതാവിൽ ജനം പ്രതീക്ഷയർപ്പിച്ചത്. ടുജി, കൽക്കരി, തുടങ്ങി ലക്ഷം കോടികളുടെ അഴിമതികളാണ് യു.പി.എ ഭരണത്തിൽ പത്തുവർഷം ജനം കണ്ടത്. അതേ സമയം ഗുജറാത്തിലെ നേട്ടങ്ങൾ മാത്രമായിരുന്നു 2014ൽ മോദിയുടെ കൈമുതൽ . എന്നാൽ അഞ്ചുവർഷം ചെയ്ത ജനക്ഷേമകരമായ നടപടികളുമായാണ് മോദി 2019ൽ ജനത്തിന് മുമ്പിലെത്തിയത്. അവർക്ക് വീടായാലും ശൗചാലയമായാലും വൈദ്യുതിയായാലും നിരവധി സേവനങ്ങൾ മോദിയിലൂടെ ലഭിച്ചു. നാളിതുവരെ വീട്ടിലെ അടുപ്പിൽ തീ കൂട്ടാൻ വിറക് തേടി നടന്നിരുന്ന ആറ് കോടി പാവപ്പെട്ട അമ്മമാർക്ക് സൗജന്യ പാചകവാതകം കിട്ടി. 15 കോടി യുവാക്കൾക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പത്തുലക്ഷം രൂപ വരെ മുദ്രാ വായ്പ ലഭിച്ചു. കർഷകർക്ക് നിരവധി സൗജന്യങ്ങളും വരുമാനം കുറഞ്ഞപ്പോൾ ധനസഹായവും കിട്ടി. പശ്ചാത്തല വികസന മേഖലയിൽ വളർച്ച വേറെ. മോദിക്ക് വോട്ട് ചെയ്യാതിരിക്കാൻ അവർക്ക് വേറെ കാരണം കണ്ടെത്തേണ്ടി വന്നു. ചൗക്കിദാർ ചോർ ഹേ എന്നു പറഞ്ഞപ്പോൾ ജനം അത് വിശ്വസിച്ചില്ല. പത്തുവർഷം അഴിമതി നടത്തിയവരായിരുന്നു രാഹുലിന്റെ കൂട്ടുകാർ. കാലിത്തീറ്ര കുംഭകോണം വഴി കോടികൾ തട്ടിയതിന് ജയിലിൽ കഴിയുന്ന ലാലുവായിരുന്നു രാഹുലിന്റെ സഖ്യകക്ഷി.
മോദി സ്വാധീനിച്ചത് ഏതെങ്കിലുമൊരു വിഭാഗത്തേയല്ല. തൊഴിലാളികളും കർഷകരും വ്യാപാരികളും ഇടത്തരക്കാരും പാവപ്പെട്ടവരും പണക്കാരുമൊക്കെ സൈനികരും അദ്ധ്യാപകരും ഒക്കെ അതിൽപ്പെടും. യുവാക്കളും വിദ്യാർത്ഥികളും ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും മോദി ഭക്തരായി. ഒരു ജനതയുടെ സാമൂഹ്യദർശനത്തേയും രാജ്യത്തിന്റെ അഭിമാന ബോധത്തെയും തന്റെ രാഷ്ട്രീയവുമായി കൂട്ടിയിണക്കാൻ മോദിക്ക് കഴിഞ്ഞു. വിദേശത്തുള്ള ഇന്ത്യക്കാരും മോദി ഭക്തിയിൽ നിന്ന് അകന്നു നിന്നില്ല. പുതുവോട്ടർമാർ മോദിയുടെ കൂടെ നിന്നു.
കേരളത്തോട് എന്നും അദ്ദേഹം മമത കാണിച്ചിരുന്നു. കേരളത്തിൽ വരുമ്പോൾ ഇവിടത്തെ പ്രശ്നങ്ങൾ മനസിലാക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. തൃശൂരിൽ വന്നപ്പോൾ പ്രവാസികളുടെ പ്രശ്നങ്ങൾ, കശുഅണ്ടി മേഖലയിലെ പ്രശ്നങ്ങൾ, റബർ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ എന്നോട് ചോദിച്ചു മനസ്സിലാക്കി. ഇവ വിശദമായി ചോദിച്ചറിയുകയും ആഴത്തിൽ പഠിക്കുകയും പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു.പ്രധാനമന്ത്രിയെന്ന നിലയിൽ ഓരോ പ്രശ്നങ്ങളും മനസിലാക്കാൻ അദ്ദേഹം ശ്രമം നടത്തിയിരുന്നു. കേരളത്തിലെ കാലിക പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം മനസിലാക്കിയിരുന്നു. നമ്പിനാരായണന് പദ്മശ്രീ നൽകിയപ്പോൾ അത് സംബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ അഭിപ്രായമെന്താണെന്ന് തിരക്കി. കേരളത്തിലെ മദ്യപാനത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ചില കത്തുകൾ അദ്ദേഹത്തിന് കിട്ടിയിരുന്നു. മുമ്പ് തിരുവനന്തപുരത്ത് വന്നപ്പോൾ അത് സംബന്ധിച്ചു അദ്ദേഹം മനസിലാക്കാൻ ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ അഞ്ച് വർഷത്തേക്ക് തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളും മന്ത്രിമാരുമുള്ള ഈ സമൂഹത്തിൽ ഒരു പ്രധാനമന്ത്രി ഓരോ പ്രദേശത്തെയും ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നത് ഉന്നതമായ ജനാധിപത്യ ബോധമുള്ളതുകൊണ്ടാണ്. ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഭരിക്കണമെന്ന താത്പര്യമുള്ളതുകൊണ്ടാണിത്. കേരളത്തോട് അദ്ദേഹം കാണിച്ച താല്പര്യം എടുത്തു പറയേണ്ടതാണ്. പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നപ്പോൾ വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന സംഘത്തോടൊപ്പമാണ് വന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി കണ്ട് ഓരോരുത്തരുടെയും വിവരങ്ങൾ മനസിലാക്കുകയും ചില നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഓഖി ദുരന്തം നടന്നപ്പോൾ ദുരന്തബാധിതരെ കാണാൻ അദ്ദേഹം എത്തിയിരുന്നു. രാജ്ഭവനിൽ ദുരിത ബാധിതരുമായി കാണാനാണ് സംസ്ഥാന സർക്കാർ ഒരുക്കങ്ങൾ നടത്തിയത്. എന്നാൽ അദ്ദേഹം ദുരിതബാധിത പ്രദേശത്തു പോവാനാണ് താത്പര്യപ്പെട്ടത്. ഒടുവിൽ പൂന്തുറയിൽ പള്ളിയിൽ പോയിട്ടാണ് ആളുകളെ കണ്ടത്. ഉയർന്ന പദവിയിലിരിക്കുമ്പോഴും സാധാരണക്കാരുടെ കാര്യങ്ങളിൽ വ്യക്തിപരമായ താത്പര്യമെടുക്കുന്നയാളാണ് നരേന്ദ്രമോദി. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കാണാനെത്തിയവരിൽ ബിഷപ് സൂസപാക്യവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈ ചെറിയതോതിൽ വിറയ്ക്കുന്നത് അദ്ദേഹം കണ്ടു. നിവേദനം വാങ്ങി ആളുകളോട് സംസാരിച്ചതിന് ശേഷം സൂസപാക്യത്തോട് കൈ വിറയ്ക്കുന്ന കാര്യം സംസാരിച്ചു. ഇതിന് ഹോമിയോ മരുന്നുണ്ടെന്ന് നിർദ്ദേശിക്കുകയും ചെയ്തു. നിവേദനം നടത്തുന്നവർ ഉയർത്തുന്ന പ്രശ്നങ്ങൾ മാത്രമല്ല അവരുടെ പ്രശ്നങ്ങളും അദ്ദേഹം മനസിലാക്കുന്നു എന്നതിനുള്ള ദൃഷ്ടാന്തമാണിത്. അത് ഒരു മനുഷ്യന്റെ സ്വാഭാവത്തിന്റെ പ്രത്യേകതയാണ്. ആന്ധ്രപ്രദേശ് സംസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സ്റ്റേജിലേക്ക് വരികയായിരുന്ന സംസ്ഥാന പ്രസിഡന്റിന്റെ കാൽ സ്റ്റേജിലെവിടെയോ തട്ടി ചെറുതായി ഒന്നു മുറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പ്രസംഗത്തിന് ശേഷം തന്റെ പ്രത്യേക മെഡിക്കൽ സംഘത്തെ കൊണ്ട് സംസ്ഥാന പ്രസിഡന്റിന് പരിചരണം നൽകിയതിന് ശേഷം മാത്രമാണ് പ്രധാനമന്ത്രി വണ്ടി കയറിയത്. ഇതാണ് നരേന്ദ്രമോദിയുടെ സവിശേഷത.
ഇത്ര വാശിയേറിയ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും എതിരാളികളെയും കൂടി ഉൾക്കൊണ്ട് മുന്നോട്ടു പോകാനാണ് മോദി ശ്രമിച്ചത്. ദേശീയ ലക്ഷ്യങ്ങളും പ്രാദേശിക താത്പര്യങ്ങളും പരിഗണിച്ചായിരിക്കും തന്റെ പ്രവർത്തനം അദ്ദേഹം അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഒരു വൻശക്തിയായി ഇന്ത്യ വളരുകയാണ്. ജനതയുടെ സമ്പൂർണ വികാസമാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ലോകനേതാവെന്ന നിലയിലുള്ള മോദിയുടെ അംഗീകാരവും ഇന്ത്യയിലെ ജനങ്ങളുടെ സ്നേഹവായ്പും അവർ നൽകുന്ന അകമഴിഞ്ഞ പിന്തുണയും പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള യത്നത്തിൽ നരേന്ദ്രമോദിക്ക് കരുത്താവും.