niyamasabha

തിരുവനന്തപുരം:ഖാദർകമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് എൽ.പി മുതൽ ഹയർസെക്കൻഡറി വരെ ഏകീകരിക്കുന്നതിനെച്ചൊല്ലി ഭരണപക്ഷവുമായുണ്ടായ വാക്പോരിനെ തുടർന്ന് പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഏകീകരണം ഭരണ, അക്കാഡമിക് മികവുണ്ടാക്കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞപ്പോൾ, അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയ്ക്കു വേണ്ടി മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും പൂർത്തിയാകാത്ത ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ ഒരുഭാഗം മാത്രമെടുത്ത് മന്ത്രി തുഗ്ലക് പരിഷ്‌കാരം നടപ്പാക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. വിദ്യാഭ്യാസ രംഗത്ത് ചരിത്രം സൃഷ്ടിച്ചാണ് പുതിയ വിദ്യാലയ വർഷം ആരംഭിക്കുന്നതെന്ന മന്ത്റിയുടെ പ്രസംഗത്തിന് എന്ത് ചരിത്രമെന്നും ആദ്യമായിട്ടാണോ സമയത്തിന് ഫലം പ്രഖ്യാപിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അദ്ധ്യാപകരുടെ ഈഗോ ക്ലാഷ് പരിഹരിക്കാനാണ് കമ്മിറ്റി റിപ്പോർട്ടെന്ന് കെ.എൻ.എ ഖാദർ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യം തകർക്കുന്ന റിപ്പോർട്ടാണിത്. സ്കൂളുകളിൽ അച്ചടക്കം കുറയും. അരാജകത്വമുണ്ടാവും. ഡയറക്ടർ ജനറൽ എഡ്യൂക്കേഷനായി നിയമിക്കപ്പെടുന്നയാൾ വിദ്യാഭ്യാസ വിചക്ഷണൻ ആയിരിക്കണമെന്ന നിർദ്ദേശം രാഷ്ട്രീയ നിയമനത്തിനാണ്. പഞ്ചായത്തുകൾ തോറും വിദ്യാഭ്യാസ വിചക്ഷണന്മാരുള്ള കാലമാണെന്നും അദേഹം പറഞ്ഞു.

റിപ്പോർട്ടിന്റെ ആദ്യഭാഗം വച്ച് ധൃതിയിൽ നടപ്പാക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. ഭിന്നാഭിപ്രായങ്ങൾ സർക്കാർ തള്ളിക്കളഞ്ഞു. ദേശീയവിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണ് വിദ്യാഭ്യാസ ഏകീകരണം. മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്നവർക്ക് ഘടനാമാറ്റം പ്രശ്‌നമാവും. വി.എച്ച്.എസ്.ഇയെ ഇല്ലാതാക്കുന്നതിന് പകരം കൂടുതൽ കോഴ്സുകൾ തുടങ്ങി ശക്തിപ്പെടുത്തുകയാണ് വേണ്ടത്. സ്കൂൾ ഏകീകരണം 99ശതമാനം ഹയർസെക്കൻഡറി അദ്ധ്യാപകരെയും ആശങ്കയിലാക്കിയെന്നും ഇത് അനാവശ്യ പ്രശ്‌നങ്ങൾക്ക് വഴിതുറക്കുമെന്നും ചെന്നിത്തല പറഞ്ഞു.

എം.കെ.മുനീർ. പി.ജെ.ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.

മന്ത്രിയുടെ മറുപടി

പ്രീ-പ്രൈമറി മുതൽ അദ്ധ്യാപക പരിശീലനം വരെ 14 മേഖലകളിൽ സമഗ്രമായ മാറ്റത്തിനാണ് ഖാദർകമ്മിറ്റി റിപ്പോർട്ടിൽ ശുപാർശയുള്ളതെന്നും ഇതിൽ 12 മേഖലകളിലെ മാറ്റം ഇപ്പോൾ നടപ്പാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. എൽ.പി, യു.പി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവ നിലവിലുള്ളതു പോലെ തുടരും. ഒന്നു മുതൽ 12വരെ ക്ലാസുകളുടെ മേധാവി ഹയർസെക്കൻഡറി പ്രിൻസിപ്പലായിരിക്കും. ഹെഡ്‌മാസ്റ്റർ വൈസ് പ്രിൻസിപ്പലാകും. ഹയർസെക്കൻഡറി ഇല്ലാത്തിടത്ത് ഹെഡ്‌മാസ്റ്റർ തുടരും. പ്രിൻസിപ്പലിന്റെ ജോലിഭാരം കുറയ്ക്കാൻ ഹെഡ്‌മാസ്റ്റർ എത്ര ക്ലാസെടുത്തിരുന്നോ അത്ര ക്ലാസ് പ്രിൻസിപ്പലും എടുത്താൽ മതിയെന്നാക്കും. സ്‌കൂൾ ഓഫീസ് ഹയർസെക്കൻഡറിക്കു കൂടി ഉപയോഗിക്കത്തക്കതാക്കും. ഡി.പി.ഐക്ക് പകരം ഡയറക്ടർ ജനറൽ ഒഫ് എഡ്യൂക്കേഷൻ ( ഡി.ജി.ഇ ) എന്ന പദവിയുണ്ടാവും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ഡയറക്ടർമാർ ഇല്ലാതാവും. പരീക്ഷകൾ നടത്താൻ ഡി.ജി.ഇയെ ചുമതലപ്പെടുത്തും. സമഗ്രശിക്ഷാ അഭിയാന്റെ സഹായം ഹയർസെക്കൻഡറിക്കും ലഭ്യമാക്കും.ആരുടെയും പ്രൊമോഷനും ആനുകൂല്യങ്ങളും നഷ്ടമാവില്ല. ഇതെല്ലാം സ്കൂളുകളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.