ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 542 അംഗങ്ങളിൽ 475 പേരും കോടീശ്വരന്മാരാണെന്ന അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ കണ്ടെത്തൽ മാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ സ്വത്ത് സമ്പാദനത്തെ തടയുന്ന നിയമമൊന്നുമില്ലാത്തതിനാൽ ഇതിൽ അസ്വാഭാവികത തോന്നേണ്ടതില്ല. നിയമാനുസരണമായ മാർഗങ്ങളിലൂടെ ആർക്കും സ്വത്ത് സമ്പാദിക്കാനും പണക്കാരനായി സമൂഹത്തിൽ മാന്യമായി ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്.
അതേസമയം രാജ്യസമ്പത്തിന്റെ തൊണ്ണൂറു ശതമാനവും അഞ്ഞൂറിൽ താഴെവരുന്ന അതിസമ്പന്നരുടെ നിയന്ത്രണത്തിലാണെന്ന മറ്റൊരു റിപ്പോർട്ടുമായി ചേർത്തുവച്ച് വായിക്കുമ്പോൾ കോടീശ്വരന്മാരായി നിയമനിർമ്മാണ സഭകളിലെത്തുന്ന ജനപ്രതിനിധികളുടെ താത്പര്യ മേഖലകളെക്കുറിച്ച് സാധാരണ ജനങ്ങൾക്കിടയിൽ സംശയമുദിക്കുക സ്വാഭാവികമാണ്. അതിസമ്പന്നരായ നന്നേ കുറച്ച് ആളുകൾ രാജ്യത്തിന്റെ സമ്പത്തിന്റെ സിംഹഭാഗത്തിന്റെയും നിയന്ത്രണം കൈയാളുന്നതുപോലെ അധികാരകേന്ദ്രീകരണവും കോടീശ്വരന്മാരിലെത്തിച്ചേരുന്നതിലെ പൊരുത്തമില്ലായ്മയാണ് ആശങ്ക ഉളവാക്കുന്നത്.
പാർലമെന്റിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്നവർ സാമ്പത്തികമായി ഉന്നതനില പ്രാപിച്ചവരാകരുതെന്ന് ഒരിടത്തും പറയുന്നില്ല. ജനങ്ങൾ തന്നെയാണ് വോട്ട് ചെയ്ത് അവരെ അധികാരത്തിന്റെ ഉത്തുംഗ ശ്രേണികളിലെത്തിക്കാറുള്ളത്. ആ നിലയ്ക്ക് താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെയും അവിടത്തെ ജനങ്ങളുടെയും താല്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളാൻ ജനപ്രതിനിധി ബാദ്ധ്യസ്ഥനുമാണ്. എന്നാൽ വോട്ടെടുപ്പ് കഴിയുന്നതോടെ മണ്ഡലത്തെയും ജനങ്ങളെയും മറക്കുന്ന ജനപ്രതിനിധികളാണ് ഏറെയും. വോട്ടുതേടി വീണ്ടും ഇവരിൽ പലരും ജനങ്ങളെ സമീപിക്കാറുണ്ട്. മണ്ഡലത്തെ തിരിഞ്ഞുനോക്കാത്തവരെ വോട്ടർമാർ പിന്നീട് കണക്കിന് ശിക്ഷിക്കുന്നതും പതിവാണ്. അത്തരം സന്ദർഭങ്ങളിൽ പണം വാരിയെറിഞ്ഞ് സ്വാധീനവും ഭൂരിപക്ഷവും ഉറപ്പിക്കാൻ നടത്താറുള്ള ശ്രമങ്ങൾ ജനാധിപത്യ പ്രക്രിയയ്ക്കുതന്നെ അവമതിയായിത്തീരാറുമുണ്ട്. ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിലും വ്യാപകമായ തോതിൽ പണം ഇറക്കിത്തന്നെയാണ് പലരും ജയം ഉറപ്പിച്ചത്. സ്ഥാനാർത്ഥിയുടെ പ്രചാരണച്ചെലവ് എഴുപതുലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും മുൻനിര പാർട്ടികളിൽപ്പെട്ട എത്ര സ്ഥാനാർത്ഥികൾ ചട്ടം പാലിച്ചുവെന്ന് ആർക്കുമറിയില്ല. നാമനിർദ്ദേശപത്രികയിൽ അഞ്ഞൂറും അറുനൂറുംകോടി രൂപയുടെ ആസ്തി കാണിക്കുന്ന സ്ഥാനാർത്ഥികൾ ജയം ഉറപ്പിക്കാൻ വാരി എറിയുന്നത് കോടികൾ തന്നെയായിരിക്കുമെന്ന് ഉൗഹിക്കാൻ സാമാന്യബുദ്ധി മതി.
പുതിയ എം.പിമാരിൽ 88 ശതമാനവും കോടീശ്വരന്മാരാകുമ്പോൾ പുറമെനിന്നു വീക്ഷിക്കുന്ന സാധാരണക്കാർക്ക് പരമോന്നതമായ നിയമനിർമ്മാണസഭയെ നയിക്കുന്ന പണാധിപത്യത്തിന്റെ കെട്ടുപാടുകളെക്കുറിച്ചാകും ആദ്യം ഒാർമ്മ വരിക. ജനങ്ങൾക്കിടയിൽ അഹോരാത്രം പ്രവർത്തിച്ചതിന്റെ പേരിലോ മറ്റു പരിഗണനകളാലോ സ്ഥാനാർത്ഥിത്വം തേടിയെത്തുന്ന കാലമൊക്കെ കഴിഞ്ഞു.
അദ്ധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും പാർട്ടികളിൽ പോലും ഇന്ന് സ്ഥിതി ഇതാണ്. നാനാവഴിക്കും ഉണ്ടാക്കിയ സമ്പത്ത് നിലനിറുത്താനും പലമടങ്ങായി വർദ്ധിപ്പിക്കാനുമുള്ള സുരക്ഷിത താവളമായി നിയമ നിർമ്മാണസഭകളെ ഉപയോഗിക്കുന്നവരുടെ എണ്ണം എല്ലാ പാർട്ടികളിലും വർദ്ധിച്ചുവരികയാണ്. ഒരുപിടി വൻ വ്യവസായികളും ബിസിനസുകാരും ചേർന്ന് സാമ്പത്തിക രംഗം നിയന്ത്രിക്കുന്നതുപോലെ ഭരണ നിർവഹണാധികാരവും കുബേരന്മാരാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥിതി വന്നുകൊണ്ടിരിക്കുകയാണ്. ജനാധിപത്യം എന്ന പവിത്ര സങ്കല്പം പണാധിപത്യത്തിനു വഴിമാറുമ്പോൾ നിശബ്ദമാക്കപ്പെടുന്നത് സാധാരണക്കാരുടെയും ദുർബല വിഭാഗങ്ങളുടെയും ശബ്ദമാണ്.
ബി.ജെ.പിയുടെ 301 എം.പിമാരിൽ 265 പേർ കോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ചപ്പോൾ കോൺഗ്രസിലെ 51 പേരിൽ 43 പേരും ഇൗ ഗണത്തിൽ വരും. 38 കോടിയിൽപ്പരം രൂപയാണ് ഇവരുടെ ശരാശരി ആസ്തി. ബി.ജെ.പി എം.പിമാരുടെ ശരാശരി ആസ്തിയാകട്ടെ പതിനാലരകോടിരൂപയും. മുന്നൂറും നാനൂറും അറുനൂറും കോടിയിലേറെ ആസ്തിയുള്ള അതിസമ്പന്നന്മാരായ ആദ്യ മൂന്ന് എം.പിമാരും കോൺഗ്രസ് പാർട്ടിക്കാരാണെന്ന സവിശേഷതയുമുണ്ട്. ജനപ്രതിനിധികളുടെ ആസ്തികളിൽ കാണുന്ന വൻ വർദ്ധന രാജ്യപുരോഗതിയുടെ പ്രതിഫലനമായി അഭിമാനിക്കാമെങ്കിലും ജനസംഖ്യയിൽ പകുതിയും ഇപ്പോഴും ദരിദ്രാവസ്ഥയിലാണെന്ന യാഥാർത്ഥ്യം മറുഭാഗത്തുണ്ട്. കോടിപതികളായ ജനപ്രതിനിധികളുടെ നാവ് ഇവർക്കുവേണ്ടിയും ചലിക്കണമെന്നേയുള്ളൂ.