may29c

ആറ്റിങ്ങൽ: വനിതകൾക്കായുള്ള സ്വയംതൊഴിൽ സേവാകേന്ദ്രം തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. കിരൺ കൊല്ലമ്പുഴയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. നഗരസഭ പ്രതിപക്ഷ നേതാവ് അനിൽകുമാർ, കൗൺസിലർമാരായ പ്രശാന്ത്, പ്രിൻസ്‌രാജ്, മണ്ഡലം ഭാരവാഹികളായ രാമച്ചംവിള വിഷ്ണു, അനൂപ്, രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു. അവഗണനയിൽ വനിതാ വ്യവസായ കേന്ദ്രം എന്ന തലക്കെട്ടോടെ കേരളകൗമുദി തിങ്കളാഴ്ച വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.