തിരുവനന്തപുരം: ശ്രീനാരായണ ഗുരുദർശനത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും പുതിയ തലമുറയ്ക്കും അത് പകർന്നു നൽകുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. അരുവിയോട് - മണ്ണന്തല- അമ്പലത്തുനട യൂണിറ്റിന്റെ 18ാം വാർഷികം കനകക്കുന്ന് വിശ്വസംസ്കാര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരുത്വാമലയിലെ തപസിന് ശേഷം ഗുരു മടങ്ങിയെത്തി ജനങ്ങളെ ഉദ്ബോധിപ്പിക്കുകയാണ് ചെയ്തത്. ഗുരുവിന്റെ ദർശനം വരും തലമുറകൾ ഉൾക്കൊള്ളേണ്ടതുണ്ട്. ഗുരുവിന്റെ ദർശനം പഠിക്കാനായി മുതിർന്നവർ മാത്രമാണ് ശ്രമിക്കുന്നത്. അതിനാൽ തന്നെ കൊച്ചുകുട്ടികൾക്കുകൂടി ഇത് പകർന്നു കൊടുക്കാൻ മുതിർന്നവർ ശ്രമിക്കണം. അതിന് വേണ്ടിയാകണം കുടുംബ യൂണിറ്റുകളുടെ പ്രാർത്ഥനാ യോഗങ്ങൾ പ്രയോജനപ്പെടുത്തേണ്ടതെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. പി.ഡബ്ളിയു.ഡി മുൻ ചീഫ് എൻജിനിയർ കെ.ജയചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. വിശ്വസംസ്‌കാരഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. രഞ്ജിത്ത് ആശംസകൾ നേർന്നു. പ്രാർത്ഥനാസമിതി സെക്രട്ടറി സി.തങ്കപ്പൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കോ- ഓർഡിനേറ്റർ വിശ്വംഭരൻ .ഡി സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.അനിൽകുമാർ നന്ദിയും പറഞ്ഞു.