തിരുവനന്തപുരം: റേഷൻ കാർഡിനു വേണ്ടി ഇനി താലൂക്ക് സപ്ളൈ ഓഫീസുകൾ കയറിയിറങ്ങി നടക്കേണ്ട. ഒരു തവണ വന്നാൽ മതി പുതിയ റേഷൻ കാർഡുമായി മടങ്ങാം. സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി റേഷൻ കാർഡിന് അപേക്ഷ നൽകുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക.
റേഷൻ കാർഡിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിയുമ്പോൾ ഒരു പ്രിന്റ്ഔട്ട് കിട്ടും. അപ്പോൾ തന്നെ അത് ഒപ്പിട്ട് സ്കാൻ ചെയ്ത് അയച്ചാൽ എന്നാണ് കാർഡിനായി താലൂക്ക് സപ്ലൈ ഓഫീസിലെത്തേണ്ടതെന്ന വിവരം എസ്.എം.എസായി ലഭിക്കും. ആ ദിവസം കൈവശമുള്ള പ്രിന്റൗട്ടുമായി താലൂക്ക് സപ്ലൈ ഓഫീസിലെത്തിയാൽ കാർഡുമായി മടങ്ങാം. ജൂൺ ഒന്നു മുതൽ ഈ സംവിധാനം നിലവിൽവരും.
അപേക്ഷ ലഭിച്ചതിനും കാർഡ് ലഭ്യമാക്കുന്നതിനും ഇടയ്ക്കുള്ള ദിവസങ്ങളിൽ മുൻഗണനാ കാർഡിനുള്ള അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിന് അന്വേഷണം നടത്തും. കുടുംബത്തിലെ മുതിർന്ന വനിതാ അംഗത്തിന്റെ പേരിലാണ് കാർഡ് ലഭിക്കുക. മുതിർന്ന വനിതയുടെ അഭാവത്തിൽ പുരുഷന് അപേക്ഷകനാകാം.
►ഇപ്പോൾ പ്രവർത്തനം ഇങ്ങനെ
കഴിഞ്ഞ ആഗസ്റ്റ് 18 മുതലാണ് ഓൺലൈൻ വഴി റേഷൻ കാർഡിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. അപേക്ഷ നൽകിയ ശേഷം ലഭിക്കുന്ന
പ്രിന്റൗട്ടുമായി അപേക്ഷക(ൻ) പലവട്ടം താലൂക്ക് സപ്ളൈഓഫീസിൽ കയറിഇറങ്ങിയാലേ കാർഡ് ലഭിക്കുമായിരുന്നുള്ളൂ. അന്വേഷണത്തിന്റെ പേരിലും മറ്റും റേഷൻകാർഡ് വൈകിപ്പിക്കുന്ന പ്രവണത താലൂക്ക് ഓഫീസുകളിലുണ്ടായിരുന്നു.
ആഗസ്റ്റ് 18നു മുമ്പ് റേഷൻ കടകൾ വഴിയും താലൂക്ക് സപ്ളൈ ഓഫീസുകൾ വഴിയും പ്രത്യേക ഫോമിൽ അപേക്ഷകൾ പൂരിപ്പിച്ചു വാങ്ങുകയായിരുന്നു ചെയ്തിരുന്നത്. കാർഡ് കിട്ടാൻ ഏറെ കാലതാമസമെടുക്കുമായിരുന്നു.
► അപേക്ഷിക്കുമ്പോൾ വേണ്ടത്
1 അപേക്ഷകന്റെ ഫോട്ടോ
2 എത്ര അംഗങ്ങളുണ്ടോ അവരുടെ എല്ലാം ആധാർ കാർഡ്
3 താമസിക്കുന്ന സ്ഥലം തെളിയിക്കുന്ന രേഖ.