പാലോട്: ഒമ്പതുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനത്തിനൊരുങ്ങി ചെല്ലഞ്ചിപ്പാലം. പെയിന്റിംഗ് ഉൾപ്പടെയുള്ള മിനുക്കുപണികൾ അന്തിമഘട്ടത്തിലാണ്. ഉദ്‌ഘാടനം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പും തുടങ്ങി. വാമനപുരം നദിയുടെ ഇരുവശങ്ങളിലും താമസിക്കുന്ന അനേകം കർഷക കുടുംബങ്ങൾ തലമുറകളായി ആവശ്യപ്പെട്ടിരുന്ന പാലമാണ് ചെല്ലഞ്ചിക്കടവിൽ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. 2010ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ തറക്കല്ലിട്ട പാലം 2013ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കരാറെടുത്ത കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ പാതിവഴിയിൽ ഉപേക്ഷിച്ചുപോയത് തിരിച്ചടിയായി. നാട്ടുകാരുടെ ശക്തമായ സമരങ്ങളും ഡി.കെ. മുരളി എം.എൽ.എയുടെ ഇടപെടലുമാണ് പണി പുനരാരംഭിക്കാൻ സഹായമായത്. രണ്ടുതവണ റീ ടെൻഡർ ചെയ്യേണ്ടി വന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നിലയ്ക്കുന്ന ഘട്ടങ്ങളിലെല്ലാം കേരളകൗമുദി നൽകിയ വാർത്തകർ നിർമ്മാണം വേഗത്തിലാക്കി. അപ്രോച്ച് റോഡ് പണിയാൻ കൃഷി ഭൂമി വിട്ടു നൽകിയ കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിലും കേരളകൗമുദി നൽകിയ വാർത്തകൾ സഹായകമായി.
തീർത്ഥാടന - വിനോദ സഞ്ചാര
പാതയ്ക്ക് വഴിയൊരുങ്ങി
വർക്കല - പാലോട് - പൊന്മുടി മേഖലകളെ ബന്ധിപ്പിക്കുന്ന തീർത്ഥാടന - വിനോദ സഞ്ചാര പാതയ്ക്ക് ചെല്ലഞ്ചിപ്പാലം വഴിയൊരുക്കും. അതേസമയം അപ്രോച്ച് റോഡിന് ഓടയില്ലാത്തനിനാൽ മണ്ണിട്ടു നികത്തിയ ഭാഗവും റോഡും മഴയിൽ ഒലിച്ചു പോകാനിടയുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. പാലത്തിന് വസ്‌തു വിട്ടുകൊടുത്തവർക്ക് അവരുടെ വസ്‌തുക്കളിലേക്ക് പോകുന്നതിന് വഴിനിർമ്മിച്ചു കൊടുക്കുമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല. അപ്രോച്ച് റോഡിനായി മണ്ണിടിച്ചു താഴ്‌ത്തിയപ്പോൾ അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റുകൾ പുനഃസ്ഥാപിക്കാനും നടപടിയായിട്ടില്ല. പരപ്പിൽ നിന്നും പാലത്തിലെത്താനുള്ള റോഡും എങ്ങുമെത്തിയില്ല.