editors-pick

രണ്ട് പതിറ്റാണ്ടിലേറെയായി പാലുത്‌പാദനത്തിൽ ലോകരാഷ്ട്രങ്ങളെയെല്ലാം പിന്തള്ളി നമ്മുടെ രാജ്യം ഒന്നാം സ്ഥാനത്താണ്. ദേശീയ ക്ഷീരവികസന ബോർഡിന്റെ കണക്ക് പ്രകാരം 2017 - 18 വർഷത്തെ ഇന്ത്യയിലെ പാലുത്‌പാദനം 176.3 മില്യൺ മെട്രിക് ടൺ ആണ്. 2021 - 22 വർഷത്തോടുകൂടി ഇന്ത്യയിലെ മൊത്തം പാലുത്‌പാദനം 254.5 മില്യൺ മെട്രിക് ടണ്ണിലെത്തിച്ചേരുമെന്നാണ് കണക്കുകൂട്ടൽ. ധവള വിപ്ലവത്തിന് തുടക്കം കുറിച്ച് രാഷ്ട്രത്തെ പാൽ ഉത്‌പാദനത്തിൽ മുൻപന്തിയിലെത്തിച്ച ആദരണീയനായ ഡോ. വർഗീസ് കുര്യനെ ഈ അവസരത്തിൽ വിസ്‌മരിക്കാനാവില്ല.


ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ - കാർഷിക സംഘടനയുടെ ആഹ്വാനപ്രകാരം ജൂൺ ഒന്ന് ലോക ക്ഷീരദിനമായി ആചരിച്ചുവരികയാണ്. വികസിത രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പാലിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ നാം പിന്നിലാണ്. ഗുണനിലവാരമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും വിപണനത്തിലും അവയെപ്പറ്റിയുള്ള അവബോധം സൃഷ്‌ടിക്കുന്നതിലും കൂടുതൽ ശ്രദ്ധിക്കണം.

സംസ്ഥാന സർക്കാരിന്റെ കൃത്യതയാർന്ന ഇടപെടലും സഹകരണ മേഖലയുമായി കൈകോർത്തുള്ള പ്രവർത്തനങ്ങളും കൊണ്ട് സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് രാജ്യത്തെ ഏറ്രവും ഉയർന്ന പാൽവിലയാണ് ലഭിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെങ്കിലും ക്ഷീരവികസന വകുപ്പിന് കീഴിലുളള രണ്ട് ചെക്ക്‌ പോസ്റ്റുകളിൽ ഗുണനിലവാര പരിശോധനകൾ കൃത്യമായി നടക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞതും മായം കലർന്നതുമായ പാൽ കേരളത്തിലേക്ക് വരുന്നത് തടയാൻ ഒരു പരിധിവരെ സാധിക്കുന്നുണ്ടെങ്കിലും, ഗുണനിലവാരമുളള നല്ല പാൽ അതിർത്തി കടന്നു വരുന്നത് തടയാനാവില്ല.

ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും ഗുണനിലവാരമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും ഉറപ്പുവരുത്തി മാത്രമേ, ക്ഷീരകർഷകർക്ക് മികച്ച പാൽവില എക്കാലവും ഉറപ്പ് വരുത്താനാവൂ.
അതിമൂല്യ വർദ്ധിത ഉത്പന്നങ്ങളായ നവജാത ശിശുകൾക്കുള്ള ഇൻഫന്റ് ഫുഡ്, കുഞ്ഞുങ്ങൾക്കുള്ള ബേബി ഫുഡ് കൗമാരപ്രായക്കാർക്കുള്ള ഊർജദായക ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിങ്ങനെ വൈവിദ്ധ്യമേറിയ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും ഭാവിയിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ, ഉത്പാദന ചെലവ് കൂടിവരുന്ന സാഹചര്യത്തിൽ പാലിന്റെ വിപണനവില കൂട്ടാതെ, സംഭരണവില കൂടുതൽ നൽകിക്കൊണ്ട് സംരക്ഷിച്ചു നിറുത്താൻ സഹകരണ മേഖലയ്‌ക്ക് സാധിക്കുകയുള്ളൂ.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കി വരുന്ന പോഷകാഹാര പദ്ധതികളിൽ UHT പാൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലാണ്. പല വിധത്തിലുള്ള കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി മികച്ച ഗുണനിലവാരമുള്ള പാൽ ഉത്പാദിപ്പിക്കുന്ന കർഷകനും സംഘത്തിനും പ്രോത്സാഹന വില നൽകുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

പൊതുജനങ്ങളിൽ ആരോഗ്യദായകമായ ജീവിതശൈലി അവബോധം വർദ്ധിച്ചു വരുന്ന ഇന്നത്തെ കാലഘട്ടത്തിൽ, വളരെയധികം വിപണി സാദ്ധ്യതയുള്ള ഒരു ഉത്പന്നമാണ് ജൈവപാൽ. ഇത്തരത്തിൽ പാൽ ഉത്പാദിപ്പിക്കുന്ന കർഷകർക്ക് അവരുടെ അധിക ചെലവിന് അനുസരിച്ച് സംഭരണ വില നൽകുകയാണെങ്കിൽ പദ്ധതി വിജയകരമായി നടപ്പിലാക്കാനും അതുവഴി ലഭിക്കുന്ന അധിക വരുമാനം ക്ഷീരമേഖലയ്ക്ക് താങ്ങായി പ്രയോജനപ്പെടുത്താനും സാധിക്കും.

ക്ഷീരകർഷകരുടെ പ്രതീക്ഷകൾ നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.