വിഴിഞ്ഞം: വിഴിഞ്ഞം തീരത്ത് ഇനി ചാകരക്കാലം, എന്നാൽ സീസൺ അടുത്തിട്ടും തീരത്തെ ഒരുക്കങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. സീസൺ തുടങ്ങുമ്പോൾ മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തുന്ന മത്സ്യ ബന്ധന ബോട്ടുകൾ കെട്ടാൻ ഇവിടെ സ്ഥലമില്ലെന്നതാണ് പ്രധാന പ്രശ്നം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ എത്തിച്ചിട്ടുള്ള ഡ്രഡ്ജറുകളും ബാർജുകളും വാർഫിനുള്ളിൽ കെട്ടിയിരിക്കുന്നത് കാരണം മത്സ്യബന്ധന ബോട്ടുകൾ അവിടെ കെട്ടാൻകഴിയാത്തതെന്നാണ് തൊഴിലാളികളുടെ പരാതി. സീസണിൽ മറ്റ് സ്ഥലങ്ങളിൽ നിന്നു വരുന്ന മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചിരുന്നു.
തീരത്ത് സുരക്ഷയൊരുക്കാൻ പൊലീസ് എയ്ഡ് പോസ്റ്റുകൾ ഇതുവരെ കെട്ടിമേഞ്ഞിട്ടില്ല. മഴപെയ്താൽ പൊലീസ് എയ്ഡ് പോസ്റ്റുകൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. തീരത്തെ തെരുവുവിളക്കുകൾ പലതും കത്താറില്ല. ട്രോളിംഗ് നിരോധനം തുടങ്ങിയാൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ വൻ തിരക്കാണ് ഇവിടെ. ഓഖിക്ക് ശേഷം കടലിൽ പോകുന്ന എല്ലാ മത്സ്യബന്ധന തൊഴിലാളികൾക്കും സുരക്ഷാ കിറ്റ് നൽകുമെന്ന് പറഞ്ഞെങ്കിലും ഇത് നടപ്പായില്ല. മുൻവർഷങ്ങളിൽ ഈ സമയത്ത് കെ.എസ്.ഇ.ബുയെ കൂടാതെ വിഴിഞ്ഞത്തെ ഇടവകയും മത്സ്യത്തൊഴിലാളികൾക്ക് വേണ്ട സഹായങ്ങളും തീരത്തേക്കുള്ള വെളിച്ചവും സജ്ജീകരിക്കും. എന്നാൽ ഇതുവരെ അതുണ്ടായില്ല. വരുന്ന സീസണിൽ തീരം സമൃദ്ധമാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ തൊഴിലാളികൾ.
ഇത്തവണ മഴ നേരത്തെ പെയ്താൽ സീസൺ ആരംഭിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. തങ്ങളുടെ വള്ളവും വലയും നന്നാക്കുന്നതിന്റെ തിരക്കിലാണ് തീരത്തെ തൊഴിലാളികൾ. ഏതാനും ദിവസങ്ങളായി കാണുന്ന മഴക്കാറും ഇനി വരാൻ പോകുന്ന ചാകരക്കാലത്തിന്റെ മുന്നറിയിപ്പായാണ് ഇവർ കാണുന്നത്. ട്രോളിംഗ് നിരോധനം തുടങ്ങുന്ന ചാകരക്കാലമാണ് വിഴിഞ്ഞത്തിന്റെ ഉത്സവകാലം. ചെറുകിട കച്ചവടക്കാർ തുടങ്ങി ഓട്ടോ തൊഴിലാളികൾക്ക് വരെ തൊഴിൽ കിട്ടുന്ന സമ്പന്നകാലം.സീസണിന്റെ ഭാഗമായി ദിവസവേതനത്തിൽ എടുക്കുന്ന ലൈഫ് ഗാർഡുമാരെ സീസൺ കഴിയുന്നതോടെ പിരിച്ചുവിടുകയാണ് പതിവെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. മത്സ്യതൊഴിലാളികളുടെ സുരക്ഷയും ക്രമസമാധാന നിയന്ത്രണത്തിനുമായി കൂടുതൽ പൊലീസിനെ ആവശ്യമുണ്ടെന്നും അധികൃതർ അറിയിച്ചു.