വെള്ളറട: ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകൾ മുൻപന്തിയിൽ നിൽക്കുന്നതിനാൽ വെള്ളറട കേന്ദ്രീകരിച്ച് കോടതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ ഇനിയും മുഖവിലയ്ക്കെടുത്തിട്ടില്ലെന്ന് പരാതിയുണ്ട്. സ്ത്രീധനപീഡനം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, അടിപിടി, ലഹരിമരുന്ന് വ്യാപാരം തുടങ്ങി വെള്ളറട, ആര്യങ്കോട് പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാത്ത ദിവസങ്ങളില്ല. എന്നാൽ കേസുകൾ ഏറെയുമെത്തുന്നത് കിലോമീറ്ററുകൾക്കപ്പുറമുള്ള നെയ്യാറ്റിൻകര കോടതിയിലാണ്. എന്നാൽ ഇവിടെ കേസുകൾ കെട്ടികിടക്കുന്നത് കാരണം യഥാസമയം വിധിപോലും വരാത്ത അവസ്ഥയാണ്. വർഷങ്ങളോളം നീണ്ടുപോകുന്നതു കാരണം വൻതുകയാണ് കേസിന്റെ നടത്തിപ്പിനുവേണ്ടി ബന്ധപ്പെട്ടവർക്ക് ചെലവഴിക്കേണ്ടി വരുന്നത്. ഏറ്റവും കൂടുതൽ കേസുകളുള്ള പ്രദേശമെന്ന നിലയിൽ നിയമവകുപ്പ് ഇടപെട്ട് വെള്ളറട ആസ്ഥാനമാക്കി ക്രിമിനൽ കോടതിയുടെയും സിവിൽ കോടതിയുടെയും ഒരു ബെഞ്ച് അനുവദിക്കണമെന്നാവശ്യപെട്ട് ഗ്രാമപഞ്ചായത്തും ലീഗൽ സർവീസ് സൊസൈറ്റിയും മുൻപ് നിവേദനങ്ങൾ നൽകിയിരുന്നു. നിയമവകുപ്പ് അടിയന്തരമായി നടപടി സ്വീകരിച്ചാൽ ആദിവാസി മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കും കുന്നത്തുകാൽ, ആര്യങ്കോട്, ഒറ്റശേഖരമംഗലം, അമ്പൂരി, പഞ്ചായത്തുകൾക്കും ഏറെ ഗുണകരമാകും. കേസുകളിൽ പെടുന്നവർ വർഷങ്ങളോളം കോടതി കയറിയിറങ്ങുന്ന അവസ്ഥയ്ക്കും പരിഹാരമാകുമായിരുന്നു. കൂടാതെ നിയമ വകുപ്പിന് നിയമനടപടികൾ കാര്യക്ഷമമായി കാലതാമസം കൂടാതെ നടപ്പിലാക്കാനും കഴിയും. കേസുകൾ കൂടുതലുള്ള പ്രദേശമെന്ന നിലയിൽ വെള്ളറടയിൽ കോടതി സ്ഥാപിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ ഇടപെടൽ ഉണ്ടായാൽ കേസുകൾ നീണ്ടുപോകുന്നതിന് പരിഹാരമാകുമെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.